ഇന്ത്യ മുതല്‍ യുഎസ് വരെ; വരുന്നത് തിരഞ്ഞെടുപ്പുകളുടെ വര്‍ഷം, വന്മരങ്ങള്‍ വീഴുമോ?
ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായക വര്‍ഷമാണ് 2024. മോദി യുഗം തുടരുമോയെന്ന് ജനത വിധിയെഴുതുന്ന വര്‍ഷം. ഇന്ത്യയില്‍ മാത്രമല്ല, ലോകത്തിന്റെ ഗതി നിര്‍ണായിക്കാന്‍ കെല്‍പ്പുള്ള തിരഞ്ഞെടുപ്പുകളുടെ ഒരു ഘോഷയാത്രതന്നെ പുതിയ വര്‍ഷത്തിലുണ്ട്. അമേരിക്കയില്‍ ട്രംപ് തിരിച്ചു വരുമോ എന്ന ചോദ്യത്തിന് വരുന്ന വര്‍ഷം ഉത്തരം കിട്ടും. റഷ്യയില്‍ പുടിന്‍ തന്നെയാണോ എന്നതിനും പാകിസ്താനില്‍ എന്ത് സംഭവിക്കുമെന്നും 2024ല്‍ അറിയാം.
2024-ലെ ആദ്യ തിരഞ്ഞെടുപ്പ് ജനുവരിയില്‍ ബംഗ്ലാദേശിലാണ് നടക്കുന്നത്, അവസാന തിരഞ്ഞെടുപ്പ് നവംബറില്‍ അമേരിക്കയിലും. തായ്‌വാന്‍, ഇന്താനീഷ്യ, ഇറാന്‍, മെക്‌സിക്കോ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, പോര്‍ച്ചുഗല്‍, ജോര്‍ജിയ, ഓസ്ട്രിയ, അല്‍ജീരിയ, ദക്ഷിണ കൊറിയ, വെനസ്വേല തുടങ്ങി 2024-ല്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന രാജ്യങ്ങളുടെ വലിയ നിരതന്നെയുണ്ട്.
ഇസ്രയേല്‍- ഹമാസ് യുദ്ധം, യുക്രൈന്‍-റഷ്യ യുദ്ധം, പണപ്പെരുപ്പം, കോവിഡിന് ശേഷമുള്ള മാറിയ സാമ്പത്തിക-രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ തുടങ്ങി നിരവധി വിഷയങ്ങളെ അഭിമുഖീകരിക്കുന്ന ലോകത്തിന് ഈ തിരഞ്ഞെടുപ്പുകള്‍ നിര്‍ണായകമാണ്, പ്രത്യേകിച്ചും ഇന്ത്യയിലേയും റഷ്യയിലേയും അമേരിക്കയിലേയും തിരഞ്ഞെടുപ്പുകള്‍.
ഇന്ത്യ
2024-ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന് നിര്‍ണായകമാണ്. മൂന്നാമതും താന്‍ അധികാരത്തിലേറുമെന്ന പ്രതീതി സൃഷ്ടിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിച്ചിട്ടുണ്ട്. സെമിഫൈനലായി വിലയിരുത്തിയ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞത് ബിജെപിക്ക് ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. ജനുവരിയില്‍ ആയോധ്യ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചേക്കും.
മൃഗീയഭൂരിപക്ഷത്തില്‍ മോദി വീണ്ടും അധികാരത്തില്‍ വന്നാല്‍, ഇന്ത്യയുടെ നയതന്ത്ര പോളിസികളില്‍ അടക്കം വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. രണ്ടു ടേമുകളിലും പുറത്തെടുക്കാതിരുന്ന ഹിന്ദുത്വയുടെ പൂര്‍ണരൂപം ബിജെപി പുറത്തെടുത്തേക്കാം. ഭരണത്തില്‍ ആര്‍എസ്എസ് ഇടപെടലുകളും വര്‍ധിച്ചേക്കാം. ഇതു മുന്നില്‍ക്കണ്ടുള്ള പ്രതിരോധ നീക്കമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിക്കുന്നത്. എന്നാല്‍, ബിജെപിയെ നേരിടാന്‍ രൂപീകരിച്ച 'ഇന്ത്യാ' സഖ്യം ഇതുവരെയും താളം കണ്ടെത്തിയിട്ടില്ല. മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് തിരിച്ചുവരവിനുള്ള എല്ലാ ശ്രമങ്ങളിലും ദയനീയമായി പരാജയപ്പെടുന്ന സാഹചര്യമാണ്. 2024 കോണ്‍ഗ്രസിന് ജീവന്‍ന്മരണ പോരാട്ടത്തിനുള്ള വര്‍ഷമാണ്.
