ചെന്നൈ ബ്ലിറ്റ്‌സിനെതിരെ അഞ്ച് സെറ്റ് ത്രില്ലില്‍ വീഴ്ത്തി ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ്; ആവേശമായി വിജയ് ദേവരകൊണ്ട
റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23യുടെ രണ്ടാം സീസണില്‍ ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സിന് തുടര്‍ച്ചയായ രണ്ടാം ജയം. ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ശനിയാഴ്ച നടന്ന മത്സരത്തില്‍ ചെന്നൈ ബ്ലിറ്റ്‌സിനെ 10-15, 15-14, 15-9, 12-15, 15-11 എന്ന സ്‌കോറിന് തോല്‍പിച്ചു. ഹൈദരാബാദിന്റെ എസ് വി ഗുരു പ്രശാന്ത് പ്ലെയര്‍ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. കാണികൾക്ക് ആവേശമായി വിജയ് ദേവരകൊണ്ട മത്സരം കാണാനെത്തി.
തീപ്പൊരി ആക്രമണങ്ങളും ശക്തമായ ബ്ലോക്കുകളും തീര്‍ത്ത് ജോബിന്‍ വര്‍ഗീസ് തുടക്കത്തില്‍ തന്നെ സാനിധ്യം അറിയിച്ചു. അഖിന്റെ സാനിധ്യവും ചെന്നൈയുടെ ആക്രമണങ്ങള്‍ക്ക് പുതുജീവന്‍ നല്‍കി. ഔട്ട്‌സൈഡില്‍ നിന്നുള്ള നവീന്റെ ശക്തമായ ആക്രമണങ്ങള്‍ ബ്ലാക്ക് ഹോക്‌സിന് തിരിച്ചടികളായിരുന്നു. പക്ഷേ ഗുരു പ്രശാന്ത് സ്‌പൈക്കുകള്‍ തീര്‍ത്ത് കാര്യങ്ങള്‍ ഹൈദരാബാദിന് അനുകൂലമാക്കാന്‍ ശ്രമിച്ചു. ഹേമന്തിന്റെ മാന്ത്രിക സര്‍വുകള്‍ ഹൈദരാബാദിനെ മത്സരത്തില്‍ പിടിച്ചുനിര്‍ത്തി. ഗുരു പ്രശാന്ത് സ്‌പൈക്കുകള്‍ കടുപ്പിച്ചതോടെ മത്സരത്തിന്റെ നിയന്ത്രണം ഹൈദരാബാദിന്റെ കയ്യിലായി. ചെന്നൈ താരങ്ങള്‍ തമ്മിലുള്ള തെറ്റായ ആശയവിനിമയം ആണ് പിഴവായത്. ഹൈദരാബാദ് അത് പരമാവധി പ്രയോജനപ്പെടുത്തി. ലാല്‍ സുജനും ട്രന്റ് ഒഡീയയും ചേര്‍ന്ന് ചെന്നൈയുടെ ചെറുത്തുനില്‍പ്പിനും അറുതി വരുത്തി.
ഇരുടീമുകളും തുല്യത പാലിച്ചതോടെ മത്സരം ആവേശത്തിലായി. റെനാറ്റോ മെന്‍ഡസ് ശക്തമായ സെര്‍വുകളുമായി റെനാറ്റോ എതിരാളികളെ പരീക്ഷിച്ചു, പന്ത് സ്വീകരിക്കുന്നതില്‍ ഹൈദരാബാദ് പതറി. എന്നാല്‍ സൗരഭ് മാനും ജോണ്‍ ജോസഫും അടങ്ങുന്ന പ്രതിരോധ നിര അഖിനെ നേരിട്ടു. അവസാന മിനിറ്റുകളില്‍ സുന്ദരമായ ബ്ലോക്കുകള്‍ സൃഷ്ടിച്ച ഇരുവരും ഹൈദരാബാദിനെ തകര്‍പ്പന്‍ ജയം നേടാന്‍ സഹായിക്കുകയും ചെയ്തു.
ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സിന്റെ സഹ ഉടമയാണ് വിജയ് ദേവരകൊണ്ടയും മത്സരം കാണാൻ ഉണ്ടായിരുന്നു. വോളിബോളിനെ ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ് താനെന്നും, രാജ്യത്ത് ഏറ്റവുമധികം ആളുകള്‍ വീക്ഷിക്കുന്ന ലീഗുകളിലൊന്നായി റുപൈ പ്രൈം വോളിബോള്‍ ലീഗ് മാറുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഏക സ്വകാര്യ സ്‌പോര്‍ട്‌സ് ലീഗാണ് റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23. 2022 ഫെബ്രുവരിയില്‍ ഒന്നാം സീസണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ്, സീസണ്‍ രണ്ടിലേക്ക് പ്രവേശിക്കുന്നത്.