ഒരു വര്‍ഷത്തിനിടെ വിചാരണക്കോടതികള്‍ വധശിക്ഷ വിധിച്ചത് 165 പേര്‍ക്ക്; രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന കണക്ക്

ഒരു വര്‍ഷത്തിനിടെ വിചാരണക്കോടതികള്‍ വധശിക്ഷ വിധിച്ചത് 165 പേര്‍ക്ക്; രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന കണക്ക്

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരില്‍ മൂന്നിലൊന്നും ലൈംഗിക കുറ്റകൃത്യങ്ങളിലേർപ്പെട്ടവരാണെന്ന് കണക്കുകള്‍
Updated on
2 min read

രാജ്യത്ത് വിചാരണക്കോടതികള്‍ വധശിക്ഷ വിധിക്കുന്നതിനുള്ള വ്യവസ്ഥകളില്‍ പുനഃപരിശോധന വേണമെന്ന സുപ്രീംകോടതി വിധി കഴിഞ്ഞ വർഷമായിരുന്നു. പ്രതി ഏതെങ്കിലും വിധത്തിലുള്ള ശിക്ഷായിളവിന് അർഹനാണോയെന്ന് ഉറപ്പിച്ച ശേഷം മാത്രം വധശിക്ഷ എന്ന ലക്ഷ്യത്തോടെയായിരുന്നു കോടതിയുടെ ഇടപെടല്‍. എന്നാല്‍, സുപ്രീംകോടതിയുടെ ഉദ്ദേശത്തെ ചോദ്യം ചെയ്യുന്നതാണ് 2022 ല്‍ വിചാരണക്കോടതികള്‍ വിധിച്ച വധശിക്ഷയുടെ എണ്ണം. വിചാരണക്കോടതികൾ 2022ൽ വധശിക്ഷയ്ക്ക് വിധിച്ചത് 165 പേരെയാണെന്നാണ് കണക്കുകള്‍. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങള്‍ക്കിടയിലെ ഏറ്റവും ഉയർന്ന കണക്കാണിത്. 2021-ൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത് 146 തടവുകാരായിരുന്നു. ഇത്തരം കേസുകളില്‍ മൂന്നിലൊന്നും ലൈംഗിക കുറ്റകൃത്യങ്ങളിലേർപ്പെട്ടവരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 2016 മുതല്‍ 2022-ന്റെ അവസാനം വരെ 539 പേർ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. 2016 മുതലുള്ള കണക്കില്‍ 40ശതമാനം വർധനയാണുണ്ടായിരിക്കുന്നത്.

2016ൽ ലൈംഗികാതിക്രമ കേസുകളില്‍ വധശിക്ഷ വിധിച്ചിരുന്നത് 17.6 ശതമാനം കേസുകള്‍ക്ക് മാത്രമായിരുന്നു. 2022-ൽ ഇത് 31.5% ആയി

'ഇന്ത്യയിലെ വധശിക്ഷ: വാർഷിക സ്ഥിതിവിവരക്കണക്ക് 2022'ന്റെ ഭാഗമായാണ് ദേശീയ നിയമ സർവകലാശാല, പ്രോജക്ട് 39 എ എന്ന പേരില്‍ വിശദമായ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 2008ലെ സ്‌ഫോടന പരമ്പര കേസിൽ അഹമ്മദാബാദ് കോടതി 2022 ഫെബ്രുവരിയിൽ 38 പേർക്ക് വധശിക്ഷ വിധിച്ചതാണ് എണ്ണം കുത്തനെ ഉയരാൻ കാരണമായത്. 2016ൽ ലൈംഗികാതിക്രമ കേസുകളില്‍ വധശിക്ഷ വിധിച്ചിരുന്നത് 17.6 ശതമാനം കേസുകള്‍ക്ക് മാത്രമായിരുന്നു. 2022-ൽ ഇത് 31.5% ആയി ഉയർന്നു.

