നട്ടുച്ചയ്ക്ക് തുറന്ന മൈതാനത്ത് പരിപാടി സംഘടിപ്പിച്ച് മഹാരാഷ്ട്രാ സർക്കാർ; സൂര്യാഘാതമേറ്റ് 11 മരണം

നട്ടുച്ചയ്ക്ക് തുറന്ന മൈതാനത്ത് പരിപാടി സംഘടിപ്പിച്ച് മഹാരാഷ്ട്രാ സർക്കാർ; സൂര്യാഘാതമേറ്റ് 11 മരണം

സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ദുരന്തമെന്നും അന്വേഷണം പ്രഖ്യാപിക്കണമെന്നും പ്രതിപക്ഷം
Published on

മഹാരാഷ്ട്രയില്‍ സൂര്യാഘാതമേറ്റ് 11 പേര്‍ മരിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യാതിഥിയായ, മഹാരാഷ്ട്രാ സര്‍ക്കാരിന്‌റെ പരിപാടിയിലാണ് ദാരുണ സംഭവം. 50 പേർ സൂര്യതാപമേറ്റ് ചികിത്സയിലാണ്.

മഹാരാഷ്ട്രാ ഭൂഷണ്‍ പുരസ്‌കാര ദാന ചടങ്ങാണ് 11 പേരുടെ മരണത്തിന് കാരണമായത്. നവി മുബൈയില വലിയ മൈതാനത്ത് സംഘടിപ്പിച്ച ചടങ്ങില്‍ കാണികള്‍ക്ക് ഇരിക്കാനായി ഒരുക്കിയ ഭാഗത്ത് മേല്‍ക്കൂര തയ്യാറാക്കിയിരുന്നില്ല. 38 ഡിഗ്രി സെല്‍ഷ്യസായിരുന്നു പ്രദേശത്ത് ഞായറാഴ്ച രേഖപ്പെടുത്തിയ താപനില. ഈ കഠിനമായ ചൂടിനിടെ പകല്‍ 11 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാായിരുന്നു ചടങ്ങ് നടന്നത്.

മഹാരാഷ്ട്രാ ഭൂഷൺ പുരസ്കാര ദാന ചടങ്ങ്
മഹാരാഷ്ട്രാ ഭൂഷൺ പുരസ്കാര ദാന ചടങ്ങ്

സാമൂഹിക പ്രവര്‍ത്തകനായ അപ്പാസാഹേബ് ധര്‍മ്മാധികാരിക്കാണ് ഇത്തവണ പുരസ്‌കാരം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് പുരസ്‌കാര ദാനം നിര്‍വഹിച്ചത്. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിക്കുന്നു
മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിക്കുന്നു

കടുത്ത ചൂടിലും മൈതാനം തിങ്ങി നിറഞ്ഞിരുന്നു. ആയിരങ്ങളാണ് സദസിലുണ്ടായിരുന്നത്. കടുത്ത വേനലില്‍ മതിയായ മുന്‍കരുതല്‍ സംഘാടകരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് വ്യക്തമാണ്. എല്ലാവരുടെയും ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ദാരുണ സംഭവമാണ് ഉണ്ടായതൈന്നും മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ഫഡ്‌നാവിസ് പ്രതികരിച്ചു.

സര്‍ക്കാരിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. അന്വേഷണം നടത്തണമെന്നാണ് പ്രതിപക്ഷ ആവശ്യം. കൃത്യമായി ആസൂത്രണം ചെയ്യാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിമര്‍ശിച്ചു. ആശുപത്രിയില്‍ ചികിത്സയിലുള്ളവരെ ഉദ്ധവ് താക്കറെയും അജിത്ത് പവാറും അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ സന്ദര്‍ശിച്ചു. സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ദുരന്തമെന്നും അന്വേഷണം പ്രഖ്യാപിക്കണമെന്നും എന്‍സിപി ആവശ്യപ്പെട്ടു.

logo
The Fourth
www.thefourthnews.in