'കര്‍ണാടകയില്‍ ജെഡിഎസ് വെറും പ്രൈവറ്റ് ലിമിറ്റഡ് കമ്പനി'; വിമർശനവുമായി നരേന്ദ്ര മോദി

'കര്‍ണാടകയില്‍ ജെഡിഎസ് വെറും പ്രൈവറ്റ് ലിമിറ്റഡ് കമ്പനി'; വിമർശനവുമായി നരേന്ദ്ര മോദി

ജെഡിഎസിന്റെ സ്വാധീന മേഖലയിൽ പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി മോദിയുടെ തിരഞ്ഞെടുപ്പ് പര്യടനം. മൈസൂരുവിൽ ദസറയെ അനുസ്മരിപ്പിക്കുന്ന റോഡ് ഷോ
Updated on
2 min read

കര്‍ണാടകയില്‍ ജെഡിഎസിന്റെ സ്വാധീന മേഖലയില്‍ പാര്‍ട്ടിക്കും നേതാക്കള്‍ക്കുമെതിരെ കടന്നാക്രമണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. ഹാസന്‍, മൈസൂരു തുടങ്ങിയ മേഖലകളിലാണ് ഞായറാഴ്ച ബിജെപിയുടെ താര പ്രചാരകനായ മോദി എത്തിയത്. ജനതാ ദള്‍ എസ് വെറും പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണെന്ന് വിമര്‍ശിച്ച മോദി പാര്‍ട്ടി കോണ്‍ഗ്രസിന്റെ ബി ടീം ആണെന്നും ആരോപിച്ചു.

കോണ്‍ഗ്രസിനെ ഡല്‍ഹിയില്‍ നിന്നൊരു കുടുംബം നിയന്ത്രിക്കും പോലെ കര്‍ണാടകയില്‍ സ്വകാര്യ വത്കരിക്കപ്പെട്ട ഒരു കമ്പനിയാണ് ജെഡിഎസ്

"ജെഡിഎസ് ഒരു കുടുംബത്തിന്റെ മാത്രം പാർട്ടിയാണ്. കുടുംബാംഗങ്ങൾക്ക് മാത്രമേ അവിടെ വിലയുള്ളൂ. ബിജെപി സാധാരണക്കാരെ പോലും ഒരു കുടുംബം പോലെ ചേർത്ത് പിടിക്കുന്ന പാർട്ടിയാണ്. കോൺഗ്രസിനെ ഡൽഹിയിൽ നിന്നൊരു കുടുംബം നിയന്ത്രിക്കും പോലെ കർണാടകയിൽ സ്വകാര്യവത്കരിക്കപ്പെട്ട ഒരു കമ്പനിയാണ് ജെഡിഎസ്. ഇവർക്ക് വോട്ട് ചെയ്‌താൽ ആ കുടുംബം ശക്തിപ്പെടുമെന്നല്ലാതെ സാധാരണ ജനത്തിന് പ്രയോജനമൊന്നുമുണ്ടാവില്ല. ഇരുപാർട്ടികളുടെയും കുടുംബ വാഴ്ചയാണ് കർണാടകയിലെ രാഷ്ട്രീയ അസ്ഥിരതയ്ക്ക് കാരണം" -ജെഡിഎസ് ശക്തി കേന്ദ്രമായ ഹാസനിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് നരേന്ദ്ര മോദി പറഞ്ഞു.

തിരഞ്ഞെടുപ്പ് സമയത്ത് ശത്രുത കാണിക്കുകയും പിന്നീട് ഭരണം തട്ടിയെടുക്കാന്‍ ഒന്നാകുകയും ചെയ്യുന്ന ജെഡിഎസും കോണ്‍ഗ്രസും കര്‍ണാടകയുടെ വികസനം റിവേഴ്സ് ഗിയറില്‍ ഇടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വൈകിട്ട് മൈസൂരുവില്‍ ബിജെപിയുടെ റോഡ് ഷോയില്‍ മോദി പങ്കെടുത്തു. മൈസൂരു ദസറയുടെ ഭാഗമായി നടക്കാറുള്ള ഘോഷയാത്രക്ക് സമാനമായിരുന്നു മെഗാ റോഡ് ഷോ.

ഘോഷയാത്ര കടന്ന് പോകാറുള്ള മൈസൂർ കൊട്ടാരത്തിന് മുന്നിലെ രാജ വീഥിയിലൂടെ ആയിരുന്നു റോഡ് ഷോ കടന്ന് പോയത്. നാലര കിലോമീറ്ററോളം റോഡ് ഇതിനായി കെട്ടി അടച്ചിരുന്നു. നരേന്ദ്ര മോദിയുടെ കുട്ടിക്കാലം മുതലുള്ള ചിത്രങ്ങളും ഔദ്യോഗിക ജീവിതത്തിലെ പ്രധാന സംഭവങ്ങളും കോർത്തിണക്കിയ ചിത്രങ്ങളുമായായിരുന്നു പ്രാദേശിക ബിജെപി നേതൃത്വത്തിന്റെ സ്വീകരണം.

സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ദേശീയ നേതൃത്വത്തോട് ഇടഞ്ഞ കെ എസ് ഈശ്വരപ്പയും റോഡ് ഷോയിൽ നരേന്ദ്ര മോദിക്കൊപ്പം അണിനിരന്നു.

logo
The Fourth
www.thefourthnews.in