രാഷ്ട്രീയത്തില്‍ വേരുറപ്പിക്കാനാവാതെ നിഖില്‍ കുമാരസ്വാമി; ജെഡിഎസിന്റെ ഉറച്ച കോട്ടയായ രാമനഗരിയിലും പരാജയം
കര്‍ണാടക വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ജെഡിഎസിന് തിരിച്ചടി. രാഷ്ട്രീയത്തില്‍ ക്ലച്ച് പിടിക്കാനാവാതെ മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവെഗൗഡയുടെ ചെറുമകന്‍ നിഖില്‍ കുമാരസ്വാമി വീണ്ടും പരാജയത്തിലേയ്ക്കടുക്കുന്നു. മുന്‍ പ്രധാനമന്ത്രിയുടെ കൊച്ചുമകന്‍, മുന്‍ മന്ത്രിയുടെ മകന്‍, ഈ ആനുകൂല്യങ്ങളൊക്കെ ഉണ്ടായിട്ടും കുടുംബം രാജവാഴ്ച നടത്തുന്ന രാമനഗരിയില്‍ പാര്‍ട്ടിയുടെ രാജകുമാരന്‍ പരാജയമേറ്റുവാങ്ങുകയാണ്.
രാമനഗര അസംബ്ലി മണ്ഡലത്തില്‍ നിന്നാണ് നിഖില്‍ കുമാര സ്വാമി മത്സരിച്ചത്. കോണ്‍ഗ്രസിന്റെ എച്ച് എ ഇക്ബാല്‍ ഹുസൈനാണ് എതിരാളി. രാമ നഗരിയില്‍ നിലവില്‍ എച്ച് എ ഹുസൈന്‍ 87,690 വോട്ട് നേടി മുന്നിലാണ് . 76975 വോട്ടാണ് നിഖില്‍ കുമാര സ്വാമി നേടിയത്. നിഖിലിന്റെ പിതാവ് എച്ച് ഡി കുമാരസ്വാമി 2018ല്‍ രാമനഗര മണ്ഡലത്തില്‍ നിന്ന് പരാജയപ്പെടുത്തിയ സ്ഥാനാര്‍ഥിയാണ് എച്ച് എ ഹുസൈന്‍. ഇന്ന് മകനെ തറപറ്റിച്ചതും അതേ ഹുസൈന്‍ തന്നെ. ഗൗതം ഗൗഡയാണ് ഇവിടെ ബിജെപി സ്ഥാനാർഥി.
അച്ഛന്‍ കുമാര സ്വാമിയും, അമ്മ അനിതാ കുമാര സ്വാമിയും വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച സുരക്ഷിത മണ്ഡലമാണ് നിയമ സഭയിലേയ്ക്കുളള കന്നിയങ്കത്തില്‍ നിഖില്‍ തിരഞ്ഞെടുത്തത് . പ്രചാരണ ഘട്ടത്തില്‍ ഉണ്ടായ സ്വീകാര്യത വോട്ടില്‍ ഉണ്ടായില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്. എക്സിറ്റ്പോള്‍ പ്രവചനങ്ങള്‍ക്ക് പിന്നാലെ കുമാരസ്വാമി കിങ് മേക്കര്‍ റോളിലേക്കെന്ന തരത്തില്‍ പ്രചാരണവും ശക്തമായിരുന്നു
2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാണ്ഡ്യയില്‍ നിഖില്‍ മത്സരിച്ചെങ്കിലും ബിജെപി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ സുമലത അംബരീഷിനോട് പരാജയപ്പെട്ടു. ഒന്നേകാല്‍ ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് അന്ന് നിഖില്‍ പരാജയപ്പെട്ടത്. അങ്ങനെ 2019ല്‍ നിഖിലിന്റെ രാഷ്ട്രീയ പ്രവേശനത്തിനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടിരുന്നു.