ഉത്തർപ്രദേശിൽ ഫീസ് അടയ്ക്കാത്തതിന് അധ്യാപകന്റെ ക്രൂര മര്‍ദനം; പതിമൂന്നുകാരൻ മരിച്ചു
ഉത്തർപ്രദേശിലെ ശ്രാവസ്തിയില്‍ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകന്റെ മർദനമേറ്റ വിദ്യാർത്ഥി മരിച്ചു. 13 വയസുകാരനായ ച്രിജേഷ് ആണ് ഓഗസ്റ്റ് 17ന് ബഹ്റൈച്ചിലെ ആശുപത്രിയിൽ മരിച്ചത്. 250 രൂപ ഫീസ് അടക്കാൻ വൈകിയെന്നാരോപിച്ച് ഓഗസ്റ്റ് 8 നാണ് അധ്യാപകന്‍ കുട്ടിയെ ക്രൂരമായി മര്‍ദിച്ചത്. അധ്യാപകൻ അനുപം പഥക്കിനെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തതായി ശ്രാവാസ്തി പോലീസ് അറിയിച്ചു.
ഓഗസ്റ്റ് എട്ടിന് മൂക്കിൽ നിന്ന് ചോരയൊലിക്കുന്ന മുഖവുമായാണ് ച്രിജേഷ് സ്കൂളില്‍ നിന്ന് വീട്ടില്‍ മടങ്ങിയെത്തിയത് ബന്ധുക്കള്‍ പറയുന്നു. ഫീസ് അടയ്ക്കാത്തതിന് അധ്യാപകനായ അനുപം പഥക് ക്രൂരമായി മർദിച്ചതായി കുട്ടി വീട്ടുകാരോട് പറഞ്ഞു. ഉടൻ തന്നെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ബഹ്‌റയിച്ചിലെ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഓഗസ്റ്റ് 17നാണ് കുട്ടി മരിച്ചത്. കൃത്യസമയത്ത് തന്നെ ഓൺലൈനായി ഫീസ് അടച്ചിരുന്നെന്നും ശ്രദ്ധിക്കാതെയാണ് അധ്യാപകന്‍ ച്രിജേഷിനെ മര്‍ദിച്ചതെന്നും സഹോദരൻ ആരോപിച്ചു.
ചൗലാഹി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന പണ്ഡിറ്റ് ബ്രഹ്മ ദത്ത് സ്‌കൂളിലെ അധ്യാപകനാണ് അനുപം പഥക്. ഓഗസ്റ്റ് 18നാണ് അധ്യാപകന്റെ മര്‍ദനത്തെ തുടര്‍ന്ന് കുട്ടി മരിച്ചെന്ന പരാതി ബന്ധുക്കള്‍ നല്‍കിയതെന്ന് പോലീസ് പറയുന്നു. ഏഴാംക്ലാസ് വിദ്യാര്‍ഥിയായ ച്രിജേഷിനെ സ്കൂളില്‍ വച്ച് അധ്യാപകന്‍ മര്‍ദിച്ചത് കണ്ടവരുണ്ടെന്ന് അമ്മാവന്‍ ശിവകുമാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ബന്ധുക്കളുടെ പരാതിയില്‍ അധ്യാപകനെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തതായി പോലീസ് അറിയിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുകയും സഹപാഠികളുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകുകയും ചെയ്താല്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന് പോലീസ് വ്യക്തമാക്കി.