മിസോറാം: ആണധികാരത്തിന് എതിരാകുമോ ജനവിധി?
മിസോറാമിലെ 40 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട തിരഞ്ഞെടുപ്പ് ഇന്ന് നടക്കുകയാണ്. 8.52 ലക്ഷം പേരാണ് സമ്മതിദാനം രേഖപ്പെടുത്തുക. 174 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. ആകെ വോട്ടർമാരിൽ 4,13,088 പുരുഷന്മാരും 4,39,028 സ്ത്രീകളുമാണുള്ളത്. ഇവർക്കായി 1276 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്.
ഭരണത്തിലുള്ള മിസോ നാഷണൽ ഫ്രണ്ട് ഭരണം നിലനിർത്താനുള്ള ശ്രമത്തിലാണ്. എന്നാൽ അപ്പുറത്ത് സോറാം പീപ്പിൾസ് മൂവ്മെന്റും കോൺഗ്രസും ബി ജെ പിയും ഭരണം പിടിക്കാനുള്ള ശ്രമത്തിലാണ്. കോൺഗ്രസ്സിനോ ബി ജെ പിക്കോ മുൻകൈ അവകാശപ്പെടാൻ സാധിക്കാത്ത മിസോറാമിൽ, മണിപ്പൂർ കലാപത്തിന്റെ പശ്ചാത്തലത്തിൽ ബി ജെ പിക്ക് എത്ര സീറ്റ് ലഭിക്കുമന്നത് ഒരു പ്രധാന ചോദ്യമാണ്. പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായി കണക്കാക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തിരഞ്ഞെടുപ്പിലെ ആദ്യ ലാപ്പിൽ മിസോറാമും ഛത്തിസ്ഗഢുമാണ് പോളിങ് ബൂത്തിലേക്ക് പോകുന്നത്.
അഞ്ച് പ്രധാന ഗോത്രങ്ങളും 11 ഉപവിഭാഗങ്ങളുമുള്ള പ്രദേശമാണ് മിസോറാം. ജനങ്ങളിൽ 80 ശതമാനം പേരും ക്രിസ്തുമതം പിന്തുടരുന്നവരാണ്. അതുകൊണ്ടുതന്നെ മണിപ്പൂർ വിഷയം എങ്ങനെ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നതാണ് ഏറെ പ്രധാനപ്പെട്ട വിഷയം. ദേശീയ പാർട്ടികൾക്ക് കാര്യമായ പ്രാധാന്യമോ പരിഗണനയോ മിസോറാമിലെ ജനങ്ങൾ നൽകിയിട്ടില്ലെന്നും ഇനി നല്കുകയില്ലെന്നുമുള്ളതിന്റെ പ്രധാന സൂചനയാണ് സെഡ് പി എം അഥവാ സോറം പീപ്പിൾസ് മൂവ്മെന്റിന്റെ ആവിർഭാവം. കോൺഗ്രസ്സും മിസോ നാഷണൽ ഫ്രണ്ടും തമ്മിൽ നടാന്നിരുന്ന മത്സരത്തിൽ മറ്റൊരു കക്ഷിക്ക് സ്ഥാനമില്ലെന്ന് അവസ്ഥയിലാണ് ഒന്നുമില്ലായ്മയിൽ നിന്നിറങ്ങി സെഡ് പി എം സ്വയം അടയാളപ്പെടുത്തുന്നത്. ഇപ്പോൾ മത്സരം എം എൻ എഫും സെഡ് പി എമ്മും തമ്മിലായി. ഈ രണ്ട് പ്രാദേശിക കക്ഷികൾക്കും പുറകിൽ മാത്രമേ പ്രധാന ദേശീയ കക്ഷികളായ കോൺഗ്രസ്സും ബി ജെ പിയും വരൂ.
ആണധികാരത്തിന് എതിരാകുമോ ഇത്തവണത്തെ ജനവിധി?
1987 ൽ സംസ്ഥാനം രൂപീകരിക്കപ്പെട്ടതുമുതൽ ഇന്നുവരെ മിസോറാം നിയമസഭയിൽ നാല് സ്ത്രീകൾ മാത്രമാണ് എംഎൽഎമാരായി വന്നിട്ടുള്ളത്. സാക്ഷരതയിൽ മിസോറാം രാജ്യത്ത് മൂന്നാം സ്ഥാനത്തതാണ് എന്നതുകൂടി കൂട്ടിവായിക്കുമ്പോൾ മാത്രമാണ് പ്രശ്നത്തിന്റെ രൂക്ഷത മനസിലാകുക. ഇത്തവണ മത്സരിക്കുന്ന 174 സ്ഥാനാർഥികളിൽ 16 സ്ത്രീകൾ മാത്രമാണുള്ളത്. ബി ജെ പിയിൽനിന്ന് മൂന്ന് പേരും എം എൻ എഫിൽനിന്നും സെഡ് പി എമ്മിൽനിന്നും, കോൺഗ്രസിൽനിന്നും രണ്ട് പേർ വീതവുമാണ് മത്സരിക്കുന്നത്. എന്തുകൊണ്ട് ദേശീയ പാർട്ടികൾ പോലും മിസോറാമിൽ സ്ത്രീകളെ മത്സരിപ്പിക്കാൻ ധൈര്യപ്പെടുന്നില്ല എന്നതൊരു പ്രധാനപ്പെട്ട ചോദ്യമാണ്. 2018ൽ മത്സരിച്ച എട്ട് സ്ത്രീകളിൽ ഒരാൾ പോലും വിജയിച്ചിട്ടില്ല എന്നതിൽ അതിനുള്ള ഉത്തരമുണ്ട്.
