രാഷ്ട്രീയസമവാക്യങ്ങള്‍ മാറിമറിഞ്ഞ് കര്‍ണാടക; അവസാന ലാപ്പില്‍ ആര്‍ക്ക് മേല്‍ക്കൈ?

രാഷ്ട്രീയസമവാക്യങ്ങള്‍ മാറിമറിഞ്ഞ് കര്‍ണാടക; അവസാന ലാപ്പില്‍ ആര്‍ക്ക് മേല്‍ക്കൈ?

ബംഗളുരുവില്‍ ആധിപത്യമുറപ്പിക്കാന്‍ ബിജെപി ഇത്തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 36 കിലോമീറ്റര്‍ നീളുന്ന മെഗാ റോഡ് ഷോയാണ് സംഘടിപ്പിക്കുന്നത്
Updated on
3 min read

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനും സ്ഥാനാര്‍ഥി നിര്‍ണയത്തിനും ശേഷം രാഷ്ട്രീയസമവാക്യങ്ങള്‍ മാറിമറിഞ്ഞ കര്‍ണാടകയില്‍ അവസാന ലാപ്പില്‍ ആര്‍ക്കാണ് മേല്‍ക്കൈ? കര്‍ണാടകയിലെ ആറ് മേഖലകളിലെയും തിരഞ്ഞെടുപ്പ് സാഹചര്യമെന്താണ്? ഭരണവിരുദ്ധ വികാരം, അഴിമതി ആരോപണം, ലിംഗായത്ത് നേതാക്കളുടെ സീറ്റ് നിഷേധം, കൂറുമാറ്റം, മുസ്ലിം-പട്ടികജാതി സംവരണ പ്രശ്‌നം, ബജ്രംഗ് ദള്‍ നിരോധന പ്രഖ്യാപനം... വിഷയങ്ങള്‍ കൊണ്ട് സമ്പുഷ്ടമായിരുന്നു 40 ദിവസം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണകാലം.

ഭൂപ്രകൃതി അനുസരിച്ചു കര്‍ണാടകയെ ആറ് മേഖലകളാക്കി തിരിച്ചിട്ടുണ്ട്. ഓരോ മേഖലയിലും തിരഞ്ഞെടുപ്പ് ചിത്രം വ്യത്യസ്തമാണ്. അക്കാര്യം വിശദമായി പരിശോധിക്കാം.

ബെംഗളൂരു നഗരമേഖല

28 മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് ബെംഗളൂരു നഗരമേഖല. ബിജെപി-12 കോണ്‍ഗ്രസ്-14 ജെഡിഎസ്-2 എന്നിങ്ങനെയായിരുന്നു 2018ലെ സീറ്റ് നില. എന്നാല്‍ 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നഗരത്തിലെ മൂന്നു മണ്ഡലങ്ങളും ബിജെപിയെ തുണച്ചതാണ് ചരിത്രം.

വൊക്കലിഗ, ബ്രാഹ്‌മണര്‍, മുസ്ലിം, ലിംഗായത്ത്, കുറുബ വിഭാഗങ്ങളാണ് നഗരത്തിലെ വോട്ടു ബാങ്ക്. നഗരവാസികളെ ബാധിക്കുന്ന റോഡുകളുടെ ശോച്യാവസ്ഥ, മാലിന്യപ്രശ്‌നം തുടങ്ങിയവയാണ് പധാന തിരഞ്ഞെടുപ്പ് വിഷയമെങ്കിലും കര്‍ണാടകയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ചര്‍ച്ചയായതെല്ലാം വോട്ടര്‍മാരെ സ്വാധീനിക്കുന്ന മേഖല കൂടിയാണ് തലസ്ഥാന നഗരം.

