എക്സ്പ്രസ് ഹൈവേയിൽ ഇതുവരെ പൊലിഞ്ഞത് 121 ജീവനുകൾ; ആറ് മാസങ്ങൾക്കിടെ 398  അപകടങ്ങൾ

എക്സ്പ്രസ് ഹൈവേയിൽ ഇതുവരെ പൊലിഞ്ഞത് 121 ജീവനുകൾ; ആറ് മാസങ്ങൾക്കിടെ 398 അപകടങ്ങൾ

അപകടമരണം കുറയ്ക്കാൻ ആംബുലൻസുകൾ, പോലീസ് പട്രോളിങ്, ടോൾ ബൂത്തുകളിൽ പ്രഥമ ശുശ്രൂഷ സംവിധാനം എന്നിവ ഏർപ്പെടുത്തുമെന്ന് ഗതാഗത മന്ത്രി നിധിൻ ഗഡ്കരി ലോക്സഭയിൽ
Updated on
2 min read

ബെംഗളൂരു - മൈസൂരു അതിവേഗ പാതയിൽ കഴിഞ്ഞ ആറ് മാസങ്ങൾകൊണ്ട് പൊലിഞ്ഞത് 121 ജീവനുകളെന്ന് കണക്ക്. പാത അനൗദ്യോഗികമായി തുറന്ന് കൊടുത്ത കഴിഞ്ഞ ജനുവരി മുതൽ ഇതുവരെയുള്ള കാലയളവിൽ 398 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്‌. ലോക്സഭയിൽ കർണാടകയിൽ നിന്നുള്ള എം പിമാരായ സുമലത അംബരീഷ്, പ്രജ്വൽ രേവണ്ണ എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടിയായി കേന്ദ്ര ഗതാഗത മന്ത്രി നിധിൻ ഗഡ്ഗരിയാണ്‌ ഈ വിവരങ്ങൾ പുറത്തുവിട്ടത്.

അപകടങ്ങൾ കുറയ്ക്കാൻ ദേശീയ പാത അതോറിറ്റി നടപടികൾ സ്വീകരിച്ചതായി കേന്ദ്ര ഗതാഗത മന്ത്രി നിധിൻ ഗഡ്ഗരി വിശദീകരിച്ചു. കൂടുതൽ ട്രാഫിക് പട്രോളിങ് ഏർപെടുത്തുന്നതിനോടൊപ്പം അപകട സൂചന ബോർഡുകളുടെ എണ്ണം കൂട്ടും. അതിവേഗ പാതയിൽ വിവിധ ഭാഗങ്ങളിലായി ജീവൻരക്ഷാ ഉപകരണങ്ങളും പാരാമെഡിക്കൽ സ്റ്റാഫിന്റെ സാന്നിധ്യവും  ഉൾപ്പെടെയുള്ള ആംബുലൻസുകൾ  ലഭ്യമാക്കും. ടോൾ ബൂത്തുകളിൽ  പ്രഥമ ശുശ്രൂഷ നൽകാനുള്ള സംവിധാനം ഏർപ്പാട് ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

എക്സ്പ്രസ് ഹൈവേയിൽ ഇതുവരെ പൊലിഞ്ഞത് 121 ജീവനുകൾ; ആറ് മാസങ്ങൾക്കിടെ 398  അപകടങ്ങൾ
അതിവേഗ പാതയിൽ ടോൾ പിരിവ് പോലീസ് സംരക്ഷണയിൽ; ബെംഗളൂരു-മൈസൂരു പത്തുവരി പാത സമരമുഖം

ബെംഗളൂരുവിൽ നിന്ന് മൈസൂരിലേക്കുള്ള യാത്രാ സമയം പകുതിയിൽ അധികം ചുരുക്കുന്ന അതിവേഗ പാത കഴിഞ്ഞ മാർച്ച് മാസമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗികമായി ഗതാഗതത്തിന് തുറന്നു കൊടുത്തത്. മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനുള്ള വിധമാണ് ദേശീയ പാത അതോറിറ്റി പാത രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്നാൽ ചിലർ വേഗത കൂട്ടിയുള്ള സാഹസിക യാത്രയ്ക്ക്  അതിവേഗ പാതയെ ഉപയോഗിക്കാൻ തുടങ്ങിയതോടെയായിരുന്നു പാത അപകടപാതയായി കുപ്രസിദ്ധി നേടി തുടങ്ങിയത്.

150 കിലോ മീറ്റർ വേഗതയിൽ ചില യാത്രക്കാർ പാത ഉപയോഗിച്ചതായി പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. പത്ത് വരിപ്പാതയിൽ ലൈൻ മാറുമ്പോഴാണ്  അപകടം കൂടുതലും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പാതയിൽ വേണ്ടത്ര അപകട സൂചന ബോർഡുകൾ ഇല്ലെന്നതും ദുരന്ത സാധ്യത വർധിപ്പിക്കുന്നുണ്ട്. അപകടങ്ങൾ തുടർക്കഥയായതോടെ അമിത വേഗം പിടിക്കാൻ റഡാർ ഗണ്ണുകൾ ഉപയോഗിച്ചുള്ള പരിശോധന ഏർപ്പെടുത്തിയിരിക്കുകയാണ് ട്രാഫിക് പോലീസ്. നൂറ് കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ പോകുന്ന വാഹനങ്ങൾക്ക് പിഴ ചുമത്താൻ തുടങ്ങിയിട്ടുണ്ട്. ചന്ന പട്ടണ മുതൽ  മണ്ടിയ വരെയുള്ള ഭാഗത്താണ് ഏറ്റവും കൂടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അപകടങ്ങൾ ഏറെയും ക്ഷണിച്ചു വരുത്തിയ ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും ഓഗസ്റ്റ് ഒന്ന് മുതൽ അതിവേഗ പാതയിൽ പ്രവേശനമില്ല, സർവീസ് റോഡിലൂടെ വേണം ഈ വാഹനങ്ങൾ യാത്ര ചെയ്യാൻ.

എക്സ്പ്രസ് ഹൈവേയിൽ ഇതുവരെ പൊലിഞ്ഞത് 121 ജീവനുകൾ; ആറ് മാസങ്ങൾക്കിടെ 398  അപകടങ്ങൾ
ബെംഗളൂരു - മൈസൂരു അതിവേഗ പാത തുറന്നു; ഉദ്ഘാടന ചടങ്ങ് തിരഞ്ഞെടുപ്പ് പ്രചാരണ വേദിയാക്കി പ്രധാനമന്ത്രിയുടെ റോഡ് ഷോ

അതേസമയം, പണി പൂർത്തിയാക്കാതെ പാത ഗതാഗതത്തിന് തുറന്നു കൊടുത്തതാണ് അപകടങ്ങൾ വർധിക്കാൻ കാരണമെന്ന് ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി എഡിജിപി അലോക് കുമാർ ഐപിഎസ് കർണാടക സർക്കാരിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. അതിവേഗ പാതയിലെ 20 ഇടങ്ങളിൽ നിർമാണ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുന്നതായിരുന്നു  എഡിജിപി നൽകിയ റിപ്പോർട്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കേന്ദ്രത്തിലെയും കർണാടകയിലെയും ബിജെപിയുടെ ഡബിൾ എൻജിൻ സർക്കാരിന്റെ മഹത്വമായി ഉയർത്തിക്കാട്ടാൻ ആയിരുന്നു പണി പൂർത്തിയാകാതെയുള്ള  തിരക്കിട്ട ഉദ്‌ഘാടനം.

logo
The Fourth
www.thefourthnews.in