ചരിത്രത്തില്‍ ഇന്ന്: 'അസമത്വമാണ് അതിന്റെ അടിസ്ഥാനം'- അംബേദ്ക്കര്‍ ഹിന്ദുമതം ഉപേക്ഷിച്ചിട്ട് ഇന്ന് 66 വര്‍ഷം
കഴിഞ്ഞയാഴ്ചയാണ് ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിലെ മന്ത്രി രാജേന്ദ്ര പാല്‍ ഗൗതം രാജിവെച്ചത്. കാരണം ഹിന്ദുയിസത്തെ തള്ളി പറഞ്ഞ് നടന്ന ഒരു മത പരിവര്‍ത്തന ചടങ്ങില്‍ അദ്ദേഹം പങ്കെടുത്തുവെന്നത് തന്നെ. മന്ത്രിയുടെ നടപടി ഹിന്ദുയിസത്തെ ആക്രമിക്കുന്നതാണെന്ന ബിജെപിയുടെ പ്രചാരണത്തെ തുടര്‍ന്നായിരുന്നു രാജി. ആം ആദ്മി പാര്‍ട്ടിയും മന്ത്രിയുടെ പിന്തുണയ്‌ക്കെത്തിയില്ല. എന്നാല്‍ മന്ത്രി സ്ഥാനം രാജിവെയ്ക്കുന്നതിന് മുൻപ് അദ്ദേഹം വ്യക്തമാക്കിയത്, താന്‍ പറഞ്ഞത് പണ്ട് അംബേദ്ക്കര്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണെന്നാണ്. 1956 ല്‍ ഇന്നേ ദിവസം അതായത് ഒക്ടോബര്‍ 14 അംബേദ്ക്കര്‍ പറഞ്ഞ കാര്യങ്ങളെക്കുറിച്ചാണ് രാജേന്ദ്രപാല്‍ ഗൗതം സംസാരിച്ചത്. ഹിന്ദുമതം ഉപേക്ഷിക്കാന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ അംബേദ്ക്കര്‍ നടത്തിയ പ്രസംഗത്തെക്കുറിച്ചായിരുന്നു അദ്ദേഹം പറഞ്ഞത്.
അംബേദ്ക്കറും ആയിരക്കണക്കിന് അനുയായികളും ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിച്ചതിന്റെ വാര്‍ഷിക ദിവസമാണ് ഇന്ന്. ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥയ്‌ക്കെതിരായ പ്രതിഷേധമായിട്ടായിരുന്നു അംബേദ്ക്കറുടെ മതം മാറ്റം.
1930 കളില്‍ തന്നെ അംബേദ്ക്കര്‍ മതം മാറുന്നതിന്റെ സൂചനകള്‍ നല്‍കിയിരുന്നു. ഹിന്ദുമതം അനീതിയുടെ താവളമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഹിന്ദുമതത്തില്‍നിലനിന്നുകൊണ്ട് ഇപ്പോള്‍ ദളിത് എന്നറിയപ്പെടുന്ന വിഭാഗത്തിന് നീതി ലഭിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വ്യക്തമായ അഭിപ്രായം. അസ്പര്‍ശ്യരാണെന്ന് കരുതപ്പെടുന്നവരെ സംബന്ധിച്ച് ഹിന്ദുയിസം യഥാര്‍ഥത്തില്‍ ഭീകരതയുടെ കേന്ദ്രമാണെന്നായിരുന്നു അംബേദ്ക്കറിന്റെ നിലപാട്. ' ഞാന്‍ ഹിന്ദുവായാണ് ജനിച്ചതെങ്കിലും മരിക്കുന്നത് ഹിന്ദുവായിട്ടായിരിക്കില്ല' അദ്ദേഹം പറഞ്ഞു. അതാണ് മതംമാറ്റത്തിലൂടെ അദ്ദേഹവും അനുയായികളും സാധ്യമാക്കിയത്. ബുദ്ധമതത്തിലെ സമത്വവും നീതി ബോധവും ബുദ്ധന്റെ സന്ദേശങ്ങളുമാണ് ബുദ്ധമതത്തെ തിരഞ്ഞെടുക്കാന്‍ കാരണമെന്ന് അദ്ദേഹം പലഘട്ടങ്ങളിലായി പറയുകയും ചെയ്തു.
ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥയ്‌ക്കെതിരായ പ്രതിഷേധമായിട്ടായിരുന്നു അംബേദ്ക്കറുടെ മതം മാറ്റം.