വർധിച്ചു വരുന്ന കണക്കുകള്‍ വിചാരണ കോടതികളില്‍ പൊതുവെ കൂടി വരുന്ന ട്രെൻഡ് കൂടിയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് നിയമവിദഗ്ധനും പ്രോജക്ടിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ അനൂപ് സുരേന്ദ്രനാഥ് പറയുന്നു. കോവിഡ് മഹാമാരി കാരണം 2020ല്‍ വധശിക്ഷയുടെ തോത് വളരെ കുറവായിരുന്നെന്നും എന്നാലിപ്പോള്‍ വിചാരണ കോടതികൾ വീണ്ടും ഉയർന്ന തോതില്‍ വധശിക്ഷ വിധിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വധശിക്ഷ നടപ്പാക്കുന്ന രീതിയിലെ ഗുരുതരമായ പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടാനുള്ള സുപ്രീംകോടതിയുടെ ശ്രമങ്ങൾക്ക് വിരുദ്ധമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വധശിക്ഷ വിധിക്കും മുൻപ് വിചാരണക്കോടതിയില്‍ ശിക്ഷ ലഘൂകരിക്കാനുതകുന്ന സാഹചര്യങ്ങള്‍ വിശദമായി അവതരിപ്പിക്കാൻ പ്രതിക്ക് അവസരം നല്‍കണോയെന്നത് അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കാൻ സുപ്രീംകോടതി 2022 സെപ്റ്റംബറില്‍ ഉത്തരവിട്ടിരുന്നു. പ്രതി കുറ്റക്കാരനാണെന്ന് വിധിച്ച ശേഷം, ശിക്ഷ വിധിക്കുന്നതിന് മുൻപ് ഏതെങ്കിലും തരത്തിലുള്ള പരിഗണന പ്രതി അർഹിക്കുന്നുണ്ടോയെന്ന് കണ്ടത്തലാണ് പ്രധാന ഉദ്ദേശം. കുറ്റകൃത്യത്തിന്റെ ക്രൂരത പരിഗണിക്കുന്നതിനൊപ്പം അതിലേക്ക് നയിച്ച സാഹചര്യം, കൃത്യത്തിന് ശേഷം പ്രതിയുടെ മാനസികാവസ്ഥ തുടങ്ങിയവയെല്ലാം കണക്കിലെടുത്ത് വേണം ശിക്ഷ വിധിക്കാനെന്ന ലക്ഷ്യത്തിലായിരുന്നു സുപ്രീംകോടതി ഇടപെടല്‍. വിചാരണക്കോടതികള്‍ക്ക് എങ്ങനെ വധശിക്ഷ ലഘൂകരിക്കാമെന്ന് സ്വമേധയാ പരിശോധിക്കുകയായിരുന്നു കോടതി.

കോവിഡ് മഹാമാരി കാരണം 2020ല്‍ വധശിക്ഷയുടെ തോത് വളരെ കുറവായിരുന്നു, എന്നാലിപ്പോള്‍ വിചാരണ കോടതികൾ വധശിക്ഷ വിധിക്കുന്നത് വീണ്ടും വർധിച്ചു

സുപ്രീംകോടതി മാർഗനിർദേശവും നടപടിക്രമങ്ങളോടുള്ള വിചാരണക്കോടതികളുടെ അവഗണനയും തമ്മിലുള്ള എക്കാലത്തെയും അന്തരം പ്രോജക്റ്റ് 39 എ ഗവേഷണത്തിലൂടെ ആവർത്തിച്ച് സ്ഥാപിച്ചിട്ടുണ്ടെന്ന് പ്രോജക്ടർ ഡയറക്ടർ പറഞ്ഞു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാരുടെ എണ്ണം വർധിക്കുന്നതാണ് ആശങ്കയുളവാക്കുന്ന മറ്റൊരു വിഷയം. 2016 ഡിസംബറിൽ 400 ആയിരുന്നത് 2022 ഡിസംബറിലെ കണക്കനുസരിച്ച് 539 ആയി ഉയർന്നു. ഏറ്റവും കൂടുതൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാർ ഉത്തർപ്രദേശി(100)ലാണ്, തൊട്ടുപിന്നാലെ ഗുജറാത്ത് (61), ജാർഖണ്ഡ് (46) എന്നീ സംസ്ഥാനങ്ങളാണ്.

2016 ഡിസംബറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാരുടെ എണ്ണം 400 ആയിരുന്നത് 2022 ഡിസംബറിലെ കണക്കനുസരിച്ച് 539 ആയി ഉയർന്നു

“അപ്പീൽ കോടതികൾ പരിഗണിക്കുന്ന വധശിക്ഷാ കേസുകളിൽ ഭൂരിഭാഗവും ശിക്ഷ ഇളവ് ചെയ്യുകയോ കുറ്റവിമുക്തരാക്കുകയോ ചെയ്യുന്നവയാണ്. ഇത് മരണനിരക്ക് ഓരോ വർഷവും വർധിക്കുന്നതിലേക്ക് നയിക്കുന്നു. ഇതെല്ലാം ഇന്ത്യയുടെ വധശിക്ഷാ വ്യവസ്ഥയിലെ പ്രതിസന്ധിയെയാണ് ഉയർത്തിക്കാട്ടുന്നത്, ഭരണഘടനാപരമായി സ്വീകാര്യമായ രീതിയിൽ നടപ്പാക്കാൻ കഴിയുന്ന ശിക്ഷയാണോ വധശിക്ഷ എന്ന ചോദ്യമാണ് ഉയരുന്നത്”- സുരേന്ദ്രനാഥ് പറഞ്ഞു.

logo
The Fourth
www.thefourthnews.in