ബീഫ് വീട്ടിൽ സൂക്ഷിച്ചുവെന്നാരോപിച്ച് വീടുകൾ ഇടിച്ചുനിരത്തി; മധ്യപ്രദേശിൽ 'ബുൾഡോസർ രാജിന്' ഇരകളായി മുസ്ലിം കുടുംബങ്ങള്‍
മധ്യപ്രദേശിലെ മണ്ഡ്ല ജില്ലയിൽ ബീഫ് വീടുകളില്‍ സൂക്ഷിച്ചുവെന്നാരോപിച്ച് മുസ്ലിങ്ങളായ 11 പേരുടെ വീടുകൾ സർക്കാർ ഇടിച്ചുനിരത്തി. ഫ്രിഡ്‌ജുകളിൽ പോത്തിറച്ചി സൂക്ഷിച്ചിരുന്നതായാണ് ജില്ലാ അധികൃതർ പറയുന്നത്. 11 വീട്ടുടമസ്ഥരുടെയും പേരിൽ ഗോവധവും ബീഫ് വില്പനയും ആരോപിച്ച് വെള്ളിയാഴ്ച കേസ് രജിസ്റ്റർ ചെയ്തതതായി പോലീസ് അറിയിച്ചു. കുറ്റാരോപിതരുടെ വീടുകൾ സർക്കാർ ഭൂമിയിലായതിനാലാണ് പൊളിച്ചുമാറ്റിയത് എന്നാണ് പോലീസ് ന്യായീകരണം. ശനിയാഴ്ചയായിരുന്നു സംഭവം.
ഗോവധ നിരോധനം പ്രാബല്യത്തിലുള്ള സംസ്ഥാനമാണ് ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്. ആദിവാസി വിഭാഗങ്ങൾ ഭൂരിപക്ഷമുള്ള ജില്ലയാണ് മണ്ഡ്ല. കുറ്റാരോപിതരായ 11 പേരുടെ വീട്ടുമുറ്റത്ത് 150 പശുക്കളെ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയതായി മണ്ഡ്‌ല എസ്പി രജത് സക്ലേച്ച പറഞ്ഞു. അവയെ ഗോസംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി. എല്ലാവരുടെയും ഫ്രിഡ്ജിൽ ബീഫ് നിറച്ച നിലയിൽ കണ്ടെത്തിയതായും ഉദ്യോഗസ്ഥർ പറഞ്ഞു. ഒരാളെ മാത്രമാണ് നിലവിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. ബാക്കിയുള്ളവർ ഒളിവിലാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
നൈൻപുരിലെ ഭൈൻവാഹി മേഖലയിൽ കശാപ്പിനായി ധാരാളം പശുക്കളെ പിടികൂടിയതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്നായിരുന്നു നടപടി എന്നാണ് പോലീസ് വിശദീകരണം. മൃഗക്കൊഴുപ്പ്, കന്നുകാലികളുടെ തൊലി, എല്ലുകൾ എന്നിവയും മുറികളില്‍നിന്ന് കണ്ടെത്തിയെന്നും പോലീസ് പറയുന്നു. പിടിച്ചെടുത്ത മാംസം ബീഫ് ആണെന്ന് സർക്കാർ ആശുപത്രിയിലെ വെറ്ററിനറി ഡോക്ടർ സ്ഥിരീകരിച്ചിട്ടുണ്ട്. ദ്വിതീയ ഡിഎൻഎ വിശകലനത്തിനായി സാമ്പിളുകൾ ഹൈദരാബാദിലേക്ക് അയച്ചിരിക്കുകയാണ്.
ശിവരാജ് സിങ് ചൗഹാൻ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന സമയത്ത് വീടുകൾ ബുൾഡോസർ കൊണ്ട് ഇടിച്ചുനിരത്തുന്നത് പതിവായിരുന്നു. 'ബുൾഡോസർ മാമ' എന്ന അപരനാമത്തിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്
അതേസമയം, കുറ്റാരോപിതരായവരുടെ വീടുകൾ സ്വാഭാവിക നീതിക്ക് വിപരീതമായി പ്രാദേശിക ഭരണകൂടങ്ങൾ പൊളിച്ചുനീക്കുന്നുവെന്ന് മധ്യപ്രദേശ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അത്തരത്തിൽ ഉജ്ജയിൻ മുൻസിപ്പൽ കോർപറേഷൻ വീടുകൾ തകർത്ത രണ്ട് പേർക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവ് പുറപ്പെടുവിക്കവേയായിരുന്നു കോടതിയുടെ നിരീക്ഷണം. സംസ്ഥാനത്ത് വീടുകൾ പൊളിച്ചുനീക്കുകയെന്നത് ഒരു ഫാഷനായി മാറിയെന്നും കോടതി പറഞ്ഞിരുന്നു.
ശിവരാജ് സിങ് ചൗഹാൻ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന സമയത്ത് വീടുകൾ ബുൾഡോസർ കൊണ്ട് ഇടിച്ചുനിരത്തുന്നത് പതിവായിരുന്നു. 'ബുൾഡോസർ മാമ' എന്ന അപരനാമത്തിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. 2020 മുതൽ 2022 വരെ കാലയളവിൽ, ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിൽ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റിയത് 332 വസ്തുവകകളായിരുന്നു. അതിൽ 223 എണ്ണം മുസ്ലിങ്ങളുടേതായിരുന്നു. ഇതിൽ പലതും മുന്നറിയിപ്പ് നോട്ടീസുകൾ പോലും കൈമാറാതെയുള്ള നീക്കങ്ങളായിരുന്നു. 2022 ഏപ്രിൽ 11-ന് ഖാർഗോണിൽ, പോലീസിന് നേരെയും രാമനവമി ഘോഷയാത്രയ്‌ക്ക് നേരെയും കല്ലെറിഞ്ഞുവെന്നാരോപിച്ച് വസീം അഹമ്മദ് ഷെയ്ഖ് എന്ന അംഗപരിമിതിയുള്ള വ്യക്തിയുടെ പെട്ടിക്കട ബുൾഡോസർ ഉപയോഗിച്ച് തകർത്തിരുന്നു.