പാകിസ്താന്‍
രാഷ്ട്രീയ അനിശ്ചിത്വങ്ങള്‍ തുടര്‍ക്കഥയായ പാകിസ്താനില്‍ ഫെബ്രുവരി എട്ടിനാണ് തിരഞ്ഞെടുപ്പ്. അഴിമതിക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ തെഹ്‌രിഖ് ഇ ഇന്‍സാഫ് പാര്‍ട്ടിയും മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പാകിസ്താന്‍ മുസ്ലിം ലീഗ് (എന്‍) എന്നിവര്‍ തമ്മിലാണ് ഏറ്റുമുട്ടല്‍. ഇമ്രാന്‍ ഖാന്റെ പ്രധാനമന്ത്രി പദം തെറിക്കുകയും ഷെഹബാസ് ഷെരീഫ് പ്രധാനമന്ത്രിയായതിനും പിന്നാലെ അറസ്റ്റ് ഭയന്ന് വിദേശത്തായിരുന്ന നവാസ് ഷെരീഫ് പാകിസ്താനില്‍ തിരിച്ചെത്തിയിട്ടുണ്ട്. പാകിസ്താന്‍ മുസ്ലം ലീഗിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് നവാസും സഹോദരന്‍ ഷെഹബാസും ചേര്‍ന്നണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പാകിസ്താനില്‍, തിരഞ്ഞെടുപ്പില്‍ സൈന്യത്തിന്റെ നിലപാടും നിര്‍ണായകമാകും.
അമേരിക്ക
ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായി തുടരുമോയെന്ന് നവംബറില്‍ തീരുമാനമാകും. അധികാരത്തിലേറിയ സമയത്തെ ജനപിന്തുണ ബൈഡന് നിലവിലില്ല. ജോ ബൈഡന്റെ ഭരണം അത്ര മികച്ചതല്ലെന്ന് ഡെമോക്രാറ്റുകളുടെ ഇടയില്‍ത്തന്നെ വിമര്‍ശനമുണ്ട്. ഇംപീച്ച്‌മെന്റ് ഭീഷണിയടക്കം നേരിടുന്ന ബൈഡന് എതിരെ, യുക്രൈന്‍, ഗാസ യുദ്ധങ്ങളിലെ ഇടപെടലുകളിലും വിമര്‍ശനമുണ്ട്. ശതകോടീശ്വരനായ ഡീന്‍ ഫിലിപ്പും ജനപ്രിയ എഴുത്തുകാരി മരിയന്‍ വില്യംസണുമാണ് നിലവില്‍ ബൈഡനൊപ്പം പ്രസിഡന്റ് തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയാകാനായുള്ള മത്സരത്തിലുള്ളത്. ഉയര്‍ന്ന നാണ്യപ്പെരുപ്പവും പലിശനിരക്കും ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും.
മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രണ്ടാം അങ്കത്തിന് കോപ്പുകൂട്ടി രംഗത്തുണ്ട്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നാമനിര്‍ദേശത്തിനായുള്ള മത്സരത്തില്‍ ആറുപേര്‍ രംഗത്തുണ്ടെങ്കിലും ട്രംപാണ് നിലവില്‍ മുന്നിലുള്ളത്. വിവിധ കേസുകള്‍ക്ക് പിന്നാലെ പായുന്ന ട്രംപ്, സംവാദങ്ങളില്‍ പങ്കെടുക്കുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ പിന്തുണ ഏറിവരികയാണ്. ഫ്‌ലോറിയ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസാണ് രണ്ടാം സ്ഥാനത്തുള്ളത്. ഇന്ത്യന്‍ വംശജനായ വിവേക് രാമസ്വാമി ആദ്യ ഘട്ടത്തിലെ മുന്നേറ്റത്തിന് ശേഷം പിന്നിലേക്ക് പോയി.
