ഭരണഘടനയെ മാനിക്കാത്ത അഞ്ച് വര്‍ഷം! ഡെപ്യൂട്ടി സ്പീക്കറില്ലാതെ പതിനേഴാം ലോക്‌സഭ കാലാവധി പൂര്‍ത്തിയാക്കുന്നു

ഭരണഘടനയെ മാനിക്കാത്ത അഞ്ച് വര്‍ഷം! ഡെപ്യൂട്ടി സ്പീക്കറില്ലാതെ പതിനേഴാം ലോക്‌സഭ കാലാവധി പൂര്‍ത്തിയാക്കുന്നു

സാധാരണഗതിയിൽ സ്പീക്കർ ഭരണകക്ഷിയിൽ നിന്നും ഡെപ്യൂട്ടി സ്പീക്കർ പ്രതിപക്ഷത്തു നിന്നുമാണ് ഉണ്ടാവുക
Updated on
2 min read

പതിനേഴാമത് ലോക്സഭ ഡെപ്യൂട്ടി സ്പീക്കറില്ലാത്ത സഭയായി അവസാനിക്കുകയാണ്. പാർലമെന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സർക്കാർ അവതരിപ്പിച്ച ഇടക്കാല ബജറ്റിലൂടെ സഭ അതിന്റെ അവസാന സിറ്റിംഗ് പൂർത്തിയാക്കുമ്പോൾ, കഴിഞ്ഞ അഞ്ചു വർഷവും സഭ പ്രവർത്തിച്ചത് ഡെപ്യൂട്ടി സ്പീക്കറില്ലാതെയാണ് എന്നു മനസിലാക്കേണ്ടതുണ്ട്. സാധാരണഗതിയിൽ സഭയുടെ സ്പീക്കർ ഭരണകക്ഷിയിൽ നിന്നും ഡെപ്യൂട്ടി സ്പീക്കർ പ്രതിപക്ഷത്തു നിന്നുമാണ് ഉണ്ടാവുക. ഈ കീഴ്വഴക്കം മറന്നു എന്ന് മാത്രമല്ല ഡെപ്യൂട്ടി സ്പീക്കർ എന്ന സ്ഥാനം തന്നെ വയ്ക്കുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്തത്.

ഭരണഘടനയെ മാനിക്കാത്ത അഞ്ച് വര്‍ഷം! ഡെപ്യൂട്ടി സ്പീക്കറില്ലാതെ പതിനേഴാം ലോക്‌സഭ കാലാവധി പൂര്‍ത്തിയാക്കുന്നു
പറയുന്നത്‌ 'മോദികാലം അമൃതകാലം', പക്ഷേ ആരോഗ്യമേഖലയ്ക്ക് പഞ്ഞകാലം; ബജറ്റ്‌പെട്ടി തുറന്നുപരിശോധിക്കുമ്പോള്‍

ഭരണഘടനാപരമായ പദവിയാണ് ഡെപ്യൂട്ടി സ്പീക്കറിന്റേത്. നിർബന്ധമായും ആ സ്ഥാനത്തേക്ക് ആളെ തിരഞ്ഞെടുക്കേണ്ടതുണ്ട്. സ്പീക്കറെ തിരഞ്ഞെടുത്ത് ഒരാഴ്ചയ്ക്കുള്ളിൽ ഡെപ്യൂട്ടി സ്പീക്കറെ തിരഞ്ഞെടുക്കണമെന്നാണ് ചട്ടം. പ്രതിപക്ഷത്ത് നിന്ന് തന്നെ തിരഞ്ഞെടുക്കേണ്ടതുണ്ട് എന്ന് നിയമമൊന്നുമില്ല, എന്നാല്‍ സഭയിലെ സൗഹൃദാന്തരീക്ഷം നിലനിർത്താൻ വേണ്ടി കാലങ്ങളായി ആ കീഴ്‌വഴക്കമാണ് പിന്തുടരുന്നത്. ഈ സ്ഥാനത്തേക്ക് ഒരാളെ തിരഞ്ഞെടുക്കുന്നില്ല എന്നു വച്ചാൽ ഭരണഘടനാപരമായ സ്ഥാനങ്ങളെ സർക്കാർ അംഗീകരിക്കുന്നില്ല എന്നാണർത്ഥം.

