കർണാടകയിൽ ജനവിധി തേടാൻ 2,613 സ്ഥാനാർഥികൾ; 185 വനിതകൾ, ഒരു ട്രാൻസ്ജെൻഡർ; 918 സ്വതന്ത്രരും മത്സര രംഗത്ത്
നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം തിങ്കളാഴ്ച അവസാനിച്ചതോടെ കർണാടകയിൽ മത്സര ചിത്രം തെളിഞ്ഞു. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ 2,613 സ്ഥാനാർഥികൾ മാറ്റുരയ്ക്കും. ഇതിൽ 2,427 സ്ഥാനാർഥികൾ പുരുഷന്മാരും 185 പേർ വനിതകളുമാണ്. ട്രാൻസ്ജൻഡർ വിഭാഗത്തിൽ നിന്ന് ഒരാളും പത്രിക സമർപ്പിച്ചവരിൽ പെടും. ഭരണത്തിലുള്ള ബിജെപി 224 മണ്ഡലങ്ങളിലും സ്ഥാനാർഥിയെ നിർത്തിയിട്ടുണ്ട്. കോൺഗ്രസ് 223 മണ്ഡലങ്ങളിലേക്കാണ് പത്രിക സമർപ്പിച്ചത്. ജെഡിഎസ് 207 മണ്ഡലങ്ങളിൽ മത്സരിക്കുന്നുണ്ട്.
ആം ആദ്മി പാർട്ടി 209 മണ്ഡലങ്ങളിലും ബഹുജൻ സമാജ് പാർട്ടി 133 മണ്ഡലങ്ങളിലും സിപിഐഎം നാല് മണ്ഡലങ്ങളിലും സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പു കമ്മീഷനിൽ രജിസ്റ്റർ ചെയ്ത എന്നാൽ ദേശീയ അംഗീകാരമില്ലാത്ത പാർട്ടികളുടെ 693 സ്ഥാനാർഥികളും തിരഞ്ഞെടുപ്പ് കളത്തിലിറങ്ങും. സിപിഐ, എൻസിപി, മജ്‌ലിസെ പാർട്ടി, എസ്ഡിപിഐ തുടങ്ങിയ പാർട്ടികളുടെ സ്ഥാനാർഥികളാണ് ഈ പട്ടികയിൽ ഉള്ളത്. ഇത് കൂടാതെ 918 സ്വതന്ത്ര സ്ഥാനാർത്ഥികളും മത്സരിക്കാൻ യോഗ്യത നേടിയിട്ടുണ്ട് .
ബെംഗളുരുവിലെ പുലികേശി നഗറിൽ നിർത്തിയ എഐഎഡി എംകെയുടെ ഏക സ്ഥാനാർഥി പത്രിക പിൻവലിച്ചു . ഡൽഹിയിൽ നിന്ന് ബിജെപി നേതൃത്വം ഇടപെട്ടതിനെ തുടർന്നാണ് അവസാന നിമിഷം സ്ഥാനാർഥി പിൻ മാറിയെതെന്നു എഐഎഡിഎംകെ നേതൃത്വം ചെന്നൈയിൽ അറിയിച്ചു. മെയ് 10 നാണ് കർണാടകയിൽ വോട്ടെടുപ്പ്. 13നു ഫലം പ്രഖ്യാപിക്കും. മെയ് 24നാണ് നിലവിലെ സർക്കാരിന്റെ കാലാവധി അവസാനിക്കുന്നത്.