ആന്ധ്രയില്‍ ടിഡിപി റാലിയിൽ വീണ്ടും ദുരന്തം; തിക്കിലും തിരക്കിലും മൂന്ന് മരണം,10 പേരുടെ നില ഗുരുതരം

ആന്ധ്രയില്‍ ടിഡിപി റാലിയിൽ വീണ്ടും ദുരന്തം; തിക്കിലും തിരക്കിലും മൂന്ന് മരണം,10 പേരുടെ നില ഗുരുതരം

ഒരാഴ്ചയ്ക്കിടെ ഉണ്ടാകുന്ന രണ്ടാമത്തെ സംഭവം
Updated on
1 min read

ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ തെലുങ്കുദേശം പാർട്ടി യോഗത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ടിഡിപി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന്റെ റോഡ് ഷോയ്ക്കിടെയാണ് അപകടം. പരുക്കേറ്റവർ സർക്കാർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. യോഗത്തിന് ശേഷമുണ്ടായ വൻ ജനത്തിരക്ക് കാരണമാണ് ഇങ്ങനെയൊരു അപകടം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന യോഗങ്ങളെക്കാളും വലിയ ജനക്കൂട്ടമായിരുന്നു ഇന്നത്തെ യോഗത്തിലുണ്ടായിരുന്നത്. ഒരാഴ്ചയ്ക്കിടെ ഉണ്ടാകുന്ന രണ്ടാമത്തെ സംഭവമാണിത്. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം നെല്ലൂർ ജില്ലയിലെ കണ്ടുകുരുവിൽ നായിഡുവിന്റെ റോഡ്‌ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് എട്ട് പേർ മരിക്കുകയും അഞ്ച് പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ തവണ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ചന്ദ്രബാബു നായിഡു 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. മരിച്ചവരുടെ മക്കള്‍ക്ക് എന്‍ടിആര്‍ ട്രസ്റ്റിന്റെ സ്ഥാപനങ്ങളില്‍ പഠനം നടത്താൻ സൗകര്യമൊരുക്കുമെന്നും ടിഡിപി പ്രഖ്യാപിച്ചിരുന്നു. ജഗൻ മോഹൻറെഡി നയിക്കുന്ന വൈഎസ്ആര്‍ കോൺഗ്രസ് സര്‍ക്കാരിനെതിരായ രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമായാണ് സംസ്ഥാന വ്യാപകമായി ടിഡിപി റോഡ്ഷോ സംഘടിപ്പിക്കുന്നത്.

logo
The Fourth
www.thefourthnews.in