കർണാടക മന്ത്രിസഭാ വികസനം നാളെ; 24 പേർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും

കർണാടക മന്ത്രിസഭാ വികസനം നാളെ; 24 പേർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും

വനിതാപ്രാതിനിധ്യം ഒന്ന് മാത്രം, മന്ത്രിസഭാ വികസനം പൂർത്തിയായി
Updated on
2 min read

കർണാടകയിലെ സിദ്ധരാമയ്യ സർക്കാരിന്റെ മന്ത്രിസഭയിലേക്കുള്ള 24 അംഗങ്ങൾ നാളെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. ജാതി- സമുദായ - മേഖലാ സന്തുലനം പാലിച്ചാണ് മന്ത്രിമാരെ തിരഞ്ഞെടുത്തത്. ഇതിനായി രണ്ടു ദിവസമായി ഡൽഹിയിൽ ഹൈക്കമാൻഡ് നേതാക്കളുമായി മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും കൂടിക്കാഴ്ച നടത്തുകയായിരുന്നു.

മന്ത്രിമാർ നാളെ രാവിലെ 11: 45ന് രാജ്ഭവനിൽ ഗവർണർ താവർ ചന്ദ് ഗെഹ്‌ലോട്ട് മുൻപാകെ സത്യവാചകം ഏറ്റുചൊല്ലും. വനിതാ പ്രാതിനിധ്യം ഏറ്റവും കുറഞ്ഞ മന്ത്രിസഭയായി മാറുകയാണ് സിദ്ധരാമയ്യ മന്ത്രിസഭ. മഹിളാ കോൺഗ്രസ് അധ്യക്ഷ ലക്ഷ്മി ഹെബ്ബാൾക്കറിന് മാത്രമാണ് വനിതകളിൽ നിന്ന് ഇത്തവണ മന്ത്രി സ്ഥാനം ലഭിച്ചത്. നേരത്തെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ചുമതലയേൽക്കുമ്പോൾ 8 മന്ത്രിമാർ  സത്യപ്രതിജ്ഞ ചെയ്തിരുന്നു. കർണാടകയിലാകെ 34 മന്ത്രി പദവികളാണുള്ളത്. നാളെ 24 പേർ കൂടി ചുമതലയേൽക്കുന്നതോടെ മന്ത്രിസഭ വികസനം പൂർത്തിയാകും.

ലക്ഷ്മി ഹെബ്ബാൾക്കർ
ലക്ഷ്മി ഹെബ്ബാൾക്കർ

വൊക്കലിഗ വിഭാഗത്തിൽ നിന്ന് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറടക്കം അഞ്ച് പേർക്കാണ് മന്ത്രിസ്ഥാനം

സാമൂഹിക നീതി ഉറപ്പാക്കിയാണ് മന്ത്രിസഭ വികസനമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ജാതി, മതം, പ്രാദേശിക - മേഖലാ പ്രാതിനിധ്യം, മുതിർന്ന നേതാക്കൾക്കും പുതു മുഖങ്ങൾക്കും പരിഗണന തുടങ്ങിയവ മാനദണ്ഡമാക്കിയാണ് തിരഞ്ഞെടുപ്പ്. കർണാടകയിലെ പ്രബല സമുദായമായ  ലിംഗായത്ത് സമുദായത്തിന് ആകെ എട്ട് മന്ത്രിസ്ഥാനങ്ങൾ ലഭിച്ചു. ഈ സമുദായത്തിലെ എല്ലാ ഉപവിഭാഗങ്ങളെയും പരിഗണിച്ചിട്ടുണ്ട്. വൊക്കലിഗ വിഭാഗത്തിൽ നിന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറടക്കം അഞ്ച് പേർക്കാണ് മന്ത്രി സ്ഥാനം.

കർണാടക മന്ത്രിസഭാ വികസനം നാളെ; 24 പേർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും
'പ്രതീക്ഷയ്ക്കൊത്ത് ഉയരാനായില്ല'; തോല്‍വി സമ്മതിച്ച് ബസവരാജ് ബൊമ്മെ

പട്ടികജാതി വിഭാഗത്തിൽ നിന്ന് അഞ്ച് പേരും പട്ടിക വർഗ വിഭാഗത്തിൽ നിന്ന് നാല് പേരും മന്ത്രിമാരാകും. ഒബിസി വിഭാഗത്തിൽ നിന്ന് സിദ്ധരാമയ്യ ഉൾപ്പെടെ മൂന്ന് പേർക്കും മുസ്ലിം സമുദായത്തിൽ നിന്ന് രണ്ട് പേർക്കും ക്രിസ്ത്യൻ മതത്തിൽ നിന്ന് ഒരാൾക്കും മന്ത്രിസഭയിൽ പ്രാതിനിധ്യമുണ്ട്. കിട്ടൂർ കർണാടക, കല്യാണ കർണാടക മേഖലകൾക്ക് ഇത്തവണ കൂടുതൽ പ്രാതിനിധ്യം ലഭിച്ചു. മുൻ ബിജെപി സർക്കാർ അവഗണിച്ച മിക്ക വിഭാഗങ്ങളെയും പരിഗണിച്ചാണ് മന്ത്രിമാരുടെ പട്ടിക പുറത്തിറക്കിയിരിക്കുന്നത്. അതേസമയം മന്ത്രിപദ മോഹികളായ മലയാളിയായ എൻ എ ഹാരിസ്, ബി കെ ഹരിപ്രസാദ് എന്നിവർ പട്ടികയിൽ നിന്ന് പുറത്തായി എന്നത് ശ്രദ്ധേയമാണ്.

logo
The Fourth
www.thefourthnews.in