'അവർ സർവെയിൽ ജയിക്കുമ്പോൾ ഞങ്ങൾ കളത്തിൽ മുന്നിലെത്തും, ഷെട്ടാറും സവദിയും ബിജെപി വിട്ടത് ടിക്കറ്റ് മോഹിച്ച്' : അമിത് ഷാ
ജഗദീഷ് ഷെട്ടാറിന്റെയും ലക്ഷ്മണ്‍ സവദിയുടെയും പാർട്ടി വിടൽ, കർണാകട തിരഞ്ഞെടുപ്പില്‍ ബിജെപിയെ പ്രതികൂലമായി ബാധിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ഇരുവരുടെയും പടിയിറക്കം ലിംഗായത്ത് വോട്ടുകളെ ബിജെപിയിൽ നിന്ന് അകറ്റില്ലെന്നും ഭരണത്തുടർച്ച നൽകാൻ മടിക്കുന്ന കർണാടകയിൽ ആ ചരിത്രം ഇത്തരവണ തിരുത്തപ്പെടുമെന്നും അമിത്ഷാ പറഞ്ഞു. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അമിത് ഷായുടെ പ്രതികരണം.
ബിജെപി നിലപാട് എടുക്കുന്ന പാര്‍ട്ടിയായതിനാലാണ് ജഗദീഷ് ഷെട്ടാറിന്റെയും ലക്ഷമണ്‍ സവാദിയുടെയും പടിയിറക്കം
അമിത് ഷാ
'അവർ പോയത് സ്ഥാനാർഥിയാക്കാത്തതിനാൽ'
ജഗദീഷ് ഷെട്ടാറിനും ലക്ഷ്മൺ സവദിക്കും ടിക്കറ്റ് നൽകാത്ത തീരുമാനത്തെ അമിത് ഷാ ന്യായീകരിച്ചു. സവദി എംഎൽസിയാണ്. 2028 വരെയാണ് കാലാവധി. ഇപ്പോൾ തിരഞ്ഞെടുക്കപ്പെടുന്ന നിയമസഭയുടെയും കാലാവധി 028 വരെയാണ്. പിന്നെന്തിന് അദ്ദേഹം മത്സരിക്കണമെന്നും മറ്റൊരാളുടെ അവസരം കളയണമെന്നും അമിത്ഷാ ചോദിച്ചു.
മുതിര്‍ന്ന നേതാവായതിനാൽ ബസവരാജ് ബൊമ്മ മന്ത്രിസഭയില്‍ അംഗമാവില്ലെന്ന നിലപാടിലായിരുന്നു കഴിഞ്ഞ തവണ ഷെട്ടാർ. വെറും എംഎൽഎയായി അദ്ദേഹം എന്ത് ചെയ്യാനാണ്? ആറ് തവണ അദ്ദേഹം മത്സരിച്ചു ഇനി പുതിയ ആളുകള്‍ക്ക് അവസരം നല്‍കണം - അമിത് ഷാ പറഞ്ഞു.
ബിജെപി നിലപാട് എടുക്കുന്ന പാര്‍ട്ടിയായതിനാലാണ് ജഗദീഷ് ഷെട്ടാറും ലക്ഷ്മണ്‍ സവദിയും പാർട്ടി വിട്ടതെന്നും ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം നല്‍കിയിരുന്നെങ്കില്‍ ഇരുവരും പാര്‍ട്ടി വിട്ടു പോകില്ലായിരുന്നുവെന്നും അമിത്ഷാ പറഞ്ഞു. യെദ്യൂരപ്പയെ ആരും മാറ്റി നിര്‍ത്തിയിട്ടില്ലെന്നും. പാര്‍ട്ടിയില്‍ ഒരു വ്യവസ്ഥയുണ്ടെന്നും മത്സരിക്കാനുള്ള പ്രായ പരിധി കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം തന്നെ പിന്മാറിയതാണെന്നും അമിത് ഷാ പറഞ്ഞു. മുൻ തിരഞ്ഞെടുപ്പുകളിലും പുതുമുഖങ്ങൾക്ക് ബിജെപി അവസരം നൽകിയിരുന്നെന്നും. 30 ശതമാനം സ്ഥാർഥികളും പുതുമുഖങ്ങളയിരുന്നെന്ന് പരിശോധിച്ചാൽ മനസിലാകുമെന്നും അമിത് ഷാ വ്യക്തമാക്കി.
