കലാപം കെട്ടടങ്ങാതെ മണിപ്പൂർ; 24 മണിക്കൂറിൽ കൊല്ലപ്പെട്ടത് 2 പേർ, നാഗ ജനവാസ മേഖലകളിൽ നാളെ ബന്ദ്
മണിപ്പൂരിൽ, രണ്ട് മാസത്തിലേറെയായി തുടരുന്ന വംശീയ കലാപത്തിന്റെ തീ ഇനിയും കെട്ടടങ്ങിയിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രണ്ട് പേരാണ് കലാപത്തിൽ കൊല്ലപ്പെട്ടത്. ഇംഫാൽ ഈസ്റ്റ് ജില്ലയിലെ നാഗാ സ്ത്രീയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് യുണൈറ്റഡ് നാഗാ കൗൺസിൽ നാളെ മണിപ്പൂരിലെ നാഗാ ജനവാസ മേഖലകളിൽ 12 മണിക്കൂർ ബന്ദിന് ആഹ്വാനം ചെയ്തു.
സാവോംബുങ് പ്രദേശത്തെ ലൂസി മാരിം മാരിംഗ് എന്ന 55 കാരിയെയാണ് ഇന്നലെ വൈകുന്നേരം ആയുധധാരികളായവർ വെടിവച്ച് കൊലപ്പെടുത്തിയത്. വെടിയുതുർത്ത് മുഖം വികൃതമാക്കിയ ശേഷം അക്രമികൾ കടന്നു കളയുകയായിരുന്നു. പിന്നാലെ ഇന്ന് കാങ്‌പോക്‌പി ജില്ലയിലെ തങ്‌ബുഹ് ഗ്രാമത്തിലെ 34 വയസ്സുളള ജാങ്‌ഖോലുൻ ഹയോകിപ് എന്ന ഗ്രാമവാസിയേയും അക്രമിസംഘം കൊലപ്പെടുത്തി.
കേസില്‍ അറസ്റ്റിലായ ഒൻപത് പേരിൽ അഞ്ച് പേർ സ്ത്രീകളാണ്. ഇവരെ ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതികളുടെ വീടുകൾ ജനക്കൂട്ടം കത്തിച്ചെന്നും റിപ്പോർട്ടുകളുണ്ട്.
ഇംഫാലിൽ മാനസിക വൈകല്യമുളള സ്ത്രീയെ ആയുധധാരികളായവർ കൊലപ്പെടുത്തുന്ന രണ്ടാമത്തെ സംഭവമാണിത്. ജൂലൈ 6 ന്, ഇംഫാലിൽ കുകി വിഭാഗത്തിലെ ഡോൺഗൈച്ചിംഗ് എന്ന മറ്റൊരു സ്ത്രീ വെടിയേറ്റ് മരിച്ചിരുന്നു. മണിപ്പൂരിന്റെ തലസ്ഥാനത്ത് പോലും ക്രമസമാധാനത്തിൽ സംസ്ഥാന സർക്കാരിന് നിയന്ത്രണമില്ലെന്നുളളതാണ് ഈ സംഭവങ്ങളൊക്കെ വ്യക്തമാക്കുന്നതെന്ന് ഇൻഡിജനസ് ട്രൈബൽ ലീഡേഴ്സ് ഫോറം (ഐടിഎൽഎഫ്) പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, ഇംഫാലിലെ സെക്‌മായിയിൽ കൊലപാതകത്തിലും ട്രക്കുകൾ കത്തിച്ചതിലും പ്രതിഷേധിച്ച് ഇംഫാലിലേക്കുള്ള ദേശീയ പാത-2 72 മണിക്കൂർ സമ്പൂർണമായി അടച്ചിടാൻ ട്രൈബൽ യൂണിറ്റി കമ്മിറ്റിയും ആഹ്വാനം ചെയ്തിട്ടുണ്ട്.
അതിനിടെ, കാംഗ്‌പോപി ജില്ലയിൽ രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ പോലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ സംയുക്ത ഓപ്പറേഷനിൽ അഞ്ച് ബങ്കറുകൾ നശിപ്പിക്കുകയും രണ്ട് ആയുധങ്ങൾ കണ്ടെടുക്കുകയും ചെയ്തതായി പോലീസ് വൃത്തങ്ങൾ പറഞ്ഞു. കാങ്‌പോക്‌പി ജില്ലയിലെ ഫൈലെങ്ങിലും തങ്‌ബുഹിലും വെടിവയ്‌പ്പ് നടന്നു. രണ്ട് ഗ്രാമങ്ങളിലും സായുധരായ അക്രമികൾ ആക്രമണം നടത്തി. എം 16 എ 2 റൈഫിൾ അടക്കമുളള ആയുധങ്ങൾ കണ്ടെടുത്തെങ്കിലും മോശം കാലാവസ്ഥ കാരണം അക്രമികളെ പിടികൂടാൻ സുരക്ഷാ സേനയ്ക്ക് കഴിഞ്ഞില്ല.