ഭരണഘടന പറയുന്നത്

അനുച്ഛേദം 93 പ്രകാരം സഭ നിലവിൽ വന്ന് എത്രയും പെട്ടന്ന് രണ്ട് അംഗങ്ങളെ സ്പീക്കറായും ഡെപ്യൂട്ടി സ്പീക്കറായും തിരഞ്ഞെടുക്കണം. ഈ സ്ഥാനത്ത് ആളില്ലാതാകുന്നത് ഏതവസരത്തിലാണോ അപ്പോൾ മറ്റ് രണ്ടുപേരെ ആ സ്ഥാനത്തേക്ക് നിയോഗിക്കണം. എന്നാൽ ഇപ്പോൾ കഴിയുന്ന ലോക്സഭ അതിന്റെ കാലാവധിയിൽ ഒരിക്കൽപോലും ഒരു ഡെപ്യൂട്ടി സ്പീക്കറെ തിരഞ്ഞെടുത്തിട്ടില്ല.

ചരിത്രത്തിൽ ഏറ്റവും കാലതാമസമെടുത്ത് ഡെപ്യൂട്ടി സ്പീക്കറെ തിരഞ്ഞെടുത്തത് 12 ആം ലോക്സഭയിലാണ്. അന്ന് പിഎം സയീദിനെ ഡെപ്യൂട്ടി സ്പീക്കർ ആയി തിരഞ്ഞെടുത്തത് സഭ ആരംഭിച്ച് 270 ദിവസങ്ങൾക്ക് ശേഷമാണ്. അന്ന് ജി എം സി ബാലയോഗിയായിരുന്നു സ്പീക്കർ. അതിനെല്ലാമപ്പുറമാണ് ഡെപ്യൂട്ടി സ്പീക്കറെ തിരഞ്ഞെടുക്കാത്ത 17 ആമത് ലോക്സഭ. ഒരാഴ്ചകൂടി കഴിഞ്ഞാൽ ഇപ്പോഴത്തെ ലോക്സഭ പിരിയും. അതോടുകൂടി ഒരു ഡെപ്യൂട്ടി സ്പീക്കറില്ലാത്ത ആദ്യ ലോക്സഭയായി ഈ സഭ ചരിത്രത്തിന്റെ ഭാഗമാകും.

സ്പീക്കറുടെ അഭാവത്തിൽ സഭ നിയന്ത്രിക്കാനുള്ള അധികാരം ഡെപ്യൂട്ടി സ്പീക്കർക്കാണ്. സഭയെ നയിക്കുന്ന അവസരത്തിൽ സ്പീക്കർക്കുള്ള എല്ലാ അധികാരങ്ങളും ഡെപ്യൂട്ടി സ്പീക്കർക്കുമുണ്ടാകും. എന്നാൽ സ്പീക്കറുള്ള സാഹചര്യത്തിൽ സഭയുടെ ദിവസേനയുള്ള നടപടികളിൽ ഇടപെടാനും അഭിപ്രായം പറയാനും വോട്ട് ചെയ്യാനും ഡെപ്യൂട്ടി സ്പീക്കർക്ക് അവകാശമുണ്ട്. ഡെപ്യൂട്ടി സ്പീക്കറെ കൂടാതെ പത്തുപേരടങ്ങുന്ന ഒരു പാനലും ലോക്സഭ രൂപീകരിക്കും. സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും അഭാവത്തിൽ സഭയെ നയിക്കുന്നതിനാണ് ഈ പത്തംഗ പാനൽ.

നിലവിൽ ബിജെപിയിൽ നിന്ന് രമാ ദേവിയും, കിരിത് പി സോളാങ്കിയും, രാജേന്ദ്ര അഗർവാളും, കോൺഗ്രസിൽ നിന്ന് കൊടിക്കുന്നിൽ സുരേഷും, ഡിഎംകെയിൽ നിന്ന് എ രാജയും, വൈഎസ്ആർസിപിയിൽ നിന്ന് പിവി മിഥുൻ റെഡ്ഢിയും ബിജു ജനതാ ദള്ളിൽ നിന്ന് ഭർതൃഹരി മഹ്താബും ആർഎസ്‌പിയിൽ നിന്ന് എൻകെ പ്രേമചന്ദ്രനും. തൃണമൂൽ കോൺഗ്രസിൽ നിന്ന് കാകോളി ഘോഷ് ദസ്റ്റിദാറുമാണ് ഈ പാനലിൽ ഉള്ളത്.

