മണ്ടിയയിൽനിന്ന് പിടിവിടാതെ സുമലത; ബിജെപി ടിക്കറ്റിനായി കാത്തിരിപ്പ്, മണ്ഡലം ജെഡിഎസിന് നല്‍കാന്‍ എന്‍ഡിഎ

മണ്ടിയയിൽനിന്ന് പിടിവിടാതെ സുമലത; ബിജെപി ടിക്കറ്റിനായി കാത്തിരിപ്പ്, മണ്ഡലം ജെഡിഎസിന് നല്‍കാന്‍ എന്‍ഡിഎ

മണ്ഡലത്തില്‍നിന്ന് 2019ൽ സ്വതന്ത്രയായി മത്സരിച്ചു ജയിച്ച സുമലത അംബരീഷ് കഴിഞ്ഞ വർഷം മുതൽ ബിജെപി ചായ്‌വ് പ്രകടമാക്കിയിരുന്നു
Updated on
2 min read

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാജ്യം ഉറ്റുനോക്കിയ മത്സരങ്ങളിലൊന്നായിരുന്നു കർണാടകയിലെ  മണ്ടിയ  മണ്ഡലത്തിലേത്. തെന്നിന്ത്യൻ നടി സുമലതയും കർണാടക മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകൻ  നിഖിൽ കുമാരസ്വാമിയും തമ്മിലുള്ള വാശിയേറിയ പോരാട്ടം. രണ്ടു പേരുടെയും കന്നിയങ്കം, ഇരുവരും രാഷ്ട്രീയ- സിനിമ  പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുള്ളവർ. മണ്ടിയ ലോക്‌സഭാ അംഗവും ഭർത്താവുമായ എം എച്ച് അംബരീഷിന്റെ വിയോഗത്തെ തുടർന്നായിരുന്നു സുമലത മത്സരരംഗത്തിറങ്ങിയത്.

അന്ന് കോൺഗ്രസിലെ മുതിർന്ന നേതാവ് സിദ്ധരാമയ്യയെ സമീപിച്ചു സുമലത ആവശ്യം ഉന്നയിച്ചിരുന്നു. പക്ഷേ,  ജെഡിഎസുമായുളള കൂട്ടുകെട്ട് കാരണം സുമലതക്ക്  ടിക്കറ്റ് നൽകാൻ കോൺഗ്രസിനായില്ല. ഇതോടെയായിരുന്നു  സിദ്ധരാമയ്യ ഉൾപ്പടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളുടെ അനുഗ്രഹാശിസുകളോടെ സുമലത സ്വതന്ത്രയായി മണ്ഡലത്തിൽ മത്സരത്തിനിറങ്ങിയത്. മണ്ഡലത്തിൽ എം എച്ച് അംബരീഷിനുണ്ടായിരുന്ന സ്വാധീനവും സ്നേഹവും  സുമലതക്കുള്ള  വോട്ടായി മാറുമെന്ന് ഉറപ്പായതോടെ  പ്രദേശിക കോൺഗ്രസ് നേതൃത്വം പിന്തുണ പ്രഖ്യാപിച്ചു.

ജയത്തിന്റെ പങ്കുപറ്റാൻ  ബിജെപി  സ്വന്തം സ്ഥാനാർത്ഥിയെ പിൻവലിച്ച് സുമലതയ്ക്ക് പിന്തുണ പ്രഖ്യാപിക്കുന്ന കാഴ്ചയും അന്ന് കർണാടക കണ്ടു. കോൺഗ്രസിന്റെയും ബിജെപിയുടെയും കൊടികൾ കെട്ടിയ വാഹനത്തിലായിരുന്നു  സുമലത മണ്ഡലത്തിൽ  പ്രചാരണം നയിച്ചതെന്നതും കൗതുകക്കാഴ്ചയായി. 

