പുകവലിച്ചതിന് അധ്യാപകരുടെ ക്രൂരമർദനം; ബിഹാറിലെ പത്താംക്ലാസുകാരന്റെ മരണത്തിൽ സ്കൂളിനെതിരെ കുടുംബം
അധ്യാപകരുടെ ക്രൂരമർദനത്തിൽ ബിഹാറിൽ പത്താംക്ലാസുകാരന് ദാരുണാന്ത്യം. പുകവലിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ബജ്‌രംഗി കുമാർ എന്ന 15കാരനെ സ്കൂളിലെ അധ്യാപകർ ബെൽറ്റുകൊണ്ട് മർദിച്ചതായാണ് ആരോപണം. മധുബെൻ റൈസിങ് സ്റ്റാർ പ്രെപ് എന്ന സ്വകാര്യ റെസിഡൻഷ്യൽ സ്കൂളിലായിരുന്നു സംഭവം. അധ്യാപകരുടെ ക്രൂരമർദനമാണ് മരണകാരണമെന്നാരോപിച്ച് ബജ്‌രംഗിയുടെ കുടുംബം രംഗത്തെത്തി.
ഒരു കടയ്ക്ക് സമീപം കൂട്ടുകാരുമൊത്ത് പുകവലിക്കുകയായിരുന്ന ബജ്‌രംഗിയെ അതുവഴി പോകുകയയായിരുന്ന സ്കൂൾ ചെയർമാൻ വിജയ് കുമാർ യാദവും അധ്യാപകനുമാണ് കാണുന്നത്. തുടർന്ന് സ്കൂളിലേക്ക് നിർബന്ധിച്ച് കൂട്ടിക്കൊണ്ട് പോകുകയും കുട്ടിയുടെ അച്ഛനെ വിളിച്ച് കാര്യങ്ങൾ ധരിപ്പിക്കുകയും ചെയ്തു.
റിപ്പയർ ചെയ്യാൻ കൊടുത്തിരുന്ന അമ്മയുടെ മൊബൈൽ ഫോൺ തിരികെ വാങ്ങാൻ കടയിലെത്തിയതായിരുന്നു കുട്ടി. പുകവലിച്ചുവെന്ന കാരണത്താൽ കുട്ടിയോട് ക്ഷുഭിതനായ ചെയർമാനും അധ്യാപകരും മകനെ നിർദയം മർദിക്കുകയായിരുന്നുവെന്ന് അമ്മയും പെങ്ങളും ആരോപിച്ചു. കുട്ടിയുടെ വസ്ത്രങ്ങൾ അഴിച്ചുമാറ്റിയ ശേഷമാണ് ബെൽറ്റ് കൊണ്ടടിച്ചതെന്നും അവർ പറഞ്ഞു.
ബജ്‌രംഗിക്ക് ബോധക്ഷയം സംഭവിച്ചതോടെയാണ് അധ്യാപകർ ഉൾപ്പെടുന്ന സംഘം മർദനം അവസാനിപ്പിച്ച് മധുബനിലെ സ്വകാര്യ ആശുപത്രിയിലേക്ക് കുട്ടിയെ കൊണ്ടുപോയി. എന്നാൽ ആശുപത്രി അധികൃതർ മുസാഫർപുരിലെ കൂടുതൽ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടു. അവിടെ ചികിത്സയിലിരിക്കെയാണ് ബജ്‌രംഗി മരിക്കുന്നത്. കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ ഉൾപ്പെടെ കഴുത്തിലും കൈകളിലും ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭ്യമായാലേ കൂടുതൽകാര്യങ്ങൾ അറിയാനാകൂ.
കുടുംബത്തിന്റെ ആരോപണങ്ങൾ തള്ളിയ സ്കൂൾ ചെയർമാൻ, കുട്ടി വിഷം കഴിച്ചതാണ് മരണകാരണമെന്ന് അവകാശപ്പെട്ടു. പുകവലിച്ചാൽ വീട്ടിൽ അറിയുമെന്ന ഭയത്താൽ വിഷം കഴിച്ചതാണെന്നാണ് ചെയർമാൻ വിജയ് യാദവിന്റെ വാദം. രണ്ട് മാസം മുൻപാണ് ബോർഡിങ് സ്കൂളിൽ ബജ്‌രംഗി അഡ്മിഷനെടുക്കുന്നത്. നിലവിൽ പോലീസ് സ്കൂൾ പൂട്ടി സീൽ വയ്ച്ചരിക്കുകയാണ്.