ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണം; ഡ്രൈവറും 10 പോലീസുകാരും കൊല്ലപ്പെട്ടു
ഛത്തീസ്ഗഢിലെ ബസ്തർ ജില്ലയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. പത്ത് പോലീസുകാരും വഹനത്തിന്റെ ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. രഹസ്യാന്വേഷണ വിവരത്തിന്റെ പശ്ചാത്തലത്തിൽ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ നടത്തി മടങ്ങിയ സംഘം സഞ്ചരിച്ച വാഹനം സ്ഫോടനത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു.
വാടകയ്‌ക്കെടുത്ത മിനി വാനിലാണ് പോലീസ് സംഘം യാത്ര ചെയ്തിരുന്നത്. 50 കിലോഗ്രാം സ്‌ഫോടക വസ്തുക്കളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് റിപ്പോര്‍ട്ട്. അതിശക്തമായ സ്‌ഫോടനത്തില്‍ വാഹനം 20 അടിയോളം ദൂരത്തേക്ക് തെറിച്ചു പോയി. റോഡില്‍ വലിയ കുഴിയും രൂപപ്പെട്ടു.
ഛത്തീസ്ഗഢ് പോലീസിന്റെ പ്രത്യേക സേനയായ ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡിൽ (ഡിആർജി) ഉൾപ്പെട്ടവരാണ് കൊല്ലപ്പെട്ട പോലീസുകാർ. പ്രാദേശിക ഗോത്രവർഗക്കാർ കൂടുതലും ഉൾപ്പെടുന്ന സംഘത്തിന് മാവോയിസ്റ്റുകളെ നേരിടാൻ പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ട്. മാവോയിസ്റ്റ് സ്വാധീനമുള്ള ബസ്തറിൽ നിരവധി ഭീകര വിരുദ്ധ പോരാട്ടങ്ങളിൽ നിർണായക പങ്കാണ് ഡിആർജി വഹിച്ചിട്ടുള്ളത്.
സംഭവത്തിൽ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ അനിശോചിച്ചു. "ദന്തേവാഡയിലെ അരൺപൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ മാവോയിസ്റ്റ് കേഡർ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നക്‌സൽ വിരുദ്ധ ഓപ്പറേഷനായി ഡിആർജി എത്തിയത്. സേനയെ ലക്ഷ്യമിട്ട സ്‌ഫോടനത്തിൽ 10 ഡിആർജി ജവാൻമാരും ഒരു ഡ്രൈവറും വീരമൃത്യു വരിച്ച വാർത്ത ഏറെ ദുഃഖകരമാണ്. അവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ ഞങ്ങളും പങ്കുചേരുന്നു. അവരുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെ", ഭൂപേഷ് ബാഗേൽ ട്വീറ്റ് ചെയ്തു.
മാവോയിസ്റ്റ് ആക്രമണത്തിന്‌റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രി ബാഗേലുമായി ഫോണി സംസാരിച്ചു. സംസ്ഥാനത്തിന് എല്ലാവിധ പിന്തുണയും കേന്ദ്രം നല്‍കുമെന്ന് അമിത് ഷാ ഉറപ്പു നല്‍കി.