ഡി വൈ ചന്ദ്രചൂഡ്
ഡി വൈ ചന്ദ്രചൂഡ്

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരായ ട്രോള്‍ അധിക്ഷേപം; രാഷ്ട്രപതിക്ക് 13 പ്രതിപക്ഷ നേതാക്കള്‍ കത്തയച്ചു

നീതിന്യായ വ്യവസ്ഥയില്‍ ആളുകള്‍ അനധികൃതമായി ഇടപെടുന്നു എന്ന് ആരോപിച്ചാണ് കത്ത്
Updated on
1 min read

ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ഡി.വൈ.ചന്ദ്രചൂഡിന് നേരെയുള്ള ഓണ്‍ലൈന്‍ ട്രോളിങ്ങിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് 13 പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് കത്ത് അയച്ചു. നീതിന്യായ വ്യവസ്ഥയില്‍ ആളുകള്‍ അനധികൃതമായി ഇടപെടുന്നു എന്ന് ആരോപിച്ചാണ് കത്ത്.

കോണ്‍ഗ്രസ് എംപി വിവേക് തന്‍ഖ എഴുതിയ കത്തിനെ പാര്‍ട്ടി എംപിമാരായ ദ്വിഗ്വിജയ സിങ്, ശക്തിസിന്‍ഹ് ഗോഹില്‍, പ്രമോദ് തിവാരി, അമീയാഗ്നിക്, രഞ്ജിത്ത് രഞ്ജന്‍, ഇമ്രാന്‍ പ്രതാപ്ഗാര്‍ഹി, ആം ആദ്മി പാര്‍ട്ടിയുടെ രാഘവ് ചദ, ശിവസേന അംഗം പ്രിയങ്ക ചതുര്‍വേദി, സമാജ്‌വാദി പാര്‍ടിയുടെ ജയാ ബച്ചന്‍, രാം ഗോപാല്‍യാദവ് എന്നിവര്‍ പിന്തുണച്ചു. ഇതേ വിഷയത്തില്‍ ഇന്ത്യന്‍ അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണിക്കും വിവേക് തന്‍ഖ പ്രത്യേകം കത്തയച്ചിട്ടുണ്ട്.

ഇതേ വിഷയത്തില്‍ ഇന്ത്യന്‍ അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണിക്കും വിവേക് തന്‍ഖ പ്രത്യേകം കത്തയച്ചിട്ടുണ്ട്

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സര്‍ക്കാരിനെ താഴെയിറക്കാന്‍ കാരണമായ വിശ്വാസവോട്ടെടുപ്പിന് ആഹ്വാനം ചെയ്ത മുന്‍ ഗവര്‍ണര്‍ ഭഗത് സിങ് കൊഷ്യാരിയുടെ നടപടിയുടെ സാധുത സംബന്ധിച്ച കേസില്‍ വാദം കേട്ടതിന് ശേഷമാണ് ചീഫ് ജസ്റ്റിസിനും ജുഡീഷ്യറിക്കുമെതിരെ ട്രോളുകള്‍ വന്നത് എന്ന് കത്തില്‍ പറയുന്നു. 2022 ജൂണില്‍ മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ ശിവസേന രണ്ടായി പിരിഞ്ഞതിന് ശേഷമാണ് വിശ്വാസ വോട്ടെടുപ്പ് നടത്തിയത്.

2021 നവംബര്‍ 26 ന് ഭരണഘടനാ ദിനത്തില്‍ മുന്‍ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ എന്‍ വി രമണ മാധ്യമങ്ങളില്‍ പ്രത്യേകിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ ജുഡീഷ്യറിക്ക് നേരെ വര്‍ധിച്ച് വരുന്ന ആക്രമണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇത്തരം ആക്രമണങ്ങളെ കേന്ദ്ര ഏജന്‍സികള്‍ ഫലപ്രദമായ രീതിയില്‍ ചെറുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജസ്റ്റിസുമാര്‍ക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ തടയുന്നതിനായി നിയമം കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് രമണയും തനിക്ക് കത്തെഴുതിയിരുന്നതായി നിയമമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. എന്നാല്‍ ജഡ്ജിമാര്‍ക്കെതിരായി ഉയര്‍ന്നു വരുന്ന വിമര്‍ശനങ്ങളെ നിയമ നിര്‍മാണത്തിലൂടെ തടയുന്നത് പ്രായോഗികമല്ലെന്ന് റിജിജു വ്യക്തമാക്കി.

ജഡ്ജിമാര്‍ക്കെതിരായി ഉയര്‍ന്നു വരുന്ന വിമര്‍ശനങ്ങളെ നിയമ നിര്‍മാണത്തിലൂടെ തടയുന്നത് പ്രായോഗികമല്ലെന്ന് റിജിജു വ്യക്തമാക്കി

കത്തില്‍ പറയുന്നത്;

ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് മഹാരാഷ്ട്രാ സര്‍ക്കാര്‍ രൂപീകരണവും ഗവര്‍ണറുടെ പങ്കും സംബന്ധിച്ചുള്ള സുപ്രധാന കേസില്‍ വാദം കേള്‍ക്കുകയാണെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം. വിഷയം കോടതിയുടെ പരിഗണനയിലുള്ളതാണെങ്കിലും മഹാരാഷ്ട്രയിലെ ഭരണകക്ഷിയോട് അനുഭാവം പുലര്‍ത്തുന്ന ട്രോള്‍ ആര്‍മികള്‍ ചീഫ് ജസ്റ്റിസിനെതിരെ ആക്രമണം അഴിച്ചു വിടുകയാണ്. അതില്‍ പ്രയോഗിക്കുന്ന വാക്കുകളും ട്രോളുകളുടെ ഉള്ളടക്കവും വൃത്തികെട്ടതും പരിതാപകരവുമാണ്, ഇത് സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് ആളുകളാണ് കാണുന്നത്.''

logo
The Fourth
www.thefourthnews.in