എല്ലാ ഘട്ടത്തിലും സര്‍വേകള്‍ ഞങ്ങള്‍ക്ക് പ്രതികൂലമായാണ് വരാറുള്ളത് എന്നാല്‍ ആഴത്തിലുള്ള പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് വിജയം കൊണ്ടുവരാറുണ്ട്. അമിത് ഷാ പറഞ്ഞു
'ലിംഗായത്തുകൾ ബിജെപിക്കൊപ്പം'
പ്രമുഖ ലിംഗായത്ത് നേതാക്കളായ ഷെട്ടാറിന്‌റെയും സവദിയുടെയും കൊഴിഞ്ഞ് പോക്ക് ഒരു ചലനവം സൃഷ്ടിക്കില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി. ഇരുവരെയും വലിയ ഭൂരിപക്ഷത്തിന് തോല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയിച്ച ഭൂരിപക്ഷത്തിന്‌റെ ഇരട്ടി ഭൂരിപക്ഷത്തിന് ഷെട്ടാര്‍ ഇത്തവണ തോല്‍ക്കുമെന്ന് പറഞ്ഞ ഷാ, ഹുബ്ലി ബിജെപിയുടെ കോട്ടയാണെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഭരണത്തുടർച്ചയെന്ന് അമിത് ഷാ
ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയെ വീണ്ടും അധികാരത്തിലേറ്റുന്ന ചരിത്രം കർണാടയ്ക്കില്ലെങ്കിലും ഇത്തവണ ചരിത്രം തിരിത്തും ബിജെപി എന്ന് അമിത് ഷാ പറഞ്ഞു. അസമിലും മണിപ്പൂരിലും ഉത്തര്‍പ്രദേശിലും ഈ രീതി തിരുത്തിയ പാർട്ടിയാണ് ബിജെപി. കോൺഗ്രസ് ഭരണത്തിലേറുമെന്ന സർവെഫലങ്ങളും ഷാ തളളിക്കളയുന്നു. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി എല്ലാ തിരഞ്ഞെടുപ്പുകളിലും സജീവ സാന്നിധ്യമാണ് താനെന്നും എല്ലാ ഘട്ടത്തിലും സർവെകൾ പ്രതികൂലമാകാറാണ് പതിവെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാർ പരാജയപ്പെട്ടതിനാലാണ് പ്രധാനമന്ത്രിയടക്കമുള്ള ദേശീയ നേതാക്കൾക്ക് കൂടുതലായി പ്രചാരണത്തിന് ഇറങ്ങേണ്ടി വന്നതെന്ന പ്രതിപക്ഷ ആരോപണം ശരിയല്ലെന്ന് അമിതി ഷാ പറഞ്ഞു. ഒരു സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നത് തികച്ചും സ്വാഭാവികമാണെന്നും കോണ്‍ഗ്രസിന് അത് പക്ഷെ ശീലമുണ്ടാവില്ലെന്നുമാണ് അമിത് ഷാ പ്രതികരിച്ചത്. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നു എന്ന പ്രശ്നമേ ഉദിക്കുന്നില്ലെന്നു അമിത് ഷാ വാദിച്ചു. ഹിജാബ് നിരോധനമടക്കം ഈ തിരഞ്ഞെടുപ്പിലെ വിഷയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാവരും ഒരു വേദിയില്‍ ഒന്നിച്ചെത്തുന്നത് കൊണ്ട് തിരഞ്ഞെടുപ്പില്‍ ഒന്നും സംഭവിക്കാനില്ല. മാധ്യമങ്ങളില്‍ ഒരു വാര്‍ത്തയാക്കാമെന്ന് മാത്രം.
അമിത് ഷാ
'തെക്കേ ഇന്ത്യയിൽ പിടിമുറിക്കും'
കേരളവും തമിഴ്‌നാടും വെല്ലുവിളി നിറഞ്ഞ മേഖലയാണോ എന്ന ചോദ്യത്തിന് ഞങ്ങളെ സംബന്ധിച്ചിടത്തോളം രാജ്യം മുഴുവന്‍ ഒരു വെല്ലുവിളി ആയിരുന്നു എന്നാണ് ഷായുടെ മറുപടി. വടക്ക് കിടക്കൻ സംസ്ഥാനങ്ങളിലും ബെഗാളിലുമെല്ലാം സ്വാധിനമുണ്ടാക്കാൻ പാർട്ടിക്കായി. ഞങ്ങള്‍ എല്ലാ മേഖലയിലും പ്രവേശിക്കുകയാണ്. ദക്ഷിണേന്ത്യയില്‍ അത് ഉടന്‍ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അമിത് ഷാ പറഞ്ഞു.
മണിപ്പൂരിലെ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു
ഭരണ പക്ഷത്തിനെതിരെ ബിജെപി ഇതര സഖ്യം രൂപപ്പെടുന്നുവെന്നുവെന്നത് പ്രചരണം മാത്രമാണെന്നും അമിത് ഷാ പറഞ്ഞു. ഉത്തര്‍പ്രദേശില്‍ യുപിയില്‍ ഒരു റാലിയില്‍ മമതാജി പ്രസംഗിച്ചാല്‍ എത്ര പേര്‍ വരും? അവർ അഖിലേഷ് യാദവിനെ എങ്ങനെ സഹായിക്കും? ചന്ദ്രശേഖര റാവു വന്ന് ഗുജറാത്തില്‍ കോണ്‍ഗ്രസിനെ പിന്തുണച്ചാല്‍ എന്ത് സംഭവിക്കും? കര്‍ണാടകയില്‍ കോണ്‍ഗ്രസിന് വേണ്ടി സ്റ്റാലിന്‍ പ്രചാരണത്തിനിറങ്ങിയാല്‍ എന്ത് സംഭവിക്കും? അവരെല്ലാം അവരവരുടെ സംസ്ഥാനങ്ങളിലെ മാത്രം നേതാക്കളാണ്, ഞങ്ങള്‍ അവരോട് ആ സംസ്ഥാനങ്ങളില്‍ പോരാടുകയാണ്. എല്ലാവരും ഒരു വേദിയില്‍ ഒന്നിച്ചെത്തുന്നത് കൊണ്ട് തിരഞ്ഞെടുപ്പില്‍ ഒന്നും സംഭവിക്കാനില്ല. മാധ്യമങ്ങളില്‍ ഒരു വാര്‍ത്തയാക്കാമെന്ന് മാത്രം - അമിത് ഷാ പറഞ്ഞു.