'12-ാം ക്ലാസ് വിദ്യാഭ്യാസം, ഒരു ദിവസത്തെ സമ്പാദ്യം 5 കോടിയിലധികം രൂപ'; സൈബർ കുറ്റവാളികളെ വലയിലാക്കി മുംബൈ പോലീസ്
പോലീസ് ഉദ്യോഗസ്ഥനെ വ്യാജേന രാജ്യത്തുടനീളമുള്ള ആളുകളിൽ നിന്ന് പണം തട്ടിയ സൈബർ കുറ്റവാളികളുടെ സംഘത്തെ അറസ്റ്റ് ചെയ്ത് മുംബൈ പോലീസ്. കൊൽക്കത്ത, മുംബൈ, വിശാഖപട്ടണം എന്നിവിടങ്ങളിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സംഘത്തിന് ചൈനയുമായും ബന്ധമുണ്ടെന്ന് ബംഗൂർ നഗർ പോലീസ് പറഞ്ഞു. ഹൈദരാബാദ് സ്വദേശിയായ ശ്രീനിവാസ റാവു ദാദി ആണ് സംഘത്തിന്റെ സൂത്രധാരനെന്ന് പോലീസ് പറഞ്ഞു. മുംബൈ പോലീസിലെ 50 ലധികം പോലീസ് ഉദ്യോഗസ്ഥരുടെ പേരും ഫോട്ടോയും ഉപയോഗിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്.
പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ശ്രീനിവാസ് റാവു മികച്ച സാങ്കേതിക പരിജ്ഞാനമുള്ള വ്യക്തിയാണ്. റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് നടത്തുകയാണെന്ന് ആളുകളെ തെറ്റിദ്ധരിപ്പിച്ച ശ്രീനിവാസ് റാവു ടെലഗ്രാം ആപ്പിലൂടെ മാത്രമാണ് ആശയവിനിമയം നടത്തിയിരുന്നത്. ശ്രീനിവാസ് ഉപയോഗിച്ചിരുന്ന 40 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായും ഇയാളിൽ നിന്ന് 1.5 കോടി രൂപ കണ്ടെടുത്തതായും പോലീസ് അറിയിച്ചു.
പോലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന പ്രതികൾ ഇരകളെ വിളിയ്‌ക്കും. ഇരയുടെ പേരിലുള്ള പാഴ്സലിൽ മയക്കുമരുന്നോ ആയുധങ്ങളോ കണ്ടെത്തിയെന്ന് പറയും. തുടർന്ന് കൊറിയർ അവർ സംസാരിക്കുന്ന വ്യക്തിയുടേതല്ലെന്ന് ഉറപ്പ് വരുത്തുന്നതിനായി വിളിക്കുന്നയാൾ ബാങ്ക് അക്കൗണ്ടിന്റെയോ ആദായ നികുതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങളോ ആവശ്യപ്പെടും. കൂടുതലും സ്ത്രീകളാണ് ഇവരുടെ തട്ടിപ്പിന് ഇരയാകുന്നത്. മിക്ക ആളുകളും കേസ് ഭയന്ന് ബാങ്കും ആധായ നികുതിയുമായും ബന്ധപ്പെട്ട രേഖകള്‍ തട്ടിപ്പുക്കാരുമായി പങ്കുവയ്ക്കും.
ചില കേസുകളിൽ ഇരകൾ OTP പോലും പങ്കിടാറുണ്ടെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അജയ് കുമാർ ബൻസാൽ പറയുന്നു. ചില സന്ദർഭങ്ങളിൽ AnyDesk പോലുള്ള ആപ്പുകൾ ഡൗൺലോഡ് ചെയ്തുകൊണ്ട് തട്ടിപ്പുകാർക്ക് അവരുടെ മൊബൈൽ ഫോണുകളുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള സാഹചര്യവും ഇരകൾ തന്നെ ഉണ്ടാക്കി കൊടുക്കാറുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പിന്നീട് ഇതിലൂടെ അക്കൗണ്ടുകളിൽ നിന്ന് തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യും. ഇത്തരത്തിൽ നിരവധി പരാതികളാണ് ലഭിച്ചിരിക്കുന്നതെന്ന് ബംഗൂർ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
സംഘം മോഷ്ടിച്ച പണമെല്ലാം ശ്രീനിവാസ് കൈകാര്യം ചെയ്തിരുന്ന ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പോകുന്നത്. ഒരു ദിവസം അഞ്ച് കോടി മുതൽ 10 കോടി രൂപയുടെ വരെ ഇടപാടുകൾ നടന്നതായി കണ്ടെത്തിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പിന്നീട് ഈ പണം ക്രിപ്‌റ്റോകറൻസിയാക്കി ചൈനീസ് പൗരന് കൈമാറുകയായിരുന്നുവെന്നാണ് വിവരമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കേസിൽ കൂടുതൽ അറസ്റ്റുകൾ പ്രതീക്ഷിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.