മുംബൈയിൽ വീണ്ടും 26/11 മോഡൽ ഭീകരാക്രമണ ഭീഷണി; സുരക്ഷ ശക്തമാക്കി മഹാരാഷ്ട്ര സർക്കാർ
മുംബൈ നഗരത്തിൽ വീണ്ടും ഭീകരാക്രമണ ഭീഷണി. 26/11 ന് സമാനമായ രീതിയിൽ ഭീകരാക്രമണം നടത്തുമെന്ന് വെള്ളിയാഴ്ച രാത്രി മുംബൈ ട്രാഫിക് പോലീസിന് വാട്സാപ്പ് സന്ദേശം ലഭിച്ചു. റായ്ഗഡിൽ ആയുധങ്ങളടങ്ങിയ അജ്ഞാത ബോട്ട് കണ്ടെത്തിയതിൽ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് പുതിയ ഭീഷണി. സന്ദേശം ലഭിച്ചത് പാക്കിസ്താൻ നമ്പറിൽ നിന്നാണെന്ന് കണ്ടെത്തിയതായി മുംബൈ സിറ്റി പൊലീസ് കമ്മീഷണർ വിവേക് ഫൻസാൽക്കർ അറിയിച്ചു.
26/11 ഭീകരാക്രമണത്തിന് പുറമെ, ഉദയ്പൂര്‍ കൊലപാതകം, സിദ്ധു മൂസെവാല വധം തുടങ്ങിയവയ്ക്ക് സമാനമായ രീതിയിലും ആക്രമണമുണ്ടാകുമെന്ന് സന്ദേശത്തിൽ പറയുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയിലുള്ള ആറുപേരാകും ആക്രമണം നടത്തുകയെന്നും സന്ദേശത്തിൽ പറയുന്നു. സന്ദേശം ലഭിച്ചയുടന്‍ സിറ്റി ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചെന്നും ഉന്നത അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം കൈമാറിയിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
വ്യാഴാഴ്ച, മഹാരാഷ്ട്രയിലെ റായ്ഗഡിൽ നിന്ന് എകെ 47 തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളടങ്ങിയ അജ്ഞാത ബോട്ട് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) കണ്ടെത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഇന്ത്യൻ ആയുധ നിയമത്തിലെ 7,25 വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് എടിഎസ് മേധാവി വിനീത് അഗർവാൾ വ്യക്തമാക്കി. ഇതിനു പിന്നാലെ വന്ന ഭീഷണി സന്ദേശം ഗൗരവമായി കണ്ട് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ് മഹാരാഷ്ട്ര സർക്കാർ. സംഭവത്തിൽ കാര്യമായ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് അജിത് പവാർ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
2008 നവംബർ 26ന് ആരംഭിച്ച ഭീകരാക്രമണ പരമ്പരയാണ് രാജ്യത്തെ നടുക്കിയ 2008ലെ മുംബൈ ഭീകരാക്രമണം. പാക് ഇസ്ലാമിക ഭീകരസംഘടനയായ ലഷ്കർ-ഇ-ത്വയ്ബയിലെ 10 അംഗങ്ങൾ ചേർന്ന് നാല് ദിവസത്തിനിടെ മുംബൈയിലുടനീളം നടത്തിയ വെടിവെപ്പുകളിലും ബോംബാക്രമണങ്ങളിലുമായി 166 പേർ കൊല്ലപ്പെടുകയും മുന്നൂറിൽ പരം ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.