ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് പഠനമുപേക്ഷിച്ചത് 13,000 വിദ്യാര്‍ഥികൾ; ഒന്‍പതിനായിരം പേർ എസ് സി-എസ് ടി വിഭാഗക്കാർ
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ പിന്നാക്ക വിഭാഗക്കാരായ പതിനായിരത്തിലധികം വിദ്യാര്‍ഥികൾ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നും പഠനം ഉപേക്ഷിച്ചതായി കണക്കുകള്‍. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐഐഎംഎസ്) എന്നിവിടങ്ങളില്‍ നിന്നും പട്ടികജാതി, പട്ടികവര്‍ഗ, ഒബിസി വിഭാഗത്തില്‍പ്പെട്ട 13,626 വിദ്യാര്‍ഥികളാണ് പഠനം ഉപേക്ഷിച്ചതെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാസ് സര്‍ക്കാര്‍ അറിയിച്ചു. ലോക്സഭയില്‍ നല്‍കിയ മറുപടിയിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐഐഎംഎസ്) എന്നിവിടങ്ങളില്‍ നിന്നും പട്ടികജാതി, പട്ടികവര്‍ഗ, ഒബിസി വിഭാഗത്തില്‍പ്പെട്ട 13,626 വിദ്യാര്‍ഥികളാണ് പഠനം ഉപേക്ഷിച്ചത്. ഇതില്‍ 4,596 പേര്‍ ഒബിസി വിഭാഗത്തില്‍പ്പെട്ടവരും, 2424 പട്ടികജാതി, 2622 പട്ടികവര്‍ഗ വിഭാഗങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ഥികളാണെന്നുമാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2066 ഒബിസി, 1068 പട്ടികജാതി, 408 പട്ടികവര്‍ഗ വിദ്യാര്‍ഥികൾ ഐഐടിയില്‍ നിന്നും 163 ഒബിസി, 188 പട്ടികജാതി, 91 പട്ടികവര്‍ഗ വിദ്യാര്‍ഥികൾ ഐഐഎമ്മില്‍ നിന്നും പഠനം ഉപേക്ഷിച്ചതായും കണക്കുകള്‍ പറയുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ കേന്ദ്ര സര്‍വകലാശാലകളില്‍ നിന്നും പട്ടികജാതി, വര്‍ഗ വിഭാഗത്തില്‍പ്പെട്ടവിദ്യാര്‍ഥികൾ പഠനം നിര്‍ത്തിയതുമായി ബന്ധപ്പെട്ടതില്‍ എന്തെങ്കിലും വിലയിരുത്തല്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ടോയെന്ന റിതേഷ് പാണ്ഡേ എംപിയുടെ ചോദ്യത്തിയിരുന്നു മന്ത്രിയുടെ മറുപടി. ലോക്‌സഭയില്‍ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് രേഖാമൂലമാണ് മറുപടി നല്‍കിയത്. ''ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വിദ്യാര്‍ഥികൾക്ക് ഒന്നിലധികം സാധ്യതകളുണ്ട്. സ്ഥാപനങ്ങള്‍ മാറാനും സ്ഥാപനത്തിനുള്ളില്‍ തന്നെ പഠനവിഷയം മാറാനുമുള്ള തിരഞ്ഞെടുപ്പ് അവര്‍ നടത്തുന്നു. വിദ്യാര്‍ഥികൾ അവര്‍ക്കിഷ്ടമുള്ള മറ്റ് ഡിപ്പാര്‍ട്ട്മെന്റുകളിലോ സ്ഥാപനങ്ങളിലോ സീറ്റ് ഉറപ്പിക്കുന്നതിന്റെ ഭാഗമായോ അല്ലെങ്കില്‍ ഏതെങ്കിലും വ്യക്തിഗത കാരണത്തിലോ അടിസ്ഥാനത്തിലാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ഒഴിഞ്ഞുപോകുന്നത്''- മന്ത്രി പറഞ്ഞു.
ഫീസ് കുറയ്ക്കല്‍, പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കല്‍, സ്‌കോളര്‍ഷിപ്പുകള്‍, സാമ്പത്തിക പശ്ചാത്തലം കുറഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം തുടരാന്‍ സഹായിക്കുന്നതിന് ദേശീയ തലത്തിലുള്ള സ്‌കോളര്‍ഷിപ്പുകള്‍ക്ക് മുന്‍ഗണന നല്‍കല്‍ തുടങ്ങിയവയ്ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കിവരുന്നതായും മന്ത്രി പറഞ്ഞു. എസ്‌സി, എസ്ടി വിദ്യാര്‍ഥികളുടെ ക്ഷേമത്തിന് വേണ്ടി ഐഐടിയിലെ ട്യൂഷന്‍ ഫീസുകള്‍ ഒഴിവാക്കല്‍, സെന്‍ട്രല്‍ സെക്ടര്‍ പദ്ധതിക്ക് കീഴിലുള്ള ദേശീയ സ്‌കോളര്‍ഷിപ്പുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്‌കോളര്‍ഷിപ്പുക്കുകള്‍ തുടങ്ങിയ സംവിധാനങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ് സി എസ്ടി വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി പരിഹരിക്കുന്നതിന് എസ് സി എസ് ടി സെല്ലുകള്‍, തുല്യ അവസര സെല്ലുകള്‍ വിദ്യാര്‍ഥികളുടെ പരാതി സെല്ലുകള്‍, പരാതി പരിഹാര കമ്മിറ്റി, സ്റ്റുഡന്‍സ് സോഷ്യല്‍ ക്ലബ്, ലെയ്‌സണ്‍ കമ്മിറ്റി, തുടങ്ങിയ കമ്മിറ്റികളും നിലവിലുണ്ട്. വിദ്യാര്‍ഥികൾക്കിടയില്‍ സമത്വവും സാഹോദര്യവും പ്രോത്സാഹിപ്പിക്കുന്നതിന് യുജിസിയും നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും മന്ത്രി മറുപടിയില്‍ സൂചിപ്പിച്ചു.