ദേശീയ പാർട്ടി അംഗീകാരം തിരിച്ചുപിടിക്കാൻ കർണാടകയിൽ മത്സരത്തിന് എൻസിപി; ഒന്‍പതിടത്ത് സ്ഥാനാർഥികൾ

ദേശീയ പാർട്ടി അംഗീകാരം തിരിച്ചുപിടിക്കാൻ കർണാടകയിൽ മത്സരത്തിന് എൻസിപി; ഒന്‍പതിടത്ത് സ്ഥാനാർഥികൾ

ശരദ് പവാർ ഉൾപ്പെടെ പാർട്ടിക്കായി 15 താരപ്രചാരകർ
Updated on
1 min read

ദേശീയ പാർട്ടി അംഗീകാരം തിരിച്ചു പിടിക്കാൻ കർണാടകയിൽ അവസാന നിമിഷം പോരാട്ടക്കളത്തിലേക്ക് ഇറങ്ങി എൻസിപി .
സംസ്ഥാനത്തെ ഒൻപത് മണ്ഡലങ്ങളിൽ  സ്ഥാനാർഥികളെ നിർത്തിയതായി എൻസിപി അറിയിച്ചു .

നാമനിർദേശ പത്രികാ സമർപ്പണവും സൂഷ്മ പരിശോധനയും കഴിഞ്ഞാണ് പാർട്ടി സ്ഥാനാർത്ഥികൾ ആരെന്ന് എൻസിപി വ്യക്തമാക്കിയത് .റാണിബെന്നൂർ  ,ഹഗിരി ബൊമ്മനഹള്ളി ,നർസിംഹ രാജ,വിരാജ് പേട്ട , യെൽബുർഗ ,നിപ്പണി ,നഗ്ത്താൻ ,ദേവർ ഹിപ്പർഗി , ബസ്വാൻ ബാഗേവാഡി എന്നീ മണ്ഡലങ്ങളിലാണ് പാർട്ടി സ്ഥാനാർത്ഥികൾ മാറ്റുരക്കുക . ഒൻപതു പേരിൽ ഒരാൾ വനിതയാണ് .

9 സ്ഥാനാർത്ഥികളുടെയും വിജയം ഉറപ്പാക്കാൻ ദേശീയ നേതാക്കളുടെ വൻ പട തന്നെ കർണാടകയിൽ എത്തുമെന്ന് എൻസിപി അറിയിച്ചു. എൻസിപി അധ്യക്ഷൻ ശരദ് പവാർ , ഉപാധ്യക്ഷൻ പ്രഫുൽ പട്ടേൽ ,സുപ്രിയ സുലെ എം. പി എന്നിവരടങ്ങുന്ന പതിനഞ്ചു അംഗ താരപ്രചാരക സംഘമാണ്  കർണാടകയിൽ വോട്ടഭ്യർത്ഥിക്കുക . 

റാണിബെന്നൂരിൽ മാത്രമാണ് എൻസിപിക്ക് ശക്തനായ സ്ഥാനാര്‍ഥിയുള്ളത് .  സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ബിജെപി വിട്ട സിറ്റിങ് എംഎൽഎ ആർ ശങ്കറിനാണ് ഇവിടെ എൻസിപി ടിക്കറ്റ് നൽകിയിരിക്കുന്നത് . 2018ൽ സ്വതന്ത്രനായി മത്സരിച്ച് ജയിച്ച ശങ്കർ ജെഡിഎസ് കോൺഗ്രസ് സഖ്യ സർക്കാരിന് പിന്തുണ നൽകിയിരുന്നു . സഖ്യ സർക്കാർ നിലം പൊത്തിയതോടെ ബിജെപി യിലേക്ക് പോയ ആർ ശങ്കർ കർണാടകയിൽ മന്ത്രിയായിരുന്നു . എൻ സി പി പ്രതീക്ഷയർപ്പിക്കാവുന്ന സീറ്റാണ് റാണിബെന്നൂരിലേത്.

logo
The Fourth
www.thefourthnews.in