ജനാധിപത്യ വിരുദ്ധം

ഭരണഘടനയിൽ പറയുന്നില്ലെങ്കിലും പ്രതിപക്ഷത്ത് നിന്ന് ഡെപ്യൂട്ടി സ്പീക്കറെ തിരഞ്ഞെടുത്തതുകൊണ്ട് കീഴ്വഴക്കം തുടങ്ങുന്നത് ആദ്യപ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവാണ്. 1956-ല്‍ ശിരോമണി അകാലിദൾ നേതാവ് സർദാർ ഹുക്കും സിങിനെയാണ് അന്ന് ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുത്തത്. ഏറ്റവുമൊടുവിൽ പ്രതിപക്ഷത്ത് നിന്ന് ഒരു ഡെപ്യൂട്ടി സ്പീക്കറുണ്ടാകുന്നത് 16ആമത് ലോക്സഭയിലാണ്. എഐഡിഎംകെയിൽ നിന്നും എം തമ്പിദുരൈ ആയിരുന്നു അത്. പ്രതിപക്ഷത്ത് നിന്നും ഒരു അംഗത്തെ ഡെപ്യൂട്ടി സ്പീക്കറാക്കണം എന്ന കീഴ്വഴക്കം നിലനിൽക്കുന്നതുകൊണ്ടു മാത്രമാണ് ബിജെപി സർക്കാർ ഇതുവരെ ഡെപ്യൂട്ടി സ്പീക്കറെ നിയമിക്കാതിരിക്കുന്നത് എന്നാണ് പ്രതിപക്ഷ പാർട്ടികൾ പറയുന്നത്.

ഭരണഘടനയെ മാനിക്കാത്ത അഞ്ച് വര്‍ഷം! ഡെപ്യൂട്ടി സ്പീക്കറില്ലാതെ പതിനേഴാം ലോക്‌സഭ കാലാവധി പൂര്‍ത്തിയാക്കുന്നു
രാമനെ വിട്ട് ഹനുമാനെ പിടിച്ചു; കര്‍ണാടകയില്‍ വര്‍ഗീയ ചേരിതിരിവുമായി ബിജെപി

സ്വന്തം അഭാവത്തിൽ അതൃപ്തനാകുന്ന സ്പീക്കർ

കഴിഞ്ഞ മൺസൂൺ സെഷനിൽ സ്പീക്കർ ഓം ബിർള പങ്കെടുക്കാതിരുന്ന സമയങ്ങളിൽ സഭ കലുഷിതമായിരുന്നു എന്നതിൽ സ്പീക്കർക്ക് അതൃപ്തിയുണ്ടായിരുന്നു. സമാനമായി 2020 മാർച്ചിൽ ഇതുപോലെ പത്തംഗ പാനലിൽ നിന്ന് ആളുകൾ സഭ നിയന്ത്രിക്കുന്ന സാഹചര്യമുണ്ടായപ്പോൾ പ്രതിപക്ഷ അംഗങ്ങൾ സഭയിൽ ബഹളം വച്ചു എന്നതിലും ഓം ബിർളയ്ക്ക് അതൃപ്തിയുണ്ടായിരുന്നു.

ഡെപ്യൂട്ടി സ്പീക്കറെ തിരഞ്ഞെടുക്കണമെന്നു പ്രതിപക്ഷമാവശ്യപ്പെട്ടപ്പോൾ, താനല്ല അത് തീരുമാനിക്കേണ്ടത്, സഭയും സർക്കാരുമാണ് എന്നു പറഞ്ഞ് ഒഴിക്കുകയായിരുന്നു സ്പീക്കർ ഓം ബിർള. ഡെപ്യൂട്ടി സ്പീക്കർമാരെ തിരഞ്ഞെടുക്കാതിരിക്കുന്നത് സുപ്രീം കോടതിയിലും വിഷയമായി എത്തിയിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഡെപ്യൂട്ടി സ്പീക്കറെ നിർബന്ധമായും തിരഞ്ഞെടുക്കണമെന്നു ഭരണഘടന പറയുന്നത് ഉദ്ധരിച്ചുകൊണ്ട് കേന്ദ്ര സർക്കാരിനും ഡെപ്യൂട്ടി സ്പീക്കറെ തിരഞ്ഞെടുക്കാത്ത രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ജാർഖണ്ഡ്, മണിപ്പൂർ എന്നീ സംസ്ഥാന സർക്കാരുകൾക്കും നോട്ടീസ് അയച്ചിരുന്നു.

logo
The Fourth
www.thefourthnews.in