ബിജെപിയെ 40 സീറ്റിൽ ഒതുക്കണം; കന്നഡിഗരോട് രാഹുൽ ഗാന്ധി, അധികാര തുടർച്ച ഉറപ്പെന്ന് അമിത് ഷാ

ബിജെപിയെ 40 സീറ്റിൽ ഒതുക്കണം; കന്നഡിഗരോട് രാഹുൽ ഗാന്ധി, അധികാര തുടർച്ച ഉറപ്പെന്ന് അമിത് ഷാ

കർണാടകയിൽ പൊടിപാറി ദേശീയ നേതാക്കളുടെ പ്രചാരണം
Updated on
2 min read

കർണാടകയിലെ വോട്ടർമാർ 40 സീറ്റിൽ അധികം ബിജെപിക്ക് നൽകരുതെന്ന അഭ്യർത്ഥനയുമായി രാഹുൽ ഗാന്ധി. ബെലഗാവിയിലെ ഹംങ്കലിൽ കോൺഗ്രസ് സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ''ബിജെപിക്ക് അധികം സീറ്റുകൾ ലഭിച്ചാൽ ജനാധിപത്യത്തെ അട്ടിമറിക്കും. അവർക്ക് ഏറ്റവും ഇഷ്ടം 40 എന്ന സംഖ്യയാണ്. അവർ 40 ശതമാനം കമ്മീഷൻ പറ്റുന്ന ആളുകളാണ്. അതുകൊണ്ട് തിരഞ്ഞെടുപ്പിൽ 40 സീറ്റുകൾ നൽകിയാൽ വലിയ ഇഷ്ടമാകും'' -രാഹുൽ ഗാന്ധി പറഞ്ഞു.

'' മുതിർന്ന നേതാവ് ജഗദീഷ് ഷെട്ടാറിനെ ബിജെപി ഒഴിവാക്കിയത് കമ്മീഷൻ വ്യവസ്ഥ അംഗീകരിക്കാതെ ജനങ്ങൾക്കൊപ്പം  നിന്നതിനാണ്. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും വിറ്റ് പണമെല്ലാം ഒന്നോ രണ്ടോ കോടീശ്വരന്മാരുടെ കൈകളിലെത്തിക്കുകയാണ് കേന്ദ്ര സർക്കാർ. കുത്തകകൾക്ക് വേണ്ടിയല്ല സാധാരണക്കാർക്കായി നിലകൊള്ളുന്ന സർക്കാർ രൂപീകരിക്കാൻ കന്നഡിഗർ 150 സീറ്റുകൾ നൽകി കോൺഗ്രസിനെ അനുഗ്രഹിക്കണം'' - രാഹുൽ ഗാന്ധി അഭ്യർത്ഥിച്ചു. ബെലഗാവി രാംദുർഗയിൽ കരിമ്പ് കർഷകരുമായും ജില്ലയിലെ യുവജനങ്ങളുമായും രാഹുൽ സംവദിച്ചു.

മൂന്നു ദിവസത്തെ തിരഞ്ഞെടുപ്പ് പര്യടനത്തിനെത്തിയ അമിത് ഷാ തിങ്കളാഴ്ച രാവിലെ മൈസൂരുവിലെ ചാമുണ്ഡേശ്വരി ക്ഷേത്രം സന്ദർശിച്ചു. ഹാസനിൽ നടന്ന റോഡ് ഷോയിലും അദ്ദേഹം പങ്കെടുത്തു. '' കോൺഗ്രസ് ജാതി രാഷ്ട്രീയം പറഞ്ഞാണ് വോട്ടു ചോദിക്കുന്നത്, മുസ്ലിങ്ങളുടെ ഒബിസി സംവരണം പുനഃസ്ഥാപിക്കുമെന്ന് പറഞ്ഞാണ് വോട്ടുപിടിത്തം. ആരുടെ സംവരണം വെട്ടിയാണ് കോൺഗ്രസ് മുസ്ലിം സംവരണം പുനഃസ്ഥാപിക്കാൻ പോകുന്നത്'' - അമിത് ഷാ ഹാസനിൽ ചോദിച്ചു. കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് ഗിമ്മിക്കുകൾ കർണാടകയിൽ വിലപ്പോവില്ലെന്നും ഭൂരിപക്ഷം നേടി ബിജെപി ഭരണ തുടർച്ച നേടുമെന്നും അമിത് ഷാ പറഞ്ഞു.

ബിജെപിയെ 40 സീറ്റിൽ ഒതുക്കണം; കന്നഡിഗരോട് രാഹുൽ ഗാന്ധി, അധികാര തുടർച്ച ഉറപ്പെന്ന് അമിത് ഷാ
കർണാടകയിൽ ലോകായുക്ത റെയ്ഡിൽ പിടിച്ചെടുത്തത് കോടികൾ; അഴിമതിക്ക് ഇതാ തെളിവെന്ന് ബൊമ്മെയോട് കോൺഗ്രസ്

അമിത് ഷായ്ക്ക് പുറമെ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയും കർണാടകയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിലാണ്. ലിംഗായത്ത് മഠങ്ങൾ സന്ദർശിക്കുന്നതിനാണ് നദ്ദ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ബിജെപിയുടെ താര പ്രചാരകരായി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പടെ വൈകാതെ എത്തും. പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന റോഡ് ഷോ ബംഗളുരുവിൽ 29 ന് നടക്കും. കൊട്ടിക്കലാശത്തിന് തൊട്ടു മുൻപേ പ്രധാനമന്ത്രി കർണാടക വിടൂ. കോൺഗ്രസിനായി പ്രിയങ്ക ഗാന്ധി ചൊവ്വാഴ്ച കർണാടകയിൽ എത്തും , പൊതു സമ്മേളനം, റാലി, റോഡ് ഷോ എന്നിവയാണ് പ്രിയങ്കയുടെ യാത്രാ പട്ടികയിലുള്ളത് .

logo
The Fourth
www.thefourthnews.in