1.1 കോടി ഇന്ത്യക്കാർക്ക് പ്രമേഹം; ഏറ്റവും കൂടുതൽ രോഗികള്‍ ഗോവയില്‍, കേരളം മൂന്നാമത്

1.1 കോടി ഇന്ത്യക്കാർക്ക് പ്രമേഹം; ഏറ്റവും കൂടുതൽ രോഗികള്‍ ഗോവയില്‍, കേരളം മൂന്നാമത്

കേരളത്തില്‍ നാലിലൊരാൾക്ക് (25.6 ശതമാനം) പ്രമേഹമുണ്ടെന്ന് പഠനം പറയുന്നു
Updated on
1 min read

ഇന്ത്യയിൽ കഴിഞ്ഞ നാല് വർഷത്തിനിടെ പ്രമേഹരോഗികളുടെ എണ്ണത്തിലുണ്ടായത് വൻ വർധന. 2019ലെ കണക്കുപ്രകാരം 70 ദശലക്ഷം ഇന്ത്യക്കാർക്കാണ് പ്രമേഹമുണ്ടായിരുന്നതെങ്കിൽ നിലവിലത് 1.1 കോടിയാണ്. ബ്രിട്ടനിലെ മെഡിക്കൽ ജേർണൽ പ്രസിദ്ധീകരിച്ച ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ പഠനത്തിലാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

പ്രമേഹ ബാധിതരുടെ ദേശീയ ശരാശരി 11.4 ശതമാനമാണ്. ഏറ്റവും കൂടുതൽ പ്രമേഹ രോഗികളുള്ളത് ഗോവയിലാണ്. സംസ്ഥാന ജനസംഖ്യയുടെ 26.4 ശതമാനവും പ്രമേഹബാധിതരാണ്. മൂന്നാം സ്ഥാനത്തുള്ളത് കേരളമാണ്. സംസ്ഥാനത്ത് നാലിലൊരാൾക്ക് (25.6 ശതമാനം) പ്രമേഹമുണ്ടെന്ന് പഠനം പറയുന്നു. പ്രമേഹ ബാധിതർ കുറവുള്ള ഉത്തർപ്രദേശ്, മധ്യപ്രദേശ്, ബിഹാർ, അരുണാചൽ പ്രദേശ് തുടങ്ങി സംസ്ഥാനങ്ങളിലും അടുത്ത കുറച്ച് വർഷങ്ങൾക്കുള്ളിൽ വ്യാപനം വലിയ തോതിലുണ്ടായേക്കാമെന്ന മുന്നറിയിപ്പും പഠനം നൽകുന്നുണ്ട്.

പഠനത്തിന്റെ ഭാഗമായി ഐസിഎംആറിലെ ഡോക്ടർമാർ നഗര- ഗ്രാമ മേഖലകളിൽ നിന്ന് ഒരു ലക്ഷത്തോളം പേരെ 2008 ഒക്ടോബർ 18നും 2020 ഡിസംബർ 17നുമിടയിൽ പരിശോധിച്ചിരുന്നു

വികസിത സംസ്ഥാനങ്ങളിൽ പ്രമേഹരോഗികളുടെ എണ്ണത്തില്‍ വലിയ തോതിലുള്ള വർധനയുണ്ടായിട്ടില്ലെങ്കിലും മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതി അതല്ലെന്ന് പഠനം പറയുന്നു. അടിയന്തരമായി സംസ്ഥാന തലത്തിൽ തന്നെ ഇടപെടലുകളുണ്ടാകണമെന്നും ഐസിഎംആർ ആവശ്യപ്പെടുന്നു. രാജ്യത്തെ ജനസംഖ്യയുടെ 15.3 ശതമാനത്തിന് (136 ദശലക്ഷം) രക്തത്തിൽ പഞ്ചസാരയുടെ അളവ് സാധാരണയിലും കൂടുതലുമാണ് (പ്രീ ഡയബെറ്റിസ്).

പ്രീ ഡയബെറ്റിക് സ്ഥിതിയുള്ളവർ ജീവിതശൈലിയിൽ മാറ്റങ്ങൾ കൊണ്ടുവന്നില്ലെങ്കിൽ അവരും പ്രമേഹരോഗികളായി മാറാനുള്ള സാധ്യത വളരെ കൂടുതലാണ്. രക്തത്തിൽ പഞ്ചസാരയുടെ അളവ് അനുവദനീയമായതിനേക്കാൾ അധികവും എന്നാൽ ടൈപ്പ് 2 പ്രമേഹത്തിന്റെ അളവിൽ എത്തിയിട്ടുമില്ലാത്ത അവസ്ഥയാണ് പ്രീ ഡയബെറ്റിസ്. ഡോക്ടർമാരുടെ നിരീക്ഷണപ്രകാരം, പ്രീ ഡയബറ്റിക് ആയിട്ടുള്ളതിൽ മൂന്നിലൊന്ന് പേർ അടുത്ത കുറച്ച് വർഷത്തിനുള്ളിൽ പ്രമേഹരോഗികളാകും. മറ്റൊരു വിഭാഗം പ്രീ ഡയബറ്റിക് സ്ഥിതിയിൽ തുടരുകയും ബാക്കിയുള്ളവർ ജീവിത ശൈലിയിൽ മാറ്റം കൊടുവരിക വഴി സാധാരണ നിലയിലേക്ക് മടങ്ങി പോകുകയും ചെയ്യും.

സർവേ പ്രകാരം, ജനസംഖ്യയുടെ 35.5 ശതമാനത്തിന് അമിത രക്തസമ്മർദവും 81.2 ശതമാനത്തിന് കൊളസ്ട്രോളും 28.6 ശതമാനത്തിന് അമിതവണ്ണവുമുണ്ട്

പഠനത്തിന്റെ ഭാഗമായി ഐസിഎംആറിലെ ഡോക്ടർമാർ നഗര- ഗ്രാമ മേഖലകളിൽ നിന്ന് ഒരു ലക്ഷത്തോളം പേരെ 2008 ഒക്ടോബർ 18നും 2020 ഡിസംബർ 17നുമിടയിൽ പരിശോധിച്ചിരുന്നു. അമിത രക്തസമ്മർദം, കൊളസ്‌ട്രോൾ, അമിത വണ്ണം എന്നീ ജീവിതശൈലി രോഗങ്ങളുള്ളവരുടെ എണ്ണവും രാജ്യത്ത് കൂടുതലാണെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. ഈ രോഗങ്ങൾ ഹൃദയസ്തംഭനം, സ്ട്രോക്ക്, വൃക്കരോഗം എന്നിവയിലേക്കും വഴിവയ്ക്കുന്നു. സർവേ പ്രകാരം, ജനസംഖ്യയുടെ 35.5 ശതമാനത്തിന് അമിത രക്തസമ്മർദവും 81.2 ശതമാനത്തിന് കൊളസ്ട്രോളും 28.6 ശതമാനത്തിന് അമിതവണ്ണവുമുണ്ട്.

logo
The Fourth
www.thefourthnews.in