12 വർഷത്തെ നിയമപോരാട്ടം; 32 വനിതാ വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്ക് മുഴുവന്‍ പെന്‍ഷന്‍, നിർണായക വിധിയുമായി സുപ്രീംകോടതി
വ്യോമസേനയിൽ ഷോര്‍ട്ട് സര്‍വീസ് കമ്മീഷനായി അഞ്ച് വർഷത്തിലധികം ജോലി ചെയ്ത് വിരമിച്ച 32 വനിതാ ഉദ്യോഗസ്ഥർക്കും മുഴുവന്‍ പെന്‍ഷനും അര്‍ഹതയുണ്ടെന്ന് സുപ്രീം കോടതിയുടെ വിധി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാസാരായ ഹിമാ കോലി, ജെ ബി പര്‍ഡിവാല എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് ചരിത്ര വിധി. എന്നാൽ 2006നും 2009നും ഇടയിൽ നിന്ന് വിരമിച്ചതിനാൽ അവരെ സർവീസിൽ പുനഃസ്ഥാപിക്കാൻ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 20 വർഷം സേവനമനുഷ്ഠിച്ച ഉദ്യോഗസ്ഥരുടെ പെന്‍ഷന് തുല്യമാണ് മുഴുവന്‍ പെന്‍ഷന്‍ എന്നത്.
12 വർഷമായി ഇന്ത്യൻ വ്യോമസേനയിലെ 32 വനിത ഉദ്യോഗസ്ഥര്‍ നടത്തിവന്ന നിയമപോരാട്ടമാണിപ്പോള്‍ വിജയിച്ചത്. കേസിൽ വിധി വരുന്നതിന് മുൻപ് തന്നേ പലർക്കും സേനയിൽ നിന്ന് വിരമിക്കേണ്ടി വന്നിരുന്നു.
അഞ്ച് വര്‍ഷത്തെ ഷോര്‍ട്ട് സര്‍വ്വീസ് കമ്മീഷന്‍ കാലാവധിയോക്കാള്‍ കൂടുതല്‍ കാലം ഇന്ത്യന്‍ വ്യോമസേനയില്‍ സേവനമനുഷ്ഠിച്ചവര്‍ മുഴുവന്‍ പെന്‍ഷനും ലഭിക്കാന്‍ അര്‍ഹരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ കോടതിയെ സമീപിച്ചത്. ഇവരില്‍ മൂന്നുപേരുടെ ഭര്‍ത്താക്കന്മാര്‍ സേനയുടെ ഭാഗമായി വീരചരമം അടഞ്ഞവരാണ്.
അഞ്ച് വർഷത്തിന് ശേഷം സ്ഥിരം കമ്മീഷൻ അനുവദിക്കുന്നതിന് പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് അവർ 1993-1998 കാലയളവിൽ സർവീസിൽ അവർ ചേർന്നതെന്ന് ബെഞ്ച് പറഞ്ഞു. എന്നാൽ, സ്ഥിരം സർവീസ് കമ്മീഷനായി പരിഗണിക്കുന്നതിനുപകരം അവർക്ക് തുടർച്ചയായി ആറും നാലും വർഷം സർവീസ് നീട്ടിനൽകുകയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. നിലവിലുള്ള നയത്തിന്റെ അടിസ്ഥാനത്തിൽ സ്ഥിരം കമ്മീഷൻ ക്ലെയിം ചെയ്യാനുള്ള അവസരം ലഭിക്കുമെന്ന ന്യായമായ പ്രതീക്ഷ ഈ വനിതാ ഓഫീസർമാർക്ക് ഉണ്ടായിരുന്നു. അതിനാൽ ഇവര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നത് അനുയോജ്യമെങ്കില്‍ പെര്‍മനെന്റ് കമ്മീഷന്‍ അനുവദിക്കുന്നത് പരിഗണിക്കണമെന്നും ബെഞ്ച് കേന്ദ്രസര്‍ക്കാരിനും വ്യോമസേനക്കും നിര്‍ദേശം നല്‍കി. അതേസമയം ഇവർക്ക് ശമ്പള കുടിശ്ശികയ്ക്ക് അർഹത ഉണ്ടാവില്ലെന്നും കോടതി വ്യക്തമാക്കി.
സ്ഥിരം കമ്മീഷന്‍ അനുവദിക്കുന്നതിന് യോഗ്യരാണെന്ന് വ്യോമസേന കണ്ടെത്തിയാല്‍ വനിതാ ഉദ്യോഗസ്ഥര്‍ക്ക് 20 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ തീയതി മുതല്‍ ഒറ്റത്തവണ പെന്‍ഷന്‍ ആനുകൂല്യം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും ബെഞ്ച് പറഞ്ഞു. വ്യോമസേനക്കായി ഇവര്‍ ഏറെ കാലം സേവനമനുഷ്ഠിച്ചിട്ടുണ്ടെന്നും മികച്ച ഔദ്യോഗിക റെക്കോര്‍ഡുകളാണ് ഇവര്‍ക്കുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി.
സേനയിലേക്ക് ആളുകളെ തിരഞ്ഞെടുക്കുന്നതില്‍ വിവേചനം നിലനില്‍ക്കുണ്ടെന്ന 2020 ബബിത പൂനിയ കേസിലെ വിധിയെ ആശ്രയിച്ചാണ് പുതിയ വിധി. 2020ലെ വിധിക്കുശേഷം സേനകളിലേക്ക് വനിതകളെ എടുക്കുന്നത് വര്‍ദ്ധിച്ചിരുന്നു. മുന്‍പ് 10-14 വര്‍ഷമായിരുന്ന കരിയറിപ്പോള്‍ പുരുഷ സൈനികര്‍ക്ക് ലഭിക്കുന്നതുപോലെ ഇനി സ്ത്രീകള്‍ക്കും ലഭിക്കും.