കഴിഞ്ഞ മാസം മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാളിൽ വലിയൊരു സമരം നടന്നു. ഒരു കോൺഗ്രസ് സ്ഥാനാർത്ഥിയുടെ യോഗ്യതയുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേധം. ല്യൂങ്ലെ സൗത്ത് മണ്ഡലത്തിൽനിന്ന് മത്സരിക്കുന്ന മെരിയം എന്ന സ്ത്രീയുടെ സ്ഥാനാര്ഥിത്വത്തെ ചോദ്യം ചെയ്യാനായിരുന്നു ആ ആൾക്കൂട്ടം. നിലനിൽക്കുന്ന എല്ലാ നിയമങ്ങളുടെയും അടിസ്ഥാനത്തിൽ മെരിയത്തിന് സ്ഥാനാർഥിത്വത്തിന് അർഹതയുണ്ട്. എന്നാൽ ഗോത്രത്തിന് പുറത്തുനിന്ന് ഒരാളെ വിവാഹം കഴിച്ചുവെന്ന പേരിൽ പട്ടികവർഗ വിഭാഗങ്ങൾക്ക് സംവരണം ചെയ്യപ്പെട്ട മണ്ഡലത്തിൽ മെറിയത്തിന് സ്ഥാനാർഥിയാകാൻ അർഹതയില്ലെന്ന് പറഞ്ഞായിരുന്നു സമരം. ഇത്തരത്തിൽ ഒരു സമരം നടന്ന മിസോറാമിൽ മൽസരത്തിനിറങ്ങുന്ന 16 വനിതാ സ്ഥാനാർത്ഥികളുടെ ഫലം പ്രധാനപ്പെട്ടതാണ്.
ബാരീൽ വാന്നേയ്സാങി ഐസ്വാൾ സൗത്ത് മണ്ഡലത്തിൽനിന്ന് മത്സരിക്കുന്ന സെഡ് പി എം സ്ഥാനാർത്ഥിയാണ്. മത്സരിക്കുന്ന 16 സ്ത്രീകളിൽ ഒരാൾ. 32 വയസുള്ള ബാരീൽ ടി വി അവതാരകയായിരുന്നു. പിന്നീട് രാഷ്ട്രീയത്തിലേക്ക് വന്നു. സ്ത്രീകൾ വീട്ടിൽ അടങ്ങിയിരിക്കണമെന്ന സാമ്പ്രദായിക ചിന്താഗതി കാരണമാണ് മിസോറാമിൽ ഒരു സ്ത്രീ പോലും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടാത്തതെന്നാണ് ബാരീൽ ഒരു വാർത്ത പോർട്ടലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. കല്യാണം കഴിക്കാത്ത ഒരു യുവതി കൂടിയായതുകൊണ്ട് തന്നെ ഗൗരവതരമായി പരിഗണിക്കാൻ പോലും ആളുകൾ തയ്യാറാകുന്നില്ല എന്നാണ് അവർ പറയുന്നത്.
മണിപ്പൂർ എങ്ങനെ ബാധിക്കും?
കുക്കികളുമായി അടുത്ത ബന്ധമുള്ള ജനസമൂഹമാണ് മിസോറം ജനത. അത് സ്വാതന്ത്ര്യത്തിനും മുമ്പേയുള്ളതാണ്. 12000 കുക്കികളാണ് മണിപ്പൂരിൽനിന്ന് മിസോറാമിലേക്ക് അഭയാർഥികളായെത്തിയത്. അവർക്ക് ശക്തമായ പിന്തുണയുമായി മിസോറാം മുഖ്യമന്ത്രി സോറംതാങ്ങ രംഗത്തെത്തിയിരുന്നു. മ്യാന്മറിൽനിന്നും മണിപ്പൂരിൽ നിന്നും അഭയാർഥികളായി എത്തിയവരുടെ കണക്കുകൾ എടുക്കണമെന്ന കേന്ദ്രസർക്കാരിന്റെ നിർദേശം അവഗണിച്ചാണ് ദേശീയതലത്തിൽ എൻഡിഎയുടെ ഭാഗമായ എം എൻ എഫിന്റെ മുഖ്യമന്ത്രി ഇങ്ങനെ ഒരു നിലപാട് സ്വീകരിച്ചിരിക്കുന്നത്.
മണിപ്പൂരിൽ മെയ്തികൾക്ക് സഹായം ചെയ്യുന്നത് അവിടത്തെ ബി ജെ പി സർക്കാരാണെന്ന ആരോപണം ശക്തമായി നിലനിൽക്കുന്ന സാഹചര്യത്തിൽ, ദേശീയതലത്തിൽ എൻ ഡി എ യുടെ ഭാഗമായി നിൽക്കുന്ന എം എൻ എഫിനെ അത് ബാധിക്കുമോയെന്നത് ഒരു ചോദ്യമാണ്. അത്തരമൊരു സാഹചര്യമുണ്ടായാൽ അതിൽ നേട്ടമുണ്ടാക്കാനാണ് സെഡ് പി എം ശ്രമിക്കുന്നത്.
ഒടുവിൽ പുറത്തുവന്ന എബിപി സി വോട്ടർ സർവേ പ്രകാരം കോൺഗ്രസും സംസ്ഥാനത്ത് ശക്തമായ സാന്നിധ്യമായി ഒപ്പത്തിനൊപ്പമുണ്ടാകും.