ആൻഡമാൻ നിക്കോബാറിലെ 21 ദ്വീപുകൾ ഇനി പരംവീർ ചക്ര ജേതാക്കളുടെ പേരിൽ അറിയപ്പെടും
ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ 21 ദ്വീപുകൾക്ക് പരംവീർ ചക്ര പുരസ്‌കാര ജേതാക്കളുടെ പേര്. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദ്വീപുകളുടെ പേരുകൾ ഔദ്യോഗികമായി പ്രഖ്യാപിക്കും. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പേരിലുള്ള ദ്വീപിൽ നിർമിക്കുന്ന ദേശീയ സ്മാരകത്തിന്റെ മാതൃകയും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും.
2018-ൽ പ്രധാനമന്ത്രി ദ്വീപ് സന്ദർശിച്ചപ്പോൾ ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ചരിത്രപരമായ പ്രാധാന്യവും നേതാജിയുടെ സ്മരണയും കണക്കിലെടുത്ത് റോസ് ദ്വീപിനെ നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപ് എന്ന് പുനർനാമകരണം ചെയ്തിരുന്നു.
നീൽ ദ്വീപ്, ഹാവ്‌ലോക്ക് ദ്വീപ് എന്നിവ യഥാക്രമം ഷഹീദ് ദ്വീപ്, സ്വരാജ് ദ്വീപ് എന്നിങ്ങനെ പുനർനാമകരണം ചെയ്തിരുന്നു. 1950-ൽ മരണാനന്തര ബഹുമതിയായി ലഭിച്ച ഇന്ത്യയുടെ ആദ്യത്തെ പരംവീർ ചക്ര പുരസ്‌കാര ജേതാവ് മേജർ സോമനാഥ് ശർമ്മയുടെ പേരിലാകും ഏറ്റവും വലിയ ദ്വീപ് അറിയപ്പെടുക. രണ്ടാമത്തെ വലിയ ദ്വീപിന് രണ്ടാമത് പരമവീര ചക്ര ലഭിച്ച ആളുടെയും പേര് നൽകും. രാജ്യത്തെ യഥാർത്ഥ നായകന്മാർക്ക് അർഹമായ ആദരവ് നൽകുന്നതിനാണ് പ്രധാനമന്ത്രി എല്ലായ്‌പ്പോഴും മുൻഗണന നൽകുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞു.
സുബേദാർ, ഓണററി ക്യാപ്റ്റൻ (അന്നത്തെ ലാൻസ് നായിക്) കരം സിങ്, രണ്ടാം ലഫ്റ്റനന്റ് രാമ രഘോബ റാണെ, നായിക് ജാദുനാഥ് സിങ്, കമ്പനി ഹവിൽദാർ മേജർ പിരു സിങ്, ക്യാപ്റ്റൻ ജി എസ് സലാരിയ, ലെഫ്റ്റനന്റ് കേണൽ (അന്നത്തെ മേജർ) ധൻ സിങ് ഥാപ്പ, സുബേദാർ ജോഗീന്ദർ സിങ്, മേജർ ഷൈതൻ സിങ്, ലാൻസ് നായിക് ആൽബർട്ട് എക്ക എന്നിവരുൾപ്പെടെ മറ്റ് 20 പരംവീർ ചക്ര പുരസ്‌കാര ജേതാക്കളുടെ പേരിലാണ് മറ്റ് ദ്വീപുകൾ അറിയപ്പെടുന്നത്.