ശിവരാത്രി ദിവസം ദളിതർ ക്ഷേത്രത്തിൽ പ്രവേശിച്ചതിനെച്ചൊല്ലി സംഘർഷം; 14 പേര്‍ക്ക് പരുക്ക്

ശിവരാത്രി ദിവസം ദളിതർ ക്ഷേത്രത്തിൽ പ്രവേശിച്ചതിനെച്ചൊല്ലി സംഘർഷം; 14 പേര്‍ക്ക് പരുക്ക്

മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ രണ്ടിടങ്ങളിലാണ് ആളുകൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്
Updated on
1 min read

മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ ക്ഷേത്ര പ്രവേശനത്തെ ചൊല്ലി വിവിധ ജാതി വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. ശിവരാത്രി ദിനത്തില്‍ ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചെന്ന വിഷയത്തിലാണ് രണ്ടിടങ്ങളിലായി വിവിധ വിഭാഗങ്ങള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. സംഘര്‍ഷങ്ങളില്‍ 14 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. സംഘര്‍ത്തിൻ്റെ പേരില്‍ നൂറോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ശനിയാഴ്ച വൈകിട്ടോടെ ആയിരുന്നു സംഘര്‍ഷം ആരംഭിച്ചത്. ഗുർജാർ സമുദായത്തിൽപ്പെട്ട ഭയ്യാ ലാൽ പട്ടേലിൻ്റെ നേതൃത്വത്തിലുള്ള ഒരു സംഘം ആളുകൾ ദളിത് പെൺകുട്ടികളെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് തടഞ്ഞുവെന്ന് ദളിത് സമുദായാംഗമായ പ്രേംലാൽ നൽകിയ പരാതിയിൽ പറയുന്നു.

ഭോപ്പാലിൽ നിന്ന് 250 കിലോമീറ്റർ അകലെയുള്ള പ്രദേശത്ത് നടന്ന അക്രമത്തിൽ കല്ലേറുൾപ്പെടെ നടന്നു. സംഘർഷത്തിൽ ഉൾപ്പെട്ട ഇരു വിഭാഗക്കാരിൽ നിന്നും പരാതി സ്വീകരിച്ചിട്ടുണ്ടെന്നും നടപടിയെടുക്കുമെന്നും പോലീസ് ഓഫീസർ വിനോദ് ദീക്ഷിത് പറഞ്ഞു. ഒരു ആൽമരം മുറിക്കുന്നതുമായി ബന്ധപ്പെട്ടും, ബി ആർ അംബേദ്ക്കറുടെ പ്രതിമ സ്ഥാപിക്കുന്നതിനെ ചൊല്ലിയും ഗ്രാമത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംഘർഷം നിലനിന്നിരുന്നു.

അതേസമയം സമീപ പ്രദേശമായ കസ്രവാഡിൽ നടന്ന മറ്റൊരു സംഘർഷത്തിൽ ശിവക്ഷേത്രത്തിലെ പ്രാർഥനയിൽ നിന്ന് വിലക്കിയതായി ഒരു വിഭാഗം ആരോപിച്ചു. ശിവലിംഗത്തിൽ വെള്ളം ഒഴിച്ചതിന് ഒരു കൂട്ടം സ്ത്രീകൾ ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും തള്ളിയിടുകയും ചെയ്തുവെന്നായിരുന്നു ഒരു സ്ത്രീയുടെ ആരോപണം. ജാതിവിവേചനത്തിനെതിരായ നിയമങ്ങളുൾപ്പെടെ ചേർത്ത് അഞ്ചുപേർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടന്ന് പോലീസ് ഉദ്യോഗസ്ഥൻ മനോഹർ സിംഗ് ഗാവ്‌ലി വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in