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കൊപ്പം സുമലത
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കൊപ്പം സുമലത

തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ സുമലത അംബരീഷ് പ്രതീക്ഷിച്ച പോലെ തിളക്കമാർന്ന വിജയം നേടി. കോൺഗ്രസ് - ബിജെപി നേതാക്കളോട് നന്ദി രേഖപ്പെടുത്തി പ്രത്യേകിച്ച് എങ്ങോട്ടും ചായാതെ സുമലത  രാഷ്ട്രീയ അടവുകൾ പരിശീലിച്ചു പയറ്റിപ്പോന്നു. ലോക്സഭയിൽ മികച്ച പ്രകടനം കാഴ്ചവെച്ച അവർ പുതുക്കക്കാരി എന്ന ലേബൽ  വളരെ വേഗം മാറ്റിയെടുത്തു. ഇടക്കെപ്പോഴൊ കോൺഗ്രസിൽ ചേരുന്നുവെന്ന അഭ്യൂഹമുണ്ടായെങ്കിലും സ്വതന്ത്ര എംപിയായി തുടരുമെന്ന് അവർ ആവർത്തിച്ചു. കേന്ദ്ര മന്ത്രിപദവി വാഗ്‌ദാനമുണ്ടായിട്ടും അവർ ബിജെപിയിലേക്കും പോയില്ല.

കഴിഞ്ഞ വർഷമായിരുന്നു സുമലത ബിജെപിയോടുള്ള ചായ്‌വ് പരസ്യമാക്കി രംഗത്തുവന്നു തുടങ്ങിയത്. എംപിയെന്ന നിലയിൽ മണ്ടിയയുടെ വികസനത്തിന്  കേന്ദ്രം ഭരിക്കുന്ന ബിജെപിയെ പിന്തുണയ്ക്കുന്നുവെന്നും പാർട്ടി അംഗത്വം എടുക്കാനില്ലെന്നുമായിരുന്നു അവരുടെ ന്യായീകരണം. ബെംഗളൂരു - മൈസൂരു അതിവേഗപാതയുടെ ഉദ്‌ഘാടനച്ചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തിയപ്പോൾ സുമലതയ്ക്ക് വേദിയിൽ പതിവിലും പ്രാധാന്യം നൽകാൻ ബിജെപി ശ്രദ്ധിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ കർണാടകയിലെ ബിജെപി സ്ഥാനാർഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച സുമലത ചിലർക്കൊക്കെ വേണ്ടി പ്രചാരണത്തിനിറങ്ങുകയും ചെയ്തു.

സുമലത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം
സുമലത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം

ഇതൊക്കെ ചെയ്യുമ്പോൾ സുമലതയ്ക്ക്  ചില കണക്കുകൂട്ടലുകളുണ്ടായിരുന്നു, ഇത്തവണത്തെ ലോക്‌സഭാ ടിക്കറ്റ് ബിജെപിയിൽ നിന്നുറപ്പാക്കുക. മണ്ഡലത്തിൽ അഞ്ച് വർഷം മുൻപുള്ള സാഹചര്യമല്ല, സ്വതന്ത്രയായി വീണ്ടും നിന്നാൽ ജയിക്കുക അസാധ്യം. കോൺഗ്രസിന്റെ പിന്തുണ പഴയതു പോലെ ലഭിക്കില്ല. ബിജെപിയുടെ സ്ഥാനാർത്ഥിയായി താനല്ലാതെ മറ്റാര് വന്നാലും മണ്ടിയയിൽ തോൽക്കുമെന്നും സുമലത പാർട്ടി നേതൃത്വത്തെ ധരിപ്പിച്ചിരുന്നു. ടിക്കറ്റ് ഏകദേശം ഉറപ്പാക്കി നിൽക്കവേയായിരുന്നു സുമലതയുടെ സ്വപ്നങ്ങളിൽ ഇടിത്തീയായി കർണാടകയിൽ ഭരണം മാറിയതും ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കായി ബിജെപി - ജെഡിഎസ് സഖ്യം നിലവിൽ വന്നതും.

