ബിഹാറില്‍ വീണ്ടും മദ്യദുരന്തം; 3 മരണം, നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍
ബിഹാറില്‍ വീണ്ടും മദ്യദുരന്തം. സിവാനിലെ ലക്കാരി നബിഗഞ്ചിൽ ഉണ്ടായ വിഷമദ്യ ദുരന്തത്തില്‍ മൂന്ന് പേർക്ക് ജീവൻ നഷ്ടമായി. ഒരാള്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചുവെന്നും മറ്റ് രണ്ട് പേർ ചികിത്സയിലിരിക്കെയാണ് മരിച്ചതെന്നും ഉദ്യോഗസ്ഥർ പറയുന്നു. നിരവധി പേർ ആശുപത്രിയില്‍ ചികിത്സയിലാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്ന് പൊതുപരാതി പരിഹാര വകുപ്പ് ഉദ്യോഗസ്ഥൻ അഭിഷേക് ചന്ദൻ വ്യക്തമാക്കി.
നബിഗഞ്ചിലെ ബാലഗ്രാമത്തിലെ ജനക് ബീൻ എന്ന ജനക് പ്രസാദ്, നരേഷ് ബീൻ എന്നിവർക്ക് രാത്രി വയറുവേദനയും കാഴ്ചയില്‍ തകരാറും ഉണ്ടായതിനെ തുടർന്നാണ് ബന്ധുക്കൾ ഇവരെ സിവാനിലേക്ക് കൊണ്ടുപോയത്. വിഷമദ്യം മൂലമുള്ള മരണങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ ജില്ലാ ഭരണകൂടം ഗ്രാമത്തിൽ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്. 'വ്യാജമദ്യം കഴിച്ചതിനാൽ മൂന്ന് പേർക്ക് ജീവൻ നഷ്ടമായി. ഒരുപാട് ആളുകൾ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്, ഗ്രാമത്തിൽ പോലീസ് ക്യാമ്പുകൾ തുറന്നിട്ടുണ്ട് ജില്ലാ കൗൺസിലർ രമേഷ് കുമാർ പറഞ്ഞു. മരണസംഖ്യ ഇനിയും വർധിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകള്‍.
ബിഹാറിലെ സരണ്‍ ജില്ലയില്‍ 2022 ഡിസംബറിലുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ 65 പേരോളം മരിച്ചിരുന്നു. ഡിസംബറില്‍ തന്നെ സമാനമായ മറ്റൊരു ദുരന്തത്തില്‍ 8 പേരും മരിച്ചു. അതേസമയം ദുരന്തത്തെ തുടർന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നടത്തിയ പ്രസ്താവന വലിയ വിവാദമായിരുന്നു. കുടിച്ചാല്‍ നിങ്ങള്‍ മരിക്കുമെന്ന് ഉറപ്പാണെന്നായിരുന്നു നിതീഷിന്റെ പ്രസ്താവന. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം നല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് മദ്യ നിരോധനം നിലവിലുള്ളതിനാല്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും നിതീഷ് ചൂണ്ടിക്കാട്ടിയിരുന്നു.
സംസ്ഥാനത്ത് വിഷമദ്യദുരന്തങ്ങള്‍ തുടർക്കഥയാവുകയാണ്. 2021ല്‍ സംസ്ഥാനത്ത് മരിച്ചത് 70 പേരാണ്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ 20 മദ്യ ദുരന്തങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. ആകെ 200 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ മദ്യ ദുരന്തങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുകയാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. മദ്യദുരന്തങ്ങള്‍ തുടര്‍ച്ചയാകുന്നു എന്ന മാധ്യമ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് നടപടി.
2016 മുതല്‍ മദ്യനിരോധനം നടപ്പാക്കിയ സംസ്ഥാനമാണ് ബിഹാര്‍. എന്നാല്‍, സംസ്ഥാനത്ത് മദ്യം നിരോധിച്ചതിനാല്‍ വലിയ തോതില്‍ അനധികൃതമായി മദ്യവിതരണം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട കേസുകളില്‍ 3.46 ലക്ഷത്തോളം പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇത്തരത്തില്‍ അനുമതിയില്ലാതെ മദ്യം വില്‍ക്കുന്നതിന് കൂട്ടുനിന്ന 186 പോലീസുകാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു. 2016 ഏപ്രില്‍ മുതല്‍ 2021 വരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത് നിന്നും 53 ലക്ഷം ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത മദ്യം പിടിച്ചെടുത്തിട്ടുണ്ട്.