കർണാടക തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിൻ്റെ 'അദൃശ്യായുധം'; ആരാണ് സുനില്‍ കനുഗോലു?

കർണാടക തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിൻ്റെ 'അദൃശ്യായുധം'; ആരാണ് സുനില്‍ കനുഗോലു?

കേരളത്തില്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും സിപിഎമ്മിനെ മറികടക്കാൻ തുറുപ്പ് ചീട്ടായി കനുഗോലുവിനെ ഇറക്കാനാണ് നേതൃത്വത്തിൻ്റെ ഉദ്ദേശം
Updated on
3 min read

കര്‍ണാടകയില്‍ കോണ്‍ഗ്രസ് താമര പിഴുതെറിഞ്ഞപ്പോള്‍ അതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഏറ്റവും വലിയ കൈ സുനില്‍ കനുഗോലു എന്ന രാഷ്ട്രീയ തന്ത്രജ്ഞന്റേതായിരുന്നു. പലര്‍ക്കും ആ പേര് അത്ര കണ്ട് പരിചിതമായിരിക്കില്ല.തിരശ്ശീലയ്ക്ക് പിന്നിലിരുന്ന് കോണ്‍ഗ്രസിന്റെ വളയം തിരിച്ച കപ്പിത്താന്‍. കര്‍ണാടകയിലെ വന്‍ പരാജയത്തോടെ ബിജെപി ദക്ഷിണേന്ത്യന്‍ അധികാരഭൂപടത്തിൽ നിന്നും പടിയിറങ്ങുമ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഏറ്റവു കൂടുതല്‍ കടപ്പെട്ടിരിക്കുന്നത് സുനില്‍ കനുഗോലുവിനോട് കൂടിയായിരിക്കും. സിപിഎം കേരളത്തില്‍ നടത്തുന്ന സംഘടനാപ്രവര്‍ത്തനങ്ങളെ പൊളിച്ചെഴുതി അടുത്ത ഭരണം പിടിക്കാനായി കോണ്‍ഗ്രസ് ആയുധമാക്കാന്‍ ഒരുങ്ങുന്ന കനുഗോലു ആരാണ്?

കർണാടക തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിൻ്റെ 'അദൃശ്യായുധം'; ആരാണ് സുനില്‍ കനുഗോലു?
ജോഡോ യാത്ര പാതയിൽ കോൺഗ്രസിന്റെ ജൈത്രയാത്ര; ബിജെപിക്ക് കനത്ത നഷ്ടം

കര്‍ണാടക സ്വദേശിയായ കനുഗോലു ബിജെപി, ഡിഎംകെ, അണ്ണാഡിഎംകെ, അകാലിദള്‍ തുടങ്ങിയ പാര്‍ട്ടികള്‍ക്കായി ഇതുവരെ 14 തിരഞ്ഞെടുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് അദ്ദേഹം കോണ്‍ഗ്രസിലേക്ക് കാലെടുത്ത് വച്ചത്. സ്ട്രാറ്റജി വകുപ്പിന്റെ തലവനായി ചുമതലയേറ്റതു മുതല്‍ അദ്ദേഹം ലക്ഷ്യമിട്ടത് 2023 കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പായിരുന്നു. കോണ്‍ഗ്രസിന്റെ ദിശയില്ലാത്ത തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു അടുക്കും ചിട്ടയും ഉണ്ടാക്കിയത് കനുഗോലു ആണ്. ഭാരത് ജോഡോ യാത്രയിലൂടെ രാജ്യത്തുടനീളം രാഹുല്‍ ഗാന്ധി കോളിളക്കം സൃഷ്ടിച്ചപ്പോള്‍ അതിന് പിന്നണിയില്‍ നിന്ന് ചൂട്ട് പിടിച്ചതും ഇദ്ദേഹം തന്നെ. എങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പോലും അദ്ദേഹം പരിചിതനല്ലെന്നുള്ളതാണ് യാഥാര്‍ഥ്യം.

