ഇന്ത്യയില്‍ തൊഴിലില്ലായ്മ രൂക്ഷം; തൊഴില്‍രഹിതരില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍

ഇന്ത്യയില്‍ തൊഴിലില്ലായ്മ രൂക്ഷം; തൊഴില്‍രഹിതരില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍

15 മുതല്‍ 29 വയസ് വരെ പ്രായ പരിധിക്കിടയിലുള്ളവരെ തിരഞ്ഞെടുത്താല്‍ അതില്‍ മൂന്നിലൊന്ന് പേരും പഠിക്കാന്‍ അവസരം ലഭിക്കാത്തവരോ തൊഴിലില്ലാത്തവരോ ആണെന്നാണ് പഠനം പറയുന്നത്
Updated on
2 min read

ഏറ്റവും കാര്യക്ഷമമായി ഉപയോഗപ്പെടുത്താവുന്ന യുവജനതയുടെ ഇടപെടല്‍ സമൂഹത്തിന്റെ വളർച്ചയ്ക്ക് ആത്യന്താപേക്ഷിതമാണ്. രാജ്യത്തിന്റെ സമഗ്ര പുരോഗതിയിലും യുവാക്കളുടെ സ്വാധീനം വളരെ വലുതാണ്. കേന്ദ്ര സർക്കാരിന്റെ നാഷണല്‍ സാംപിള്‍ സര്‍വേ ഓഫീസ് നടത്തിയ മള്‍ട്ടിപ്പിള്‍ ഇൻഡിക്കേറ്റർ സർവേയില്‍ വ്യക്തമായത് ഇതിന് തിരിച്ചടിയാകുന്ന കാര്യങ്ങളാണ്. കൗമാരക്കാരും യുവജനതയും മതിയായോ വിദ്യാഭ്യാസമോ തൊഴിലവരങ്ങളോ ലഭിക്കാതെ പ്രതിസന്ധിയിലെന്ന് വ്യക്തമാകുന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്.

രാജ്യത്തെ ജനസംഖ്യയുടെ നാലിലൊന്ന് ശതമാനം വരുന്ന വിഭാഗക്കാരാണ് 15 മുതല്‍ 29 വയസ് വരെയുള്ളവര്‍. ഈ പ്രായ പരിധിക്കിടയിലുള്ളവരെ തിരഞ്ഞെടുത്താല്‍ അതില്‍ മൂന്നിലൊന്ന് പേരും പഠിക്കാന്‍ അവസരം ലഭിക്കാത്തവരോ തൊഴിലില്ലാത്തവരോ ആണെന്നാണ് പഠനം പറയുന്നത്. സ്ത്രീകളുടെ കാര്യത്തില്‍ തൊഴിലില്ലായ്മ നിരക്ക് അതിരൂക്ഷമാണെന്നാണ് പഠനം വ്യക്തമാക്കുന്നത്.

2021ല്‍ 2.76 ലക്ഷം വീടുകളിലായി നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. സര്‍വേയുടെ പ്രധാന ഉദ്ദേശ്യം ലിംഗ അസമത്വം, ദാരിദ്ര്യം, വിദ്യാഭ്യാസം എന്നിവയുള്‍പ്പെടെയുള്ള വിവിധ ആഗോള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഐക്യരാഷ്ട്രസഭയുടെ 17 ലക്ഷ്യങ്ങള്‍ പ്രാവര്‍ത്തികമാക്കുക എന്നതാണ്.

ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച് 22 ശതമാനം പേരാണ് ഇന്ത്യയില്‍ പഠനത്തിലോ ജോലിയിലോ ഏതെങ്കിലും പരിശീലനം നേടുകയോ ചെയ്യാതെ നില്‍ക്കുന്നത്. എന്നാല്‍ യഥാര്‍ഥ നിരക്കും ഐക്യരാഷ്ട്ര സഭയുടെ കണക്കും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ തൊഴിലില്ലായ്മക്കിടെയിലും ലിംഗ അസമത്വം നിഴലിച്ചുനില്‍ക്കുന്നുവെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. തൊഴിലില്ലായ്മയും വിദ്യാഭ്യാസത്തിനുള്ള അവസരമില്ലാത്തവരുടെ നിരക്കും കണക്കിലെടുത്താല്‍ 15.4 ശതമാനമാണ് പുരുഷന്‍മാര്‍. എന്നാല്‍, രാജ്യത്ത് 51.7 ശതമാനം സ്ത്രീകളാണ് ഇതേ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതെന്നാണ് സര്‍വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

യു പിയില്‍ ഏകദേശം 60 ശതമാനം സ്ത്രീകളാണ് തൊഴിലില്ലാത്തവരായും വിദ്യാഭ്യാസം നേടാൻ അവസരമില്ലാത്തവരുമായുള്ളത്

പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്ന ലിംഗ അസമത്വം തന്നെ അദ്ഭുതപ്പെടുത്തുന്നില്ലെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്‍ഡ് പോളിസിയിലെ പ്രൊഫസറായ സാമ്പത്തിക വിദഗ്ധയും എഴുത്തുകാരിയുമായ ലേഖ ചക്രവര്‍ത്തി ദി പ്രിന്റിനോട് പറഞ്ഞു. സ്ത്രീകളുടെ സാമ്പത്തിക ഭാവി, തൊഴില്‍ എന്നതിലുപരി വിവാഹമാണെന്ന ചിന്താരീതിയാണ് ഇന്ത്യയിലുള്ളതെന്നാണ് ലേഖ ചക്രവര്‍ത്തി പറയുന്നത്.

ഉത്തര്‍പ്രദേശിലാണ് തൊഴില്‍ മേഖലയിലെ ലിംഗ അസമത്വം ഏറ്റവും രൂക്ഷമായുള്ളത്. യു പിയില്‍ ഏകദേശം 60 ശതമാനം സ്ത്രീകളാണ് തൊഴിലില്ലാത്തവരായും വിദ്യാഭ്യാസം നേടാൻ അവസരമില്ലാത്തവരുമായി നിലനില്‍ക്കുന്നതെന്നും പഠനത്തില്‍ പറയുന്നു. ഉത്തര്‍പ്രദേശില്‍ 23 കോടി ജനസംഖ്യയുണ്ട്, അതില്‍ 12 കോടി പുരുഷന്മാരും 11 കോടി സ്ത്രീകളും ഉള്‍പ്പെടുന്നു. സംസ്ഥാന ജനസംഖ്യയുടെ ഏകദേശം 30 ശതമാനം അഥവാ 6.8 കോടി 15 മുതല്‍ 29 വരെയുള്ള പ്രായക്കാരാണ്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ലിംഗ അസമത്വം താരതമ്യേന കുറവ്

യു പി കഴിഞ്ഞാല്‍ പശ്ചിമബംഗാളിലാണ് ലിംഗ അസമത്വം ഏറ്റവും കൂടുതല്‍. 15.3 ശതമാനം പുരുഷന്മാരും 58.6 ശതമാനം സ്ത്രീകളും തൊഴിലിലോ വിദ്യാഭ്യാസത്തിലോ പരിശീലനത്തിലോ ഏർപ്പെടുന്നില്ല. ഗുജറാത്ത്, പഞ്ചാബ്, മധ്യപ്രദേശ്, അസം, ബിഹാര്‍ എന്നിവയാണ് തൊട്ടുപിന്നില്‍. അതേസമയം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ലിംഗ അസമത്വം താരതമ്യേന കുറവാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

logo
The Fourth
www.thefourthnews.in