അധികാരത്തിലെത്തിയാല്‍, കഴിഞ്ഞതവണത്തെ തോല്‍വിക്ക് 'രാഷ്ട്രീയ പകവീട്ടലുണ്ടാകും' എന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചു കഴിഞ്ഞു. ആദ്യ ടേമിനെക്കാള്‍ വിനാശകരമായ അഭയാര്‍ഥി, കുടിയേറ്റ നയങ്ങളാണ് രണ്ടാം വരവില്‍ ട്രംപ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.
റഷ്യ
റഷ്യയില്‍ അഞ്ചാം ടേമിന് ഒരുങ്ങുകയാണ് വ്‌ലാഡിമര്‍ പുടിന്‍. മാര്‍ച്ചിലാണ് റഷ്യയില്‍ തിരഞ്ഞെടുപ്പ് നടക്കുക. യുക്രൈന്‍ യുദ്ധത്തില്‍ തിരിച്ചടി നേരിട്ടില്ലെന്ന് അവകാശപ്പെടുമ്പോഴും, യുദ്ധമുഖത്ത് റഷ്യന്‍ സൈനികര്‍ നേരിടുന്ന പ്രതിസന്ധികളും വാഗ്നര്‍ ഗ്രൂപ്പിന്റെ അട്ടിമറി ശ്രമവും പുടിന്റെ ഇമേജ് തകര്‍ത്തിട്ടുണ്ട്. റഷ്യയില്‍ ജനാധിപത്യ പ്രക്ഷോഭങ്ങളും ശക്തമാണ്.
2036 വരെ ഭരണത്തില്‍ തുടരാനുള്ള ഭരണഘടനാ ഭേദഗതി പുടിന്‍ നടപ്പിലാക്കിയിട്ടുണ്ട്. പ്രസിഡന്റിന്റെ അധികാരം കുറച്ച് പാര്‍ലമെന്റിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നതാണ് 2020ലെ ഭരണഘടന ഭേദഗതി. 2024-ല്‍ പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ടിവന്നാല്‍, പ്രധാനമന്ത്രിയാകാനുള്ള നീക്കം പുടിന്‍ നടത്തും. മുന്‍പും പുടിന്‍ ഇങ്ങനെ ചെയ്തിട്ടുണ്ട്. 1999 ഓഗസ്റ്റ് മുതല്‍ 2000 മേയ് വരെ പ്രധാനമന്ത്രിയായിരുന്ന പുടിന്‍, 2000 മേയ് മുതല്‍ 2008 മേയ് വരെ പ്രസിഡന്റായി. 2008 മേയ് മുതല്‍ 2012 മേയ് വരെ വീണ്ടും പ്രധാനമന്ത്രിയായി. 2012 മേയ് മുതല്‍ പ്രസിഡന്റായി. 2018 മാര്‍ച്ചില്‍ ആറുവര്‍ഷത്തേക്ക് അദ്ദേഹം വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
യൂറോപ്യന്‍ യൂണിയന്‍
യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റിലേക്കും 2024ലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 27 അംഗരാജ്യങ്ങളിലെ ജനങ്ങളാണ് വോട്ടെടുപ്പില്‍ പങ്കെടുക്കുന്നത്. നെതര്‍ലന്‍ഡ്‌സില്‍ തീവ്ര മുസ്ലിം-യൂറോപ്യന്‍ യൂണിയന്‍ വിരുദ്ധന്‍ ഗീര്‍ട്ട് വൈല്‍ഡേഴ്‌സ് അധികാരത്തിലേറിയതും ഇറ്റലിയില്‍ തീവ്ര വലതു നേതാവ് ജോര്‍ജിയ മെലോനി അധികാരത്തിലേറിയതും യൂറോപ്യന്‍ യൂണിയന്‍ തിരഞ്ഞെടുപ്പിന്റെ ഗതി നിര്‍ണയിക്കാന്‍ സാധ്യതയുണ്ട്.
ഐക്യരാഷ്ട്ര സഭ സെക്യൂരിറ്റി കൗണ്‍സിലേലക്കും 2024ല്‍ തിരഞ്ഞെടുപ്പ് നടക്കും. യുഎന്‍ രക്ഷാസമിതിയിലെ അഞ്ച് സ്ഥിരമല്ലാത്ത സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ആഫ്രിക്ക, ഏഷ്യ പെസഫിക്, ലാറ്റിന്‍ അമേരിക്ക ആന്റ് കരീബിയ, വെസ്റ്റേണ്‍ യൂറോപ് രാജ്യങ്ങള്‍ക്ക് മാറ്റിവച്ചിരിക്കുന്ന സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.