രാഷ്ട്രീയസമവാക്യങ്ങള്‍ മാറിമറിഞ്ഞ് കര്‍ണാടക; അവസാന ലാപ്പില്‍ ആര്‍ക്ക് മേല്‍ക്കൈ?
'ഖാര്‍ഗെയെയും കുടുംബത്തെയും ഇല്ലാതാക്കാന്‍ ശ്രമം'; ബിജെപി സ്ഥാനാര്‍ഥിയുടെ ശബ്ദസന്ദേശം പുറത്തുവിട്ട് കോണ്‍ഗ്രസ്

ബെംഗളുരുവില്‍ ആധിപത്യമുറപ്പിക്കാന്‍ ബിജെപി ഇത്തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 36 കിലോമീറ്റര്‍ നീളുന്ന മെഗാ റോഡ് ഷോയാണ് സംഘടിപ്പിക്കുന്നത്. സിറ്റിങ് സീറ്റുകള്‍ കയ്യില്‍നിന്ന് പോകാതിരിക്കാന്‍ നിതാന്ത ജാഗ്രതയിലാണ് കോണ്‍ഗ്രസ്. ജെഡിഎസ്, ആം ആദ്മി പാര്‍ട്ടി, എസ് ഡി പി ഐ പാര്‍ട്ടികളും നഗരത്തില്‍ മാറ്റുരയ്ക്കുന്നുണ്ട്.

മൈസൂരു - കർണാടക

കര്‍ണാടക രാഷ്ട്രീയത്തിലെ ഒട്ടേറെ പ്രമുഖര്‍ ജനവിധി തേടുന്ന മേഖലയാണിത്. ബെംഗളൂരു റൂറലിലെ കനക്പുര മുതല്‍ മൈസൂരുവിലെ വരുണ വരെ ഈ മേഖലയില്‍ ഉള്‍പ്പെടും. കനക്പുരയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാറും ബിജെപിക്കായി ആര്‍ അശോകും ഏറ്റുമുട്ടുന്നു. ചന്നപട്ടണയില്‍ മുന്‍ മുഖ്യമന്ത്രി എച് ഡി കുമാരസ്വാമിയും രാമനഗരയില്‍ മകന്‍ നിഖില്‍ കുമാരസ്വാമിയും മൈസൂരുവില്‍ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും ബിജെപിക്കായി മന്ത്രി വി സോമണ്ണയും കളത്തിലുണ്ട്.

കോണ്‍ഗ്രസിനും ബിജെപിക്കും ജെഡിഎസിനും ഒരുപോലെ നിര്‍ണായകമാണ് ഈ മേഖല. ഇവിടത്തെ 59 മണ്ഡലങ്ങളില്‍ 29 എണ്ണം ജെഡിഎസിന്റെ കൈവശമാണ്. കോണ്‍ഗ്രസിന് 20 സീറ്റുകള്‍. എന്നാല്‍ ബിജെപിയാകട്ടെ മറ്റിടങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ 2018 ല്‍ വളരെ മോശം പ്രകടനം കാഴ്ചവച്ച മേഖലയാണ് മൈസൂരു. ഇവിടെനിന്ന് എട്ട് സീറ്റ് മാത്രമാണ് ബിജെപിക്ക് അന്ന് ലഭിച്ചത്.

രാഷ്ട്രീയസമവാക്യങ്ങള്‍ മാറിമറിഞ്ഞ് കര്‍ണാടക; അവസാന ലാപ്പില്‍ ആര്‍ക്ക് മേല്‍ക്കൈ?
തലസ്ഥാന നഗരം പിടിക്കാന്‍ ബിജെപി; മോദിയുടെ ദ്വിദിന മെഗാ റോഡ് ഷോ ബെംഗളൂരുവില്‍

മൈസൂരു മേഖലയില്‍ വേരൂന്നാന്‍ വിപുലമായ പദ്ധതികള്‍ തയാറാക്കിയാണ് തിരഞ്ഞെടുപ്പിന് രണ്ടു മാസം മുന്‍പേ ബിജെപിയെത്തിയത്. ഡബിള്‍ എന്‍ജിന്‍ സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമായി ബെംഗളൂരു - മൈസൂരു അതിവേഗ പാത ഉദ്ഘാടനം ചെയ്യപ്പെട്ടു. എന്നാല്‍ അപ്രതീക്ഷിത തിരിച്ചടിയാണ് ബിജെപിക്കു പ്രദേശത്തെ കര്‍ഷകരില്‍നിന്ന് നേരിടേണ്ടി വന്നത്. വേണ്ടത്ര അടിപ്പാതകളും സര്‍വീസ് റോഡുകളുമില്ലാതെ പാത പണികഴിപ്പിച്ചതും രാമനഗര, ചന്നപട്ടണ, മണ്ടിയ ഉള്‍പ്പടെയുള്ള പ്രധാന ഗ്രാമജില്ലകളെ ഒറ്റപ്പെടുത്തിയതും കര്‍ഷക പ്രതിഷേധം ക്ഷണിച്ചു വരുത്തി.

കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റേയും വോട്ട് ബാങ്കായ വൊക്കലിഗ ബെല്‍റ്റില്‍ അയോധ്യ മാതൃകയില്‍ രാമനഗരയില്‍ രാമക്ഷേത്രം പണിയുമെന്ന വാഗ്ദാനമാണ് ഇവിടെ ബിജെപി സമ്മതിദായകര്‍ക്കു നല്‍കുന്നത്. മണ്ടിയയില്‍ സ്വതന്ത്ര എം പി യായ സുമലതയെ ഇറക്കി കുറച്ച് വോട്ടുപിടിക്കാനും ബിജെപി ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇത്തവണയും ബിജെപിക്കു കാര്യമായ നേട്ടമുണ്ടാക്കാനാവില്ലെന്നാണ് വിലയിരുത്തല്‍

രാഷ്ട്രീയസമവാക്യങ്ങള്‍ മാറിമറിഞ്ഞ് കര്‍ണാടക; അവസാന ലാപ്പില്‍ ആര്‍ക്ക് മേല്‍ക്കൈ?
മണ്ഡലത്തിലെത്താന്‍ സമയമില്ലാതെ 'പറന്ന്' ശിവകുമാറും സിദ്ധരാമയ്യയും; വോട്ടഭ്യര്‍ഥിച്ച് കുടുംബാംഗങ്ങള്‍

മധ്യ കര്‍ണാടക

കര്‍ണാടകയിലെ പ്രബല സമുദായമായ ലിംഗായത്തുകളുടെ സ്വാധീന മേഖല. ബിജെപിയുടെ എക്കാലത്തെയും തകരാത്ത കാവിക്കോട്ടകളെല്ലാം ഇവിടെയാണ്. പാര്‍ട്ടി വളര്‍ത്താന്‍ ബി എസ് യെദ്യുരപ്പയും കെ എസ് ഈശ്വരപ്പയും കൊടിപിടിച്ചു നടന്ന ശിവമോഗയുള്ള മേഖല. മേഖലയിലെ 28 ല്‍ 23 മണ്ഡലങ്ങളും 2018 ല്‍ കാവിക്കൊടിക്കൊപ്പമാണ് നിന്നത്. അഞ്ച് സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് ഇവിടെനിന്ന് നേടാനായത്. ജെഡിഎസ് വട്ടപൂജ്യമായിരുന്നു.

യെദ്യുരപ്പയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തിയത് മുതല്‍ തീയും പുകയും ഉയര്‍ന്ന ലിംഗായത് ഭൂരിപക്ഷ ശിവമോഗ, ഈ ഭയം കൊണ്ടാണ് ബിജെപി നേതൃത്വം ആ വയോധികനെ ഇപ്പോഴും കൈവിടാതെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്നില്‍ നിര്‍ത്തുന്നത്. യെദ്യൂരപ്പ തിരഞ്ഞെടുപ്പ് രാഷ്ട്രീയം ഉപേക്ഷിച്ചതോടെ സിറ്റിങ് സീറ്റായ ശിക്കാരിപുരയില്‍ മകന് ടിക്കറ്റ് നല്‍കുന്നതില്‍ കര്‍ണാടക ബിജെപി ഘടകം ആദ്യം വൈമനസ്യം കാണിച്ചു. മറ്റൊരു മുതിര്‍ന്ന നേതാവായ കെ എസ് ഈശ്വരപ്പയെ നിര്‍ബന്ധിച്ച് തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിച്ചതും മേഖലയില്‍ ബിജെപിക്ക് തിരിച്ചടിയാണ്. ബിജെപി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പരീക്ഷിച്ചു വിജയിച്ച തലമുറ മാറ്റം സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലേ പാളിപ്പോയ മേഖലയാണിത്.

