രണ്ട് ഗുലാബ് ജാമൂന് 400 രൂപ, ഓഫറില്‍ വാങ്ങിയതുകൊണ്ട് 
വില വെറും 80 രൂപ; സൊമാറ്റോയെ ട്രോളി ട്വീറ്റ് വൈറല്‍

രണ്ട് ഗുലാബ് ജാമൂന് 400 രൂപ, ഓഫറില്‍ വാങ്ങിയതുകൊണ്ട് വില വെറും 80 രൂപ; സൊമാറ്റോയെ ട്രോളി ട്വീറ്റ് വൈറല്‍

ഓഫറുകളിലെ തട്ടിപ്പ് ചൂണ്ടിക്കാട്ടിയുള്ള ഉപഭോക്താവിന്റെ സോഷ്യല്‍മീഡിയ പോസ്റ്റാണ് ഇപ്പോഴത്തെ ചർച്ച
Updated on
1 min read

സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഓഫർ കിട്ടിയാല്‍ സന്തോഷമാകാറുണ്ട് ഭൂരിഭാഗം പേർക്കും. ഓഫർ നോക്കി സാധനങ്ങള്‍ വാങ്ങുന്നവരും നിരവധിയാണ്. ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ ഇങ്ങനെ ഓഫറുകള്‍ എപ്പോഴും നല്‍കാറുണ്ട്. വ്യത്യസ്ത ഓഫറുകള്‍ നല്‍കിയും എവിടെയാണെങ്കിലും കൃത്യ സമയത്ത് ഭക്ഷണമെത്തിക്കുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്തുകയും ചെയ്യുന്ന വൻ ജനസ്വീകാര്യതയുള്ള ആപ്പാണ് സൊമാറ്റോ. എന്നാല്‍, ഈ ഓഫറുകളിലെ തട്ടിപ്പ് ചൂണ്ടിക്കാട്ടിയുള്ള ഉപഭോക്താവിന്റെ സോഷ്യല്‍മീഡിയ പോസ്റ്റാണ് ഇപ്പോഴത്തെ ചർച്ച. സൊമാറ്റോയ്‌ക്കെതിരെ ട്വിറ്ററില്‍ ഭൂപേന്ദ്ര എന്ന ഉപഭോക്താവിന്റെ ട്രോളാണ് വൈറലായിരിക്കുന്നത്.

യഥാർഥത്തില്‍ ഉള്ളതിന്റെ നാലിരട്ടി വില വരെ കാണിച്ച ശേഷം, അതിന് ഓഫർ നല്‍കുന്നതിനെതിരെയാണ് പോസ്റ്റ്

യഥാർഥത്തില്‍ ഉള്ളതിന്റെ നാലിരട്ടി വില വരെ കാണിച്ച ശേഷം, അതിന് ഓഫർ നല്‍കുന്നതിനെതിരെയാണ് പോസ്റ്റ്. രണ്ട് ഗുലാബ് ജാമൂന് 400 രൂപ നിരക്കില്‍ കാണിക്കുന്ന സ്‌ക്രീന്‍ ഷോട്ടും 80 ശതമാനം ഓഫര്‍ നല്‍കി അത് 80 രൂപയ്ക്ക് ലഭ്യമാകുന്നതിന്‍റെ സ്ക്രീന്‍ ഷോട്ടുമാണ് ട്വിറ്ററില്‍ ഭൂപേന്ദ്ര പോസ്റ്റ് ചെയ്തത്. ഇതേ വിലയാണ് ജാഗര്‍ ഹല്‍വയ്ക്കും നിലവിലുള്ളതെന്നാണ് ഭൂപേന്ദ്ര പോസ്റ്റില്‍ വ്യക്തമാക്കുന്നത് . 3000 രൂപ വിലകാണിക്കുന്ന ജാഗര്‍ ഹല്‍വ 80 ശതമാനം ഇളവോടെ 120 രൂപയ്ക്കാണ് ലഭ്യമാകുന്നത് എന്നും പോസ്റ്റില്‍ പറയുന്നു.

സൊമാറ്റോ വല്ലാതെ ഉദാരമനസ്‌കത കാണിക്കുന്നുണ്ടെന്നായിരുന്നു പരിഹാസം നിറഞ്ഞ ട്വീറ്റ്

'രണ്ട് ഗുലാബ് ജാമൂന് 400 രൂപ, 3000 രൂപ വിലകാണിക്കുന്ന ജാഗര്‍ ഹല്‍വ 80 ശതമാനം ഇളവോടെ 120 രൂപയ്ക്കാണ് ലഭ്യമാകുക. ഇത്രയും വിലക്കുറവോ! ഞാന്‍ ജീവിക്കുന്നത് 2023 ലാണെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. സൊമാറ്റോ വല്ലാതെ ഉദാരമനസ്‌കത കാണിക്കുന്നുണ്ട്' എന്നായിരുന്നു പരിഹാസം നിറഞ്ഞ ട്വീറ്റ്. വമ്പന്‍ സ്വീകാര്യതയാണ് പോസ്റ്റിന് ഇതിനോടകം ലഭിച്ചത് .

logo
The Fourth
www.thefourthnews.in