മണിപ്പൂരിൽ പതിനെട്ടുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; സംഭവം മെയ് 15ന്, പെൺകുട്ടിയെ അക്രമികൾക്ക് കൈമാറിയത് സ്ത്രീകൾ
മണിപ്പൂരിൽ പതിനെട്ടുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി റിപ്പോർട്ട്. ആയുധധാരികളായവർ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് പെൺകുട്ടിയുടെ പരാതി. മെയ് 15ന് ഇംഫാൽ ഈസ്റ്റിലാണ് സംഭവം നടന്നത്. ജൂലൈ 21നാണ് പെൺകുട്ടി പോലീസിൽ പരാതി നൽകുന്നത്. സംഭവത്തിൽ സീറോ എഫ്‌ഐആർ ആയിരുന്നു രജിസ്റ്റർ ചെയ്തത്.
'മണിപ്പൂരിലെ അമ്മമാർ' എന്നറിയപ്പെടുന്ന മീരാ പൈബിസ് എന്ന ഒരു സംഘം സ്ത്രീകൾ കറുത്ത വസ്ത്രം ധരിച്ച ആയുധധാരികളായ നാല് പുരുഷന്മാർക്ക് തന്നെ കൈമാറുകയായിരുന്നുവെന്ന് പെൺകുട്ടി പറഞ്ഞതായി എഫ്‌ഐആറിൽ പറയുന്നു. പെൺകുട്ടി ഇപ്പോൾ നാഗാലാൻഡിൽ ചികിത്സയിലാണ്.
രണ്ട് കുകി സ്ത്രീകളെ നഗ്നാരാക്കി നടത്തിയ വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്. മെയ് 15 ന് നടന്ന സംഭവത്തിന് പിന്നില്‍ അറംബായി തെങ്കോല്‍ സംഘമാണെന്നും പെണ്‍കുട്ടി ആരോപിക്കുന്നു. പെൺകുട്ടി നൽകിയ പരാതിയിൽ കാങ്പോക്പി പോലീസ് ആക്രമണം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ, കൂട്ടബലാത്സംഗം, പട്ടികവർഗക്കാർക്കെതിരായ അതിക്രമങ്ങൾ എന്നിങ്ങനെ വിവിധ വകുപ്പുകൾ പ്രകാരമാണ് സീറോ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. അധികാരപരിധി പരിഗണിക്കാതെയാണ് സീറോ എഫ്‌ഐആറുകൾ ഫയൽ ചെയ്യുന്നത്. കേസ് ഇംഫാൽ ഈസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റിയതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.
എഫ്ഐആർ പ്രകാരം, മെയ് 15 ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം നടക്കുന്നത്. നാല് പേർ പെൺകുട്ടിയെ പർപ്പിൾ കളർ കാറിൽ തട്ടിക്കൊണ്ടുപോയി വാങ്‌ഖേയ് അയങ്‌പാലിയിലേക്ക് എത്തിക്കുകയും അവിടെ വച്ച് ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തുവെന്ന് എഫ്‌ഐആറിൽ പറയുന്നു. പിന്നീട് അവർ മീരാ പൈബിസിനെയും നാട്ടുകാരെയും വിളിച്ച് വരുത്തി വീണ്ടും ഉപദ്രവിച്ചു. പുരുഷന്മാരിൽ രണ്ട് പേർ 30 വയസും രണ്ട് പേർ 50വയസും പ്രായമുള്ളവരാണെന്ന് പെൺകുട്ടി പറഞ്ഞു. ആൾക്കൂട്ടത്തിലെ ഒരു സ്ത്രീ തന്നെ കൊല്ലാൻ നാല് പുരുഷന്മാർക്ക് വ്യക്തമായ നിർദേശം നൽകിയതായി അവർ പറഞ്ഞു. നാല് പേർ ചേർന്ന് പെൺകുട്ടിയെ മറ്റൊരു സ്ഥലത്ത് കൊണ്ടുപോയി ചവിട്ടുക, അടിക്കുകയും ചെയ്തതിന് പിന്നാലെ സംഘത്തിലെ മൂന്ന് പേർ പിന്നീട് പെൺകുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു.
അതിനിടെ മേയ്‌തികൾ മണിപ്പൂർ വിടണമെന്ന വിഘടനവാദികളുടെ ആഹ്വാനത്തെ തുടർന്ന് സംസ്ഥാനം കടുത്ത ജാഗ്രതയിലാണ്.