ശിവകുമാർ vs സിദ്ധരാമയ്യ; കര്‍ണാടക ഇനി ആര് ഭരിക്കും?
മൂന്നു പതിറ്റാണ്ടുകള്‍ക്ക് ശേഷം കര്‍ണാടകയില്‍ ചരിത്ര വിജയം നേടിയ കോണ്‍ഗ്രസിനു മുന്നില്‍ പുതിയ വെല്ലുവിളിയാണുള്ളത്.കർണാടക മുഖ്യമന്ത്രിയെ തീരുമാനിക്കണം.കര്‍ണാടക മുഖ്യമന്ത്രിയേയും ഉപമുഖ്യമന്ത്രിയേയും ആർക്കും തട്ടുകേടില്ലാതെ തെരഞ്ഞെടുക്കുക എന്ന ശ്രമകരമായ ദൗത്യമാണ് കോൺഗ്രസിന് ചുമലിലുള്ളത്. ഇതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ പരിഹരിക്കാനായി കര്‍ണാടക കോണ്‍ഗ്രസ് നേതാക്കളായ ഡി കെ ശിവകുമാറും പ്രതിപക്ഷ നേതാവായ സിദ്ധരാമയ്യയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജ്ജുന ഖാർഗെയ്ക്കൊപ്പം ഇന്നു വൈകുന്നേരം മാധ്യമങ്ങളെ കാണും.
മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് നീക്കങ്ങള്‍ ഇതിനോടകം തന്നെ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ നടന്നു കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് വൈകുന്നേരം കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗവും പാര്‍ട്ടി വിളിച്ചു ചേര്‍ക്കും. ഈ യോഗം മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി സ്ഥാനങ്ങളിൽ ധാരണയിലെത്തും. അന്തിമ തീരുമാനം ഹൈക്കമാന്റിന്റേതായിരിക്കും.
കര്‍ണാടക കോണ്‍ഗ്രസിലെ അതികായന്‍മാരായ ഡി കെ ശിവകുമാറും പ്രതിപക്ഷ നേതാവായ സിദ്ധരാമയ്യയുമാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ പ്രമുഖര്‍. ഇവരില്‍ ആരെ തിരഞ്ഞെടുക്കുമെന്നത് കോണ്‍ഗ്രസിന് വലിയ തലവേദനയാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം മുതിര്‍ന്ന നേതാവെന്ന നിലയില്‍ സിദ്ധരാമയ്യക്ക് അവസരം ലഭിക്കുമെന്നാണ് സൂചന. ഡി കെ ശിവകുമാറിന് ഉപമുഖ്യമന്ത്രി പദമോ ആഭ്യന്തര വകുപ്പോ ലഭിച്ചേക്കാം.
കോണ്‍ഗ്രസ് ഭൂരിപക്ഷത്തിലെത്തുന്നു എന്ന വാര്‍ത്തയ്ക്ക് പിന്നലെ അച്ഛനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി സിദ്ധരാമയ്യയുടെ മകന്‍ മുന്നോട്ട് വന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഹൈക്കമാന്റ് തീരുമാനമാണ് അന്തിമമെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്റെ നിലപാട്. കോണ്‍ഗ്രസ് നേതൃത്വം ഉടൻ തീരുമാനം കൈക്കൊള്ളുമെന്ന് കർണാടക പ്രദേശ് കോൺഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെയും പ്രതികരിച്ചു.
ഇത്തവണ കര്‍ണാടക തിരഞ്ഞെടുപ്പില്‍ പ്രധാന പങ്ക് വഹിച്ചയാളാണ് ഡി കെ ശിവകുമാര്‍. 2018ല്‍ ജെഡിഎസുമായി ചേര്‍ന്ന് സര്‍ക്കാര്‍ ഉണ്ടാക്കുന്നതിലും അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചു. എംഎല്‍എ മാരെ ബിജെപി ചാക്കിട്ട് പിടിച്ച അവസരങ്ങളിലെല്ലാം അവരെ തിരികെയെത്തിക്കാനും ബിജെപിയ്ക്കെതിരായ ചെറുത്തുനിൽപിനും കോൺഗ്രസിനൊപ്പം അടിയുറച്ച് നിന്ന നേതാവാണ് ഡി കെ ശിവകുമാർ.ഈ പൊന്നിൻ തിളക്കമുള്ള വിജയത്തിലേക്ക് കർണാടക കോൺഗ്രസിനെ പ്രാപ്തമാക്കിയതിൽ ഡികെയുടെ തന്ത്രങ്ങൾക്ക് ചില്ലറയല്ല പങ്ക്.അതുകൊണ്ട് തന്നെ ഡി കെ ശിവകുമാറിനെ ചേർത്തുപിടിച്ചുകൊണ്ടല്ലാതെ ഒരു ചെറിയ തീരുമാനം പോലും കർണാടകയിലെടുക്കാൻ കോൺഗ്രസ് ഹൈക്കമാൻഡിനാകില്ല.