മതംമാറ്റവേദിയില്‍ അംബേദ്ക്കര്‍ 22 പ്രതിജ്ഞകളാണ് ചൊല്ലിയത്. ആംആദ്മിക്കാരനായ ഡല്‍ഹി മന്ത്രി പറഞ്ഞതും സമാനമായ ആശയങ്ങള്‍ തന്നെ. അതാണ് ബിജെപി വിവാദമാക്കിയതും അദ്ദേഹത്തിന്റെ മന്ത്രിസ്ഥാനം തെറിപ്പിച്ചതും.
ബുദ്ധന്റെ ആശയങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കും, ബ്രാഹ്‌മണരുടെ ചടങ്ങുകളില്‍ പങ്കാളിയാവില്ല, മനുഷ്യ സമത്വത്തില്‍ വിശ്വസിക്കും, സമത്വം ഉണ്ടാക്കാന്‍ പരിശ്രമിക്കും, എല്ലാമനുഷ്യരോടും കരുണയും അനുകമ്പയും കാണിക്കും. കളവ് കാണിക്കില്ല, പാപങ്ങള്‍ ചെയ്യില്ല. മദ്യവും മയക്കുമരുന്നും ഉപയോഗിക്കില്ല, കളവ് പറയില്ല, മനുഷ്യത്വത്തിന് വിരുദ്ധമായ ഹിന്ദുയിസത്തെ തള്ളികളയുന്നു. ഹിന്ദുയിസം മനാവികതയ്‌ക്കെതിരാണ്, കാരണം അതിന്റെ അടിസ്ഥാനം അസമത്വമാണ്. ബുദ്ധ ദര്‍ശനം മാത്രമാണ് യഥാര്‍ഥ മതം തുടങ്ങിയവയായിരുന്നു പ്രതിജ്ഞകള്‍.
അംബേദ്ക്കർ ഹിന്ദുമതത്തെ ശക്തമായി വിമര്‍ശിച്ചുവെങ്കിലും അദ്ദേഹത്തിന്റെ ബുദ്ധമതത്തിലേക്ക് മാറിയതിനെ സ്വാഗതം ചെയ്യുകയായിരുന്നു വിഡി സവര്‍ക്കര്‍ ചെയ്തതെന്ന് ഈയിടെ പ്രസിദ്ധീകരിച്ച അംബേദ്ക്കറിന്റെ ജീവചരിത്രത്തില്‍ ശശി തരൂര്‍ വ്യക്തമാക്കുന്നു.
യോഗത്തില്‍ പങ്കെടുത്ത പതിനായിരങ്ങള്‍ ഈ പ്രതിജ്ഞ ഏറ്റു ചൊല്ലുകയും ഹിന്ദു മതം ഉപേക്ഷിക്കുകയും ചെയ്തു. അംബേദ്ക്കർ ഹിന്ദുമതത്തെ ശക്തമായി വിമര്‍ശിച്ചുവെങ്കിലും അദ്ദേഹത്തിന്റെ ബുദ്ധമതത്തിലേക്ക് മാറിയതിനെ സ്വാഗതം ചെയ്യുകയായിരുന്നു ഹിന്ദുത്വത്തിന്റെ ആചാര്യന്‍ വിഡി സവര്‍ക്കര്‍ ചെയ്തതെന്ന് ഈയിടെ പ്രസിദ്ധീകരിച്ച അംബേദ്ക്കറിന്റെ ജീവചരിത്രത്തില്‍ ശശി തരൂര്‍ വ്യക്തമാക്കുന്നു. ഇന്ത്യയില്‍ രൂപം കൊണ്ട മതത്തിലേക്ക് തന്നെ മാറിയതാണ് ഹിന്ദുത്വത്തിന്റെ നേതാവിനെ സന്തോഷിപ്പിച്ചത്.
ഇതിന് സമാനമായ പ്രതിജ്ഞകള്‍ ആയിരുന്നു ഒക്ടോബര്‍ അഞ്ചിന് നടന്ന മതംമാറ്റ ചടങ്ങില്‍ ആം ആദ്മിയുടെ മന്ത്രി ചെയ്തത്. എന്നാല്‍ ബിജെപി ശക്തമായി എതിര്‍ക്കുകയും , ആം ആദ്മി പിന്തുണയ്ക്കാതിരിക്കുകയും ചെയ്തതോടെ അദ്ദേഹത്തിന് രാജിവെയ്‌ക്കേണ്ടി വരികയായിരുന്നു.