കോൺഗ്രസ് അടയ്ക്കുമോ കാവിക്കോട്ടയുടെ തെക്കേ നട?
40 ദിവസം നീണ്ട പ്രചാരണം അവസാനിക്കുമ്പോൾ ആർക്കാണ് കന്നഡ നാടിന്റെ തിരഞ്ഞെടുപ്പ് ഗോദയിൽ മുൻതൂക്കം. മിക്ക അഭിപ്രായ സർവേകളും ഭരണത്തുടർച്ചയ്ക്കുള്ള സാധ്യത തള്ളി കോൺഗ്രസ് അധികാരം പിടിക്കുമെന്നാണ് പ്രവചിക്കുന്നത്. തിരഞ്ഞെടുപ്പ് അവസാന ലാപ്പിലെത്തുമ്പോൾ കോൺഗ്രസ് മേൽക്കൈ നേടിയെന്നാണ് കന്നഡ മണ്ണിലെ തിരഞ്ഞെടുപ്പ് പോര് നിരീക്ഷിക്കുന്നവരുടെ പക്ഷം. എന്തൊക്കെയാണ് കോൺഗ്രസിന് അനുകൂലമായി കണക്കാക്കപ്പെടുന്ന ഘടകങ്ങൾ?
ബിജെപിയിലെ ഉൾപ്പോര്, സമുദായ പ്രതിനിധികളായ മുതിർന്ന നേതാക്കൾക്ക് സീറ്റ് നിഷേധിച്ചതോടെ ലിംഗായത്തുകൾ അകന്നത്, ഭരണവിരുദ്ധ വികാരം, അഴിമതി ആരോപണം തുടങ്ങി ബിജെപിക്ക് തിരഞ്ഞെടുപ്പിൽ തിരിച്ചടിയായ വിഷയങ്ങളെല്ലാം കോൺഗ്രസിന് നേട്ടമാകുകയാണ്. മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിന്റെയും മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവദിയുടെയും ബിജെപി പടിയിറക്കം കോൺഗ്രസ് ശരിക്കും മുതലാക്കി.
കാവികോട്ടകളിൽ വിള്ളൽ വീഴ്ത്താൻ മെനഞ്ഞ തന്ത്രങ്ങൾ വിജയം കാണുമെന്നാണ് വിലയിരുത്തൽ. ലിംഗായത്തുകൾ 30 വർഷത്തിനുശേഷം കോൺഗ്രസിനോട് അടുക്കുന്നുവംന്നതാണ് ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഏറ്റവും വലിയ നേട്ടം. ലിംഗായത്തുകൾ കോൺഗ്രസിലേക്ക് ചായുന്നതോടെ സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങൾ മാറുകയാണ്.
തൂക്കുസഭകളുടെ സ്വന്തം നാടായ കർണാടക കൂടുതൽ തവണ ഭരിച്ചത് കൂട്ടുകക്ഷി സർക്കാരുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ട 113 എന്ന മാന്ത്രിക സംഖ്യ കടക്കുമോ കോൺഗ്രസ്? അതോ കേവല ഭൂരിപക്ഷമില്ലാതെ ഒറ്റകക്ഷി ആകുമോ?ഓപ്പറേഷൻ കമലയ്ക്ക് ബിജെപി സാധ്യത തിരയുമോ? വിധിയെഴുത്തിന് 5 കോടി 21 ലക്ഷം സമ്മതിദായകർ തയ്യാറെടുക്കുകയാണ് കർണാടകയിൽ. മെയ് 10ന് വോട്ടെടുപ്പും മെയ് 13ന് വോട്ടെണ്ണലും നടക്കും.