ന്യൂമോണിയ മാറാൻ ഇരുമ്പ് ദണ്ഡുകൊണ്ട് പൊള്ളിച്ചു; മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
ന്യൂമോണിയ ഭേദമാകാൻ ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് 51 തവണ പൊള്ളിച്ചതിനെ തുടർന്ന് മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. മധ്യപ്രദേശിലെ ഷാഡോൾ ജില്ലയിലാണ് അന്ധവിശ്വാസത്തിനിരയായ കുട്ടി മരിച്ചത്. മന്ത്രവാദി പറഞ്ഞതനുസരിച്ചാണ് അസുഖം മാറാൻ കുട്ടിയെ ഇരുമ്പ് ദണ്ഡുകൊണ്ട് പൊള്ളിച്ചത്.
15 ദിവസം മുമ്പാണ് സംഭവം നടന്നത്. പൊള്ളലേറ്റ ശേഷം ആരോഗ്യനില വഷളായ കുഞ്ഞിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. പ്രദേശവാസിയായ അങ്കണവാടി ജീവനക്കാരി അമ്മയ്ക്ക് കൗൺസിലിങ് നൽകിയ ശേഷമാണ് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റാന്‍ കുടുംബം തയ്യാറായത്.
ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് ശ്വാസതടസം അനുഭവപ്പെട്ടതോടെ കുട്ടിയെ മന്ത്രവാദിയുടെ അടുത്തെത്തിച്ചു. അവിടെ വച്ചാണ് കുട്ടിയുടെ ശരീരത്തില്‍ ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് വെയ്ക്കുന്നത്. ഗോത്ര വർഗക്കാർ ധാരാളമുള്ള ഷാഡോളില്‍ ഇത്തരം സംഭവങ്ങൾ ആവര്‍ത്തിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്.
കുട്ടിയുടെ മൃതദേഹം കുടുംബം സംസ്കരിച്ചിരുന്നു. എന്നാൽ വാര്‍ത്ത പുറത്തുവന്നതോടെ മൃതദേഹം വീണ്ടും പോസ്റ്റ്മാർട്ടം ചെയ്യുമെന്ന് ജില്ലാ കളക്ടർ വന്ദന വൈഥ് വ്യക്തമാക്കി.