ബ്രഹ്‌മോസ് മിസൈല്‍
ബ്രഹ്‌മോസ് മിസൈല്‍

പാകിസ്താനിലേക്ക്‌ അബദ്ധത്തില്‍ ബ്രഹ്‌മോസ് മിസൈല്‍ തൊടുത്ത സംഭവം: മൂന്ന് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

സംഭവത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് വ്യോമസേന ഉദ്യോഗസ്ഥരെയാണ് സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടത്
Updated on
1 min read

ഇന്ത്യയുടെ ബ്രഹ്‌മോസ് മിസൈല്‍ അബദ്ധത്തില്‍ പാകിസ്താനിലേക്ക് തൊടുത്തുവിട്ട സംഭവത്തില്‍ ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. സംഭവത്തിന് ഉത്തരവാദികളെന്ന് കണ്ടെത്തിയ മൂന്ന് ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടു. ഒരു ഗ്രൂപ്പ് ക്യാപ്റ്റനും രണ്ട് വിങ് കമാന്‍ഡര്‍മാര്‍ക്കും എതിരെയാണ് നടപടി.

2022 മാര്‍ച്ച് ഒമ്പതിന് വൈകിട്ട് ഏഴിനാണ് ബ്രഹ്‌മോസ് മിസൈല്‍ അബദ്ധത്തില്‍ പാകിസ്താനില്‍ പതിച്ചത്. രാജസ്ഥാനിലെ സിര്‍സയില്‍ നിന്ന് പറന്നുയര്‍ന്ന സൂപ്പര്‍സോണിക് മിസൈല്‍ ഖനേവാള്‍ ജില്ലയിലെ മിയാന്‍ ചന്നുവില്‍ ചെന്ന് പതിക്കുകയായിരുന്നു. പാക് അതിര്‍ത്തിയില്‍ നിന്ന് 124 മീറ്റര്‍ അകലെയാണ് ഈ പ്രദേശം.

ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണ് കാരണമെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടർന്ന് മൂന്നുപേർക്കുമെതിരെ നടപടിയെടുക്കാൻ നിർദേശിക്കുകയായിരുന്നു. മിസൈൽ വിക്ഷേപണവുമായി ബന്ധപ്പെട്ട സാധാരണ പ്രവര്‍ത്തന പ്രക്രിയയില്‍നിന്ന് (എസ്ഒപി) വ്യതിചലിച്ചതാണ് മിസൈൽ അബദ്ധത്തിൽ പാകിസ്താനിൽ പതിക്കാൻ കാരണമായതെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ പ്രതിരോധ മന്ത്രാലയം ഖേദം പ്രകടിപ്പിച്ചിരുന്നു.

പ്രകോപനമില്ലാതെ വ്യോമാതിർത്തി ലംഘിച്ചുവെന്നും തന്ത്രപ്രധാനമായ ആയുധങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യ ​ഗുരുതരമായ വീഴ്ച വരുത്തിയെന്നുമായിരുന്നു പാകിസ്താന്റെ ആക്ഷേപം

തങ്ങളുടെ വ്യോമാതിർത്തിയുടെ 100 കിലോമീറ്റർ ചുറ്റളവിൽ ശബ്ദത്തിന്റെ മൂന്നിരട്ടി വേ​ഗതയിലാണ് മിസൈൽ പതിച്ചതെന്ന് പാകിസ്താൻ ആരോപിച്ചിരുന്നു. പിന്നാലെ ഇസ്ലാമാബാദിലെ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയെ പാകിസ്താൻ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. പ്രകോപനമില്ലാതെ വ്യോമാതിർത്തി ലംഘിച്ചുവെന്നും തന്ത്രപ്രധാനമായ ആയുധങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യ ​ഗുരുതരമായ വീഴ്ച വരുത്തിയെന്നുമായിരുന്നു പാകിസ്താന്റെ ആക്ഷേപം.

രാജ്‌നാഥ് സിംഗ്
രാജ്‌നാഥ് സിംഗ്

സംഭവം വലിയ ചര്‍ച്ചയായതോടെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയിരുന്നു. മിസൈല്‍ പതിച്ചത് അബദ്ധത്തിലാണെന്നും രാജ്യത്തിന്റെ ആയുധ സംവിധാനങ്ങളുടെ സുരക്ഷക്ക് മുന്‍ഗണന നല്‍കുന്നുണ്ടെന്നും എന്തെങ്കിലും തരത്തിലുള്ള പോരായ്മകള്‍ കണ്ടെത്തിയാല്‍ അത് പരിഹരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പാര്‍ലമെന്റില്‍ വ്യക്തമാക്കി.

സ്ഫോടകവസ്തു ഘടിപ്പിക്കാത്ത മിസൈൽ ആയതിനാൽ വലിയ അപകടം ഒഴിവായിരുന്നു. എന്നാല്‍, ഇത്തരം സംഭവങ്ങളുടെ അനന്തരഫലങ്ങളെക്കുറിച്ച് ഇന്ത്യ ശ്രദ്ധിക്കണമെന്നും ഭാവിയിൽ ഇത്തരം ലംഘനങ്ങൾ ആവർത്തിക്കാതിരിക്കാൻ ഫലപ്രദമായ നടപടികൾ കൈക്കൊള്ളണമെന്നുമായിരുന്നു പാകിസ്താൻ ഇന്ത്യക്ക് നല്‍കിയ മുന്നറിയിപ്പ്. സംഭവത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നും പാകിസ്താന്‍ ആവശ്യപ്പെട്ടിരുന്നു. യാത്രാവിമാനങ്ങൾക്കും സാധാരണക്കാരുടെ ജീവനും അപകടമുണ്ടാക്കിയേക്കാവുന്ന സംഭവത്തിൽ അന്വേഷണം വേണമെന്നായിരുന്നു ആവശ്യം.

logo
The Fourth
www.thefourthnews.in