സുപ്രീം കോടതി
സുപ്രീം കോടതി

സാമ്പത്തിക സംവരണത്തിന് അംഗീകാരം, എസ് സി, എസ് ടി വിഭാഗങ്ങളെ മാറ്റിനിർത്തുന്നത് ഭരണഘടനാ വിരുദ്ധമെന്ന് രണ്ട് ജഡ്ജിമാർ

സംവരണം ലഭിക്കുന്നവരെ ഒഴിവാക്കിയതിനോട് യോജിക്കുന്നില്ല, വിയോജിപ്പ് അറിയിച്ച് ചീഫ് ജസ്റ്റീസ് യുയു ലളിതും ജസ്റ്റിസ് രവീന്ദ്ര ഭട്ടും
Updated on
1 min read

മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും 10 ശതമാനം സംവരണം ശരിവച്ച് സുപ്രീം കോടതി. സംവരണം നടപ്പാക്കുന്നതിനായുള്ള ഭരണഘടനയുടെ 103-ാം ഭേദഗതി സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ഭൂരിപക്ഷ വിധിയിലൂടെ അംഗീകാരം നല്‍കി. മൂന്ന് പേർ ഇതിനെ അനുകൂലിച്ചപ്പോൾ ചീഫ് ജസ്റ്റീസ് യുയു ലളിതും, ജസ്റ്റീസ് രവിന്ദ്ര ഭട്ടും, എസ് സി ,എസ് ടി വിഭാഗക്കാരെ സാമ്പത്തിക സംവരണത്തിൽ നിന്ന് ഒഴിവാക്കിയത് വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി.

ഭരണഘടനയുടെ 103-ാം ഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജികളിലാണ് ചീഫ് ജസ്റ്റിസ് യുയു ലളിത്, ജസ്റ്റിസുമാരായ എസ് രവീന്ദ്രഭട്ട്, ദിനേഷ് മഹേശ്വരി, എസ് ബി പര്‍ദിവാല, ബെല്ലാ ത്രിവേദി എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. സെപ്റ്റംബറില്‍ ഏഴ് ദിവസം വാദം കേട്ട ശേഷം വിധി പറയാന്‍ മാറ്റുകയായിരുന്നു.

സുപ്രീം കോടതി
സാമ്പത്തിക സംവരണം: എന്താണ് 103ാം ഭേദഗതി? സുപ്രിം കോടതി ഉത്തരം തേടുന്ന ചോദ്യങ്ങള്‍ ഏതൊക്കെ?

സാമ്പത്തിക സംവരണം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ ബാധിക്കില്ലെന്നാണ് ബെഞ്ചിന്റെ ഭൂരിപക്ഷ വിധി. സംവരണം എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സമീപനം ഉറപ്പാക്കുന്നതിന് സംസ്ഥാനത്തിന്റെ ക്രിയാത്മക പ്രവര്‍ത്തനത്തിനുള്ള ഉപകരണമാണ്. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്നവരെ ഉള്‍പ്പെടുത്താനുള്ള ഒരു ഉപകരണമല്ല അത്. സാമ്പത്തിക മാനദണ്ഡങ്ങളെ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള സംവരണം ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ലംഘിക്കുന്നില്ലെന്നുമായിരുന്നു അഞ്ചില്‍ മൂന്നുപേരുടെയും നിലപാട്.

അതേസമയം, ബെഞ്ചിലെ ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തോട് ജസ്റ്റിസ് രവീന്ദ്ര ഭട്ട് വിയോജിച്ചു. സാമ്പത്തിക സംവരണത്തോട് യോജിപ്പില്ല. നിലവില്‍ സംവരണം ലഭിക്കുന്നവരെ ഒഴിവാക്കിയതിനോട് യോജിക്കുന്നില്ലെന്നും ജസ്റ്റിസ് ഭട്ട് അറിയിച്ചു. പിന്നാക്കക്കാരെ ഒഴിവാക്കുന്നതിനോട് യോജിപ്പില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസ് ലളിതിന്റെയും നിലപാട്.

logo
The Fourth
www.thefourthnews.in