2024 ലോക്സഭാ തിരഞ്ഞെടുപ്പ് നേരിടാൻ ബിജെപിക്ക് ഭയമെന്ന് തേജസ്വി യാദവ്; പ്രതിപക്ഷ യോഗത്തിൽ 15 പാർട്ടികൾ പങ്കെടുക്കും

2024 ലോക്സഭാ തിരഞ്ഞെടുപ്പ് നേരിടാൻ ബിജെപിക്ക് ഭയമെന്ന് തേജസ്വി യാദവ്; പ്രതിപക്ഷ യോഗത്തിൽ 15 പാർട്ടികൾ പങ്കെടുക്കും

ബിആർഎസ് നേതാവ് കെ ചന്ദ്രശേഖര റാവു പങ്കെടുക്കുമോ എന്നതിൽ വ്യക്തതയില്ല
Updated on
1 min read

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ഐക്യ പ്രഖ്യാപനത്തിന് വേദിയാകാൻ ഒരുങ്ങുകയാണ് ബിഹാർ. ജൂൺ 23 ന് പട്നയിൽ നടക്കുന്ന മഹായോഗത്തിൽ 15 പ്രതിപക്ഷ പാർട്ടികൾ പങ്കെടുക്കുമെന്ന് ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് സ്ഥിരീകരിച്ചു.

ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിപക്ഷ പാർട്ടികൾ പട്നയിൽ യോഗം തീരുമാനിച്ചത്. നേരത്തെ ജൂൺ 12 ന് തീരുമാനിച്ച യോഗം, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, എം കെ സ്റ്റാലിൻ തുടങ്ങിയവരുടെ അസൗകര്യം മൂലം ജൂൺ 23 ലേക്ക് മാറ്റുകയായിരുന്നു. 2024ൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം കെട്ടിപ്പടുക്കുകയാണ് യോഗത്തിന്റെ ലക്ഷ്യം. സമാന നിലപാടുള്ള പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളെ നിതീഷ് കുമാർ നേരിട്ട് കണ്ട് ചർച്ചയ്ക്ക് ക്ഷണിക്കുകയായിരുന്നു. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ കോടതി വിധിയടക്കം പ്രതിപക്ഷ പാർട്ടികളുടെ ശക്തിപ്രകടനത്തിനും കൂട്ടായ്മയ്ക്കും വഴിവച്ചിരുന്നു. ഇതിന് കൂടുതൽ കെട്ടുറപ്പുള്ള രൂപം കൈവരികയാണ് പട്നാ യോഗത്തിലൂടെ.

പാർട്ടിയുടെ പ്രതിനിധികളല്ല പ്രധാന നേതാക്കൾ തന്നെയാകും യോഗത്തിൽ പങ്കെടുക്കുകയെന്ന് തേജസ്വി യാദവ് പറഞ്ഞു. ബിജെപിക്ക് 2024ലെ തിരഞ്ഞെടുപ്പ് നേരിടാൻ ഭയമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തെലങ്കാന മുഖ്യമന്ത്രിയും ഭാരത് രാഷ്ട്ര സമിതി നേതാവുമായ കെ ചന്ദ്രശേഖർ റാവു യോഗത്തിൽ പങ്കെടുക്കുമോ എന്നതിൽ വ്യക്തത വന്നിട്ടില്ല. ദേശീയ വിഷയങ്ങൾ മനസ്സിൽ വെച്ചുകൊണ്ട് പ്രവർത്തിക്കേണ്ടതുണ്ടെന്നും യോഗത്തെ പിന്തുണയ്‌ക്കേണ്ടത് ആവശ്യമാണെന്നും എൻസിപി നേതാവ് ശരദ് പവാറും പറഞ്ഞു.

ബിജെപി സഖ്യത്തിന്റെ ഭാഗമായിരുന്ന ജനതദൾ (യു) ആർ ജെ ഡി- കോൺഗ്രസ് സഖ്യത്തിന്റെ ഭാഗമായതിന് പിന്നാലെയാണ് പ്രതിപക്ഷ ഐക്യമെന്ന ലക്ഷ്യം നിറവേറ്റാൻ നിതീഷ് കുമാർ മുന്നിട്ടിറങ്ങിയത്. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ജാർഖണ്ഡ് മുക്തി മോർച്ച നേതാവ് ഹേമന്ത് സോറൻ, ശിവസേന (ഉദ്ധവ് പക്ഷം) നേതാവ് ഉദ്ധവ് താക്കറെ, എൻസിപി നേതാവ് ശരദ് പവാർ, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐഎംഎൽ ജനറൽ സെക്രട്ടറി ദീപങ്കർ ഭട്ടാചാര്യ എന്നിവർ ജൂൺ 23 ന് നടക്കുന്ന യോഗത്തിൽ പങ്കെടുക്കും.

logo
The Fourth
www.thefourthnews.in