ജെഡിഎസിന്റെ വോട്ടുബാങ്കായ വൊക്കലിഗ ബെൽറ്റിലാണ്‌  മണ്ടിയ ലോക്സഭാ മണ്ഡലം. അതുകൊണ്ടുതന്നെ ജെഡിഎസ് ബിജെപി ദേശീയനേതൃത്വത്തോട് ചോദിച്ച അഞ്ച് മണ്ഡലങ്ങളിൽ ഒന്ന് മണ്ടിയയാണ്. മണ്ഡലം ജെഡിഎസ് വിട്ടുകൊടുക്കില്ല, എച്ച് ഡി കുമാരസ്വാമിയും മകൻ നിഖിലും നേരിട്ട് ഡൽഹിയിൽ പോയി അമിത് ഷായെ ഇക്കാര്യമറിയിച്ചിട്ടുണ്ട്. ടിക്കറ്റ് തന്നാൽ മണ്ടിയ ബിജെപിയുടെ പോക്കറ്റിൽ ഭദ്രമെന്ന് പരസ്യമായി പ്രഖ്യാപിച്ച് രംഗത്തുവന്നിരിക്കുകയാണ് സുമലത അംബരീഷ്.

എച്ച് ഡി കുമാരസ്വാമിയും മകൻ നിഖിൽ കുമാരസ്വാമിയും അമിത് ഷായെ സന്ദർശിച്ചപ്പോള്‍
എച്ച് ഡി കുമാരസ്വാമിയും മകൻ നിഖിൽ കുമാരസ്വാമിയും അമിത് ഷായെ സന്ദർശിച്ചപ്പോള്‍

"മണ്ടിയയെ എനിക്കറിയാം. മണ്ഡലത്തിൽ ബിജെപിക്ക് മികച്ച സംഘടനാ അടിത്തറയുണ്ടാക്കാൻ ഞാൻ ശ്രമിക്കുകയാണ്. സ്ഥാനാർഥി പ്രഖ്യാപനം വരുന്നതുവരെ ഞാൻ കാത്തിരിക്കും. ബിജെപി അവിടെ സ്ഥാനാർത്ഥിയെ നിർത്തുമെന്ന് തന്നെയാണ് ഞാൻ കരുതുന്നത്. ടിക്കറ്റ് കിട്ടാൻ ഞാൻ സമ്മർദ്ദം ചെലുത്തുകയല്ല. മണ്ടിയയിലെ ജനങ്ങൾക്കായാണ് എന്റെ ശ്രമം. എനിക്ക് മത്സരിക്കണമെങ്കിൽ എവിടെ നിന്നുമാകാം. പക്ഷേ, എനിക്ക് മണ്ടിയയിലെ ജനങ്ങളെ വിട്ടുപോകാനാവില്ല.  ബിജെപി എന്ത് തീരുമാനിക്കുന്നുവെന്ന് നോക്കി ഭാവിപരിപാടികൾ ആലോചിക്കും," സുമലത വ്യക്തമാക്കി.

മണ്ടിയയിൽനിന്ന് തത്കാലം പിടിവിടില്ലെന്നു തന്നെയാണ്  സുമലതയുടെ വാക്കുകളുടെ സാരാംശം. മറ്റൊരു മണ്ഡലം നൽകി സുമലതയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളുണ്ടെങ്കിലും ഭർത്താവിന്റെ ജന്മനാടായ മണ്ടിയ വിട്ട്  എങ്ങോട്ടുമില്ലെന്ന വൈകാരിക ചീട്ട് ഇറക്കിയാണ് സുമലതയുടെ പ്രതിരോധം. ബിജെപി കൈവിട്ടാൽ സുമലത എന്ത് നിലപാടെടുക്കുമെന്ന് ഉറ്റുനോക്കുകയാണ് കർണാടക. 

logo
The Fourth
www.thefourthnews.in