സമുദായം മാറി വിവാഹം: ഗുജറാത്തില്‍ 17 കുടുംബങ്ങള്‍ക്ക് ജാതി വിലക്ക്
ഗുജറാത്തിലെ ഭൂതാവദ് ഗ്രാമത്തില്‍ 17 കുടുംബങ്ങള്‍ക്ക് ജാതിയുടെ പേരില്‍ വിലക്ക്. മുടിവെട്ട് കുലത്തൊഴിലായ നയീ സമുദാത്തിലുള്ള കുടുംബങ്ങളെയാണ് ഒരു വിഭാഗം വിലക്കിയിരിക്കുന്നത്. നയീ സമുദായാംഗമായ സച്ചിന്‍ എന്ന യുവാവ് പട്ടേല്‍ സമുദായത്തില്‍ നിന്നുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരിലാണ് ഊരുവിലക്ക്.
നയീ സമുദായാംഗങ്ങള്‍ക്ക് പച്ചക്കറിയോ പലചരക്കോ ഒന്നും നല്‍കാന്‍ ഗ്രാമത്തിലെ കടക്കാര്‍ തയ്യാറാകുന്നില്ല. ഇവരുടെ കുട്ടികളെ സ്കൂളില്‍ പോകുന്നതിനും വിലക്കേര്‍പ്പെടുത്തി. സച്ചിന്‍ വിവാഹം കഴിച്ച പെണ്‍കുട്ടിയെ തിരിച്ചയക്കാതെ സമുദായത്തിലെ ഒരാളെപ്പോലും ജീവിക്കാന്‍ അനുവദിക്കില്ലെന്നാണ് ഭീഷണി.
പട്ടേല്‍ സമുദായക്കാര്‍ ചേര്‍ന്ന് 17 വീടുകളിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കുന്നതും വീടുകള്‍ക്ക് നേരെ കല്ലെറിയുന്നതും പതിവായിരിക്കുകയാണ്. കൂട്ടത്തിലുള്ള ഗര്‍ഭിണിയോട് പോലും പട്ടേല്‍ സമുദായാംഗങ്ങള്‍ മോശമായി പെരുമാറിയെന്നും സാമൂഹിക ബഹിഷ്കരണം നേരിടുന്നവര്‍ പറയുന്നു. നയീ സമുദായത്തിലെ സ്ത്രീകളും കുട്ടികളുമാണ് വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നത്. ഇവര്‍ക്ക് വീടിന് പുറത്തിറങ്ങാന്‍ പോലും സാധിക്കുന്നില്ല.
പട്ടേല്‍ സമുദായക്കാരുമായി മധ്യസ്ഥതയ്ക്ക് ശ്രമിച്ചെങ്കിലും പിന്നോട്ടില്ലെന്ന നിലപാടിലാണ് അവരെന്നും നയീ സമുദായാംഗങ്ങള്‍ പറയുന്നു. മറ്റ് വഴികളില്ലാതെ പുനരധിവസിപ്പിക്കാന്‍ ഇടപെടണമെന്ന് ചൂണ്ടിക്കാട്ടി കളക്ടര്‍ക്ക് നിവേദനം നല്‍കിയിരിക്കുകയാണ് 17 കുടുംബങ്ങളില്‍ നിന്നുള്ളവര്‍. വിഷയം ശ്രദ്ധയില്‍പ്പെട്ടതോടെ കളക്ടര്‍ ഗ്രാമം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനേയും പ്രാദേശിക ഉദ്യോഗസ്ഥരേയും ചുമതലപ്പെടുത്തി. 24 മണിക്കൂറിനകം പ്രശ്നം പരിഹരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കളക്ടര്‍ പറയുന്നു.