ശിവമോഗ വിമാനത്താവളം, ലിംഗായത് സംവരണം കൂട്ടല്‍ എന്നിവയാണ് മേഖലയില്‍ ബിജെപി ഗുണമാകുമെന്നു കരുതുന്നത്. ബിജെപിയുടെ ഉറച്ചകോട്ടയില്‍ വിള്ളല്‍ വീഴ്ത്താന്‍ പോന്ന ഉള്‍പ്പാര്‍ട്ടി പോര് പരമാവധി മുതലാക്കാനാണ് കോണ്‍ഗ്രസ് ശ്രമം.

രാഷ്ട്രീയസമവാക്യങ്ങള്‍ മാറിമറിഞ്ഞ് കര്‍ണാടക; അവസാന ലാപ്പില്‍ ആര്‍ക്ക് മേല്‍ക്കൈ?
കർണാടകയിൽ വോട്ടുറപ്പിക്കാൻ പാർട്ടികളുടെ വാഗ്ദാനപ്പെരുമഴ; ആരെ തുണയ്ക്കും?

മുംബൈ കര്‍ണാടക

മഹാരാഷ്ട്രയുമായി അതിര്‍ത്തി പങ്കിടുന്ന ആറ് ജില്ലകളിലെ 50 മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് മുംബൈ കര്‍ണാടക മേഖല. കോണ്‍ഗ്രസിനൊപ്പവും ബിജെപിക്കൊപ്പവും മാറിമാറി നില്‍ക്കുന്നതാണ് മുംബൈ കര്‍ണാടകയുടെ രീതി. 2018ല്‍ 30 സീറ്റ് ബിജെപിക്കും 17 സീറ്റ് കോണ്‍ഗ്രസിനും രണ്ട് സീറ്റുകള്‍ ജെഡിഎസിനും ഈ മേഖല നല്‍കി. ലിംഗായത്ത് സമുദായത്തിന്റെ ചായ്വ് ജയപരാജയങ്ങള്‍ നിശ്ചയിക്കുന്ന മേഖലയാണിത്.

ബിജെപിക്ക് സ്ഥാനാര്‍ഥി നിര്‍ണായത്തോടെ ഏറ്റവുമധികം പരുക്കേറ്റ അത്താനി, ഹുബ്ബള്ളി - ധാര്‍വാഡ് സെന്‍ട്രല്‍ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ബെലഗാവി, ധാര്‍വാഡ് ജില്ലകള്‍ ഉള്‍പ്പെടുന്ന പ്രദേശം. ലിംഗായത് സമുദായക്കാരായ മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറും മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സവദിയും സീറ്റ് നിഷേധത്തെത്തുടര്‍ന്ന് കാവിക്കൊടി ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നതാണ് ബിജെപിക്ക് ഏറ്റവും വലിയ തിരിച്ചടി. ഇത്തവണ മേഖല ബിജെപിക്കൊപ്പം നില്‍ക്കാനുള്ള സാധ്യത മങ്ങിയിട്ടുണ്ട്.

രാഷ്ട്രീയസമവാക്യങ്ങള്‍ മാറിമറിഞ്ഞ് കര്‍ണാടക; അവസാന ലാപ്പില്‍ ആര്‍ക്ക് മേല്‍ക്കൈ?
കർണാടകയിലെ 'കനൽത്തരി'യാകാൻ ബാഗേപള്ളി

ഹൈദരാബാദ് കര്‍ണാടക

തിരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കി കോണ്‍ഗ്രസിനൊപ്പം ഒട്ടിനില്‍ക്കുന്നതാണ് ഹൈദരാബാദ് കര്‍ണാടക മേഖലയുടെ രീതി. ആകെയുള്ള 40 സീറ്റില്‍ 21 എണ്ണം കൈപ്പത്തിക്കൊപ്പവും 15 എണ്ണം ബിജെപിക്കൊപ്പം നാലെണ്ണം ജെഡിഎസിനൊപ്പവുമാണ് 2018ല്‍ അണിനിരന്നത്.