2014 ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രശാന്ത് കിഷോറും കനുഗോലുവും നരേന്ദ്രമോദിക്കായി ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രശാന്തുമായി വേര്‍പിരിഞ്ഞതിന് ശേഷം 2016 ല്‍ ദ്രാവിഡ മുന്നേറ്റ കഴകത്തിനു വേണ്ടി നിലവിലെ തമിഴ്‌നാട് മുഖ്യമന്ത്രിയായ എം കെ സ്റ്റാലിനോടൊപ്പം 'നമുക്ക് നാമേ' എന്ന ക്യാമ്പെയ്‌നുമായി കനുഗോലു ശക്തമായ തിരിച്ചുവരവ് നടത്തി. തമിഴ്‌നാട്ടിലെ പ്രവര്‍ത്തനത്തിന് ശേഷം 2018 ഫെബ്രുവരി വരെ ബിജെപി നേതാവും ആഭ്യന്തര മന്ത്രിയുമായ അമിത്ഷായോടൊപ്പം പ്രവര്‍ത്തിച്ചു. 2017ന്റെ തുടക്കത്തിൽ നടന്ന യുപി നിയമസഭ തെരഞ്ഞെടുപ്പിൽ കനുഗോലുവാണ് ബിജെപിയുടെ പ്രചാരണ വിഭാഗം കൈകാര്യം ചെയ്തത്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, കര്‍ണാടക എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ ഉള്‍പ്പെടെ ബിജെപിയുടെ അണിയറയില്‍ അദ്ദേഹം നിര്‍ണായക സാന്നിധ്യമായി. 2019ല്‍ തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ പ്രചാരണവും കനുഗോലു നിയന്ത്രിച്ചു.

പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിലേക്കുള്ള ക്ഷണം നിരസിച്ചതിന് ആഴ്ചകള്‍ക്ക് ശേഷമായിരുന്നു കനുഗോലു കോണ്‍ഗ്രസിന്റെ ഭാഗമായത്. പ്രശാന്ത് കിഷോറെന്ന തിരഞ്ഞെടുപ്പ് തന്ത്രജ്ഞനില്‍ നിന്നും നേര്‍ വിപരീതമാണ് കനഗോലു എന്ന് പറയാം. കനുഗോലുവും പ്രശാന്തും പലതവണ ഒരു വഴിയില്‍ നടന്നെങ്കിലും വ്യത്യസ്തമാകുന്നത് ഇരുവരുടെയും സാമൂഹിക ഇടപെടലുകളാണ്. പ്രശാന്ത് കിഷോറിന്റെ ജീവിതവും ജോലിയും അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ നിന്നും മറച്ചുപിടിച്ചിട്ടില്ല.ബഹുമതികളും അധികാരവും ആഗ്രഹിച്ച് പടനയിക്കുന്ന ആളാണെന്നും വിമർശകർ പ്രശാന്ത് കിഷോറിനെ കുറിച്ച് പറയാറുണ്ട്.

എന്നാല്‍ കനുഗോലു മാധ്യമങ്ങള്‍ക്ക് പിടികൊടുക്കാറില്ലെന്ന് മാത്രമല്ല, തന്റെ പ്രവൃത്തികള്‍ക്ക് ഒരു പ്രമോഷനും നല്‍കാതെ അദ്ദേഹം എന്നും ജനശ്രദ്ധയില്‍ നിന്നും അകന്നു നിന്നു.

കനുഗോലുവും പ്രശാന്തും പലതവണ ഒരു വഴിയില്‍ നടന്നെങ്കിലും വ്യത്യസ്തമാകുന്നത് ഇരുവരുടെയും സാമൂഹിക ഇടപെടലുകളാണ്

വാസ്തവത്തില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പോലും സാമൂഹ്യമാധ്യമങ്ങളില്‍ ഇല്ല എന്നതാണ് സത്യം. കനുഗോലുവിന്റെ സഹോദരന്റെ ചിത്രങ്ങളാണ് അദ്ദേഹത്തിന്റേതെന്ന പേരില്‍ പലരും പങ്കുവയ്ക്കുന്നത്. ജോലി രീതികളിലും പ്രശാന്ത് കിഷോറിൽ നിന്നും അദ്ദേഹം ഏറെ വ്യത്യസ്ഥനാണ്. ആരാലും ശ്രദ്ധിക്കപ്പെടാതെ തന്റെ പണികൾ കൃത്യമായി ചെയ്തുതീർക്കുന്ന രീതിയാണ് കനുഗോലുവിന്റേത്.

രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടേയും പൂര്‍ണ പിന്തുണയോടെയാണ് കനുഗോലു കോണ്‍ഗ്രസിലേക്ക് എത്തിയത്. പി ചിദംബരം, മുകുള്‍ വാസ്‌നിക്, ജയറാം രമേഷ്, കെ സി വേണുഗോപാല്‍, അജയ് മാക്കന്‍, പ്രിയങ്ക ഗാന്ധി, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവരടങ്ങിയ 2024 ഇലക്ഷന്‍ ടാസ്‌ക് ഫോഴ്‌സിലേക്ക് കഴിഞ്ഞ മെയിലാണ് സോണിയാഗാന്ധി കനുഗോലുവിനെ തിരഞ്ഞെടുത്തത്. രാഹുല്‍ ഗാന്ധിയ്ക്ക് നേരിട്ട് തിരഞ്ഞെടുപ്പ് ഉപദേശങ്ങള്‍ നല്‍കാനും വിശ്വാസ്യത പിടിച്ചുപറ്റാനും കനുഗോലുവിന് സാധിച്ചു. കര്‍ണാടകയിലെ പേ സിഎം ക്യാമ്പെയ്ന്‍ മുതല്‍ ഭാരത്‌ജോഡോ യാത്ര വരെയുള്ള കോണ്‍ഗ്രസിന്റെ മൂര്‍ച്ചയേറിയ പ്രചരണങ്ങളില്‍ കനുഗോലുവിന്റെ പങ്ക് നിര്‍ണായകമായിരുന്നു.

കോണ്‍ഗ്രസിന് വേണ്ടി കനുഗോലുവിന് എന്ത് ചെയ്യാന്‍ സാധിക്കും എന്നതിന്റെ ഉദാഹരണമായിരുന്നു ഭാരത് ജോഡോ യാത്ര. ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ പ്രചാരണ യാത്രകളിലൊന്നായ എല്‍കെ അദ്വാനിയുടെ 1990 ലെ രഥയാത്രയ്ക്ക് ബദലായി ഭാരത് ജോഡോ യാത്രയെ വിലയിരുത്താം. എന്നാല്‍ ആ യാത്രയില്‍ കനുഗോലുവിനെ പ്രത്യക്ഷത്തില്‍ കണ്ടെത്താന്‍ സാധിക്കില്ല, നിരന്തരമായ ചര്‍ച്ചകളിലൂടെയും ഉപദേശങ്ങളിലൂടെയും അദ്ദേഹം കോണ്‍ഗ്രസിന്റെ ഓരോ നീക്കങ്ങളെയും നിയന്ത്രിച്ചു.

കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനായി മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഡി കെ ശിവകുമാറിന്റെയും നേതൃത്വത്തിലുള്ള വിഭാഗങ്ങളെ ഒരുമിച്ച് നിര്‍ത്തിയതിന് പിന്നിലും കനുഗോലുവിന്റെ തന്ത്രങ്ങളാണ്

രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തിലെ ശരിയായ ചുവടുവയ്പ്പായിരുന്നു ഭാരത്‌ജോഡോ യാത്ര. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ എന്ന നിലയില്‍ കനുഗോലുവിന്റെ അദൃശ്യസാന്നിധ്യം രാഹുല്‍ഗാന്ധിയുടെ ഓരോ ചുവടുവെയ്പ്പിലും വെളിച്ചം വീശുകയും ചെയ്തു. പേ സിഎം ക്യാമ്പെയ്നിലൂടെ ബിജെപി സർക്കാരിനെതിരായ അഴിമതി ആരോപണങ്ങള്‍ ജനശ്രദ്ധയിലേക്ക് കൊണ്ട് വരാൻ സാധിച്ചതും കോണ്‍ഗ്രസിന് ഗുണകരമായി. കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനായി മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഡി കെ ശിവകുമാറിന്റെയും നേതൃത്വത്തിലുള്ള വിഭാഗങ്ങളെ ഒരുമിച്ച് നിര്‍ത്തിയതിന് പിന്നിലും കനുഗോലുവിന്റെ തന്ത്രങ്ങളാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ വീക്ഷണങ്ങള്‍ 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും കരുത്തേകും എന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ.

ഈ വര്‍ഷം തെലങ്കാന, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍ നിയമസഭകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന്റെ യാത്രയ്ക്ക് വഴിവെട്ടുക കനുഗോലു തന്നെയാവും. കേരളത്തില്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും സിപിഎമ്മിന്റെ കേഡര്‍ സംഘടനാ പ്രവര്‍ത്തനങ്ങളെ മറികടക്കാനുള്ള കോണ്‍ഗ്രസിന്റെ തുറുപ്പ് ചീട്ടായി കനുഗോലുവിനെ ഇറക്കാനാണ് നേതൃത്വത്തിൻ്റെ ഉദ്ദേശ്യം.

logo
The Fourth
www.thefourthnews.in