ആർക്കൊപ്പമെന്ന് തീരുമാനമായില്ലെന്ന് ജെഡിഎസ്; ബിജെപിയും കോൺഗ്രസും കണക്കെന്ന് അധ്യക്ഷൻ സി എം ഇബ്രാഹിം

കർണാടക പിടിക്കാൻ പണം മുഖ്യം; പാർട്ടിക്ക് അത്രയും പണമില്ലെന്ന് സംസ്ഥാന അധ്യക്ഷൻ

കർണാടകയിൽ വീണ്ടും ജനവിധി തൂക്കു സഭയാകുമെന്നാണ് പ്രവചനങ്ങൾ. കോൺഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്നാണ് മിക്ക എക്സിറ്റ് പോൾ ഫലങ്ങളും നൽകുന്ന സൂചന. ചില എക്സിറ്റ് പോളുകൾ ബിജെപി ഒറ്റകക്ഷി ആകുമെന്നും പ്രവചിക്കുന്നുണ്ട്. ശനിയാഴ്ചത്തെ തിരഞ്ഞെടുപ്പ് ഫലം തൂക്കുസഭയെങ്കിൽ സർക്കാർ രൂപീകരണത്തിന് നിർണായകമാകും ജെഡിഎസിന്റെ പിന്തുണ. ജെഡിഎസ് ആർക്കൊപ്പം ചായും? നയം വ്യക്തമാക്കുകയാണ് പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനും മലയാളിയുമായ സി എം ഇബ്രാഹിം.

കർണാടക നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തു വന്ന എക്സിറ്റ് പോളുകളെല്ലാം പണം നൽകി ചെയ്തവയാണ്. അത് കണ്ട് ആർക്കൊപ്പം പോകണമെന്ന് തീരുമാനമെടുക്കാൻ ജെഡിഎസ് ഇല്ല. അന്തിമ ഫലം വരുന്നത് വരെ കാത്തിരിക്കുകയാണെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ സി എം ഇബ്രാഹിം പറഞ്ഞു.

ബിജെപിയെ പിന്തുണച്ചാലും കോൺഗ്രസിനെ പിന്തുണച്ചാലും ഫലം ഒരുപോലെയാണ്. ജെഡിഎസിനെ സംബന്ധിച്ചിടത്തോളം രണ്ടുകൂട്ടരും കണക്കാണ്, ഹിന്ദുത്വവാദികളാണ് രണ്ട് പാർട്ടികളും ഒന്ന് മൃദു ഹിന്ദുത്വമാണെന്ന് മാത്രം അദ്ദേഹം വിശദീകരിച്ചു.

"കേരളത്തിലെ പോലെയല്ല കർണാടകയിൽ കാര്യങ്ങൾ, പണമാണ് ഇവിടെ മുഖ്യം. കർണാടക പിടിക്കണമെങ്കിൽ പണം വേണം, ഒരു വോട്ടിന് 3000 മുതൽ 4000 രൂപ വരെ നൽകിയാണ് അധികാരം പിടിക്കുന്നത്, ബിജെപിയും കോൺഗ്രസും അത് ചെയ്തിട്ടുണ്ട്"  സി എം ഇബ്രാഹിം ആരോപിച്ചു.

ജെഡിഎസ് ഇത്തവണ ഒന്നുമില്ലാതെയാണ് തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയത്. പാർട്ടിയുടെ 'പഞ്ചരത്ന യാത്ര' (ജനസമ്പർക്ക പരിപാടി) കർണാടകയിലുടനീളം സഞ്ചരിച്ച് കന്നഡിഗരുടെ പ്രശ്നങ്ങൾ കേട്ടു. പാർട്ടിക്ക് കയ്യിൽ പണമില്ല, അതുകൊണ്ട് ജെഡിഎസ് ജയിച്ചാലും തോറ്റാലും പണം നഷ്ടമാകാനില്ല. പാർട്ടിയുടെ ജയവും തോൽവിയും മുഴുവൻ കന്നഡിഗരുടെയും ജയവും തോൽവിയുമാണെന്നും ജെഡിഎസ് അധ്യക്ഷൻ പറഞ്ഞു.

2018ലേതിനേക്കാൾ സീറ്റുകൾ ഇത്തവണ ജെഡിഎസ് നേടും. കൂട്ടുകക്ഷി സർക്കാർ വേണ്ടെന്നു വച്ച് എംഎൽഎമാരെ ചാക്കിട്ടു പിടിക്കാനാണ് ശ്രമമെങ്കിൽ ജെഡിഎസിൽ  നിന്ന് ആരെയും കിട്ടില്ലെന്നും സി എം ഇബ്രാഹിം വ്യക്തമാക്കി. കർണാടക നിയമസഭയുടെ ഉപരിസഭാധ്യക്ഷ സ്ഥാനം നിഷേധിച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷമായിരുന്നു കോൺഗ്രസ് വിട്ട് സി എം ഇബ്രാഹിം ജെഡിഎസിലെത്തിയത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in