'സംവരണ കൗശലം ' ബിജെപിക്ക് ഏറ്റവും അധികം തിരിച്ചടിയാകാന്‍ പോകുന്ന ഈ മേഖല ദളിത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സ്വാധീനമുള്ളതാണ്. ഇവിടെ സ്വാധീനമുള്ള പട്ടികജാതി വിഭാഗമായ വാല്‍മീകി നായക് സമുദായത്തിന്റെ സംവരണം ഉയര്‍ത്തി ആ വിഭാഗത്തെ ബിജെപി കൂടെ നിര്‍ത്തിയിട്ടുണ്ട്.

കോണ്‍ഗ്രസ് അധ്യക്ഷനും ദളിത് വിഭാഗത്തിന്റെ പ്രതിനിധിയുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നാടായ കല്‍ബുര്‍ഗി ഉള്‍പ്പെടുന്നതാണ് ഹൈദരാബാദ് കര്‍ണാടക. പാര്‍ട്ടിയില്‍ നിന്നകന്ന ദളിത് വിഭാഗത്തെ ഒപ്പം കൂട്ടാന്‍ കോണ്‍ഗ്രസിന്റെ തുറുപ്പു ചീട്ട് ഖാര്‍ഗെയാണ്.

തീരദേശ കര്‍ണാടക

സംഘപരിവാറിന്റെ ഹിന്ദുത്വ അജന്‍ഡയുടെ കര്‍ണാടകയിലെ ഏറ്റവും വലിയ പരീക്ഷണശാലയായ ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ ജില്ലകള്‍ ഉള്‍പ്പെടുന്ന പ്രദേശം. ഹിജാബ്, ഹലാല്‍, ഗോവധം, ലൗ ജിഹാദ്, മതപരിവര്‍ത്തനം തുടങ്ങിയ വിഷയങ്ങള്‍ ഏറ്റവുമധികം വര്‍ഗീയ ധ്രുവീകരണമുണ്ടാക്കിയ പ്രദേശം. ബിജെപി ഭൂരിപക്ഷ വിഭാഗത്തിലും കോണ്‍ഗ്രസ് ന്യൂനപക്ഷ വിഭാഗത്തിലും പ്രതീക്ഷയര്‍പ്പിച്ചു പൊരുതുന്ന ഇടം.

ഹിജാബ് നിരോധനവും ഹലാല്‍ ബഹിഷ്‌കരണവും ഉള്‍പ്പടെയുള്ള ഒന്നും തന്നെ നിലവില്‍ ചര്‍ച്ചയാകുന്നേയില്ല തിരഞ്ഞെടുപ്പില്‍ ഇവിടെ. വികസനം പറഞ്ഞ് വോട്ട് പിടിക്കുകയാണ് ബിജെപി. പ്രദേശത്തു മത്സരചിത്രത്തില്‍ ഇടയ്ക്കു കയറിയ എസ്ഡിപിഐ മാത്രമാണ് ഈ വിഷയങ്ങള്‍ തിരഞ്ഞെടുപ്പില്‍ സംസാരിക്കുന്നത്. അധികാരത്തിലെത്തിയാല്‍ ബജ്രംഗ് ദളിനെ നിരോധിക്കുമെന്ന കോണ്‍ഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനമാണ് അടുത്തിടെ പ്രദേശത്തെ ഇളക്കിയ തിരഞ്ഞെടുപ്പ് വിഷയം.

ആകെയുള്ള 19 സീറ്റില്‍ 2018ല്‍ കാവിക്കൊടി പുതച്ചത് 16 മണ്ഡലങ്ങളാണ്. മൂന്നെണ്ണം കോണ്‍ഗ്രസിന് കിട്ടി. ജെഡിഎസിന് പ്രതീക്ഷയ്ക്ക് വകയില്ല.

logo
The Fourth
www.thefourthnews.in