നിയമം നടപ്പാകട്ടെ, ഗുസ്തി താരങ്ങളെ തെരുവില്‍ വലിച്ചിഴച്ചത് അസ്വസ്ഥരാക്കി; പിന്തുണയുമായി ക്രിക്കറ്റ് ഇതിഹാസ താരങ്ങള്‍
ഗുസ്തി ഫെഡറേഷന്‍ തലവന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തില്‍ പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍. 1983 ക്രിക്കറ്റ് ലോകകപ്പ് ചാമ്പ്യന്മാരായ കപില്‍ ദേവ്, സുനില്‍ ഗാവസ്‌കര്‍, ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നി, ശ്രീകാന്ത് എന്നിവരാണ് താരങ്ങളെ പിന്തുണച്ച് രംഗത്തെത്തിയത്. താരങ്ങളെ തെരുവില്‍ കൈയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ കണ്ട് അസ്വസ്ഥരായെന്ന് അവര്‍ പ്രതികരിച്ചു. തെരുവിലൂടെ താരങ്ങളെ വലിച്ചിഴച്ചത് ഖേദകരമെന്നാണ് പ്രസ്ഥാവന. രാജ്യത്തെ അഭിമാന താരങ്ങള്‍ ഇത്യയും മാസങ്ങളായി തെരുവില്‍ സമരം ചെയ്തിട്ടും മുന്‍ നിര കായിക താരങ്ങളൊന്നും പിന്തുണയുമായി എത്താത്തതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.
''ഗുസ്തി താരങ്ങളെ തെരുവില്‍ വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങള്‍ കണ്ട് ഞങ്ങള്‍ വല്ലാതെ അസ്വസ്ഥരാണ്, മെഡലുകള്‍ ഗംഗാ നദിയില്‍ ഒഴുക്കാനുള്ള അവരുടെ തീരുമാനം ഇത്ര തിടക്കപ്പെട്ട് എടുക്കരുത്'' അവര്‍ പറഞ്ഞു. ''താരങ്ങള്‍ മെഡലുകള്‍ ഗംഗയിലെറിയരുത്. അത് താരങ്ങളുടെ ഒരുപാട് വര്‍ഷത്തെ കഠിന പ്രയത്‌നം, ത്യാഗം, ദൃഡ നിശ്ചയം എന്നിവ കൊണ്ട് നേടിയെടുത്തതാണ്. അത് അവരുടെ മാത്രമല്ല രാജ്യത്തിന്റെയും അഭിമാനവും സന്തോഷവുമാണ്.'' അവര്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് നിയമം നടപ്പാകണം, ഗുസ്തി താരങ്ങളുടെ പരാതികള്‍ കേള്‍ക്കുകയും അത് വേഗത്തില്‍ പരിഹരിക്കുകയും വേണമെന്നും ഇന്ത്യന്‍ ഇതിഹാസങ്ങള്‍ ആഹ്വാനം ചെയ്തു.
മെയ് 28 ന് പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ ഗുസ്തിക്കാരെ ഡല്‍ഹി പോലീസ് തടഞ്ഞു വയ്ക്കുകയും സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബംജ്രംഗ് പുനിയ എന്നിവരുള്‍പ്പടെയുള്ളവരെ പോലീസ് ആക്രമിക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെ താരങ്ങള്‍ തങ്ങലുടെ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കാന്‍ തീരുമാനിക്കുകയായിരുന്നു. കര്‍ഷക സംഘടനകള്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് താരങ്ങള്‍ തീരുമാനം മാറ്റിയത്.