പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലോകത്തെ ഏറ്റവും മലിനമായ 50 നഗരങ്ങളിൽ 39 എണ്ണവും ഇന്ത്യയിൽ; രാജ്യങ്ങളുടെ പട്ടികയിൽ എട്ടാം സ്ഥാനം

മൂന്നാം സ്ഥാനത്തുള്ള രാജസ്ഥാനിലെ ഭിവാടി ആണ് ഇന്ത്യൻ നഗരങ്ങളിൽ ഒന്നാമത്
Updated on
1 min read

2022ലെ ലോകത്തെ ഏറ്റവും മലിനമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ എട്ടാം സ്ഥാനത്തെന്ന് റിപ്പോർട്ട്. സ്വിസ് കമ്പനിയായ IQAir ചൊവ്വാഴ്ച പുറത്തിറക്കിയ 'വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ടിലാണ്' ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ ലോകത്ത് ഏറ്റവും മലിനമായ 50 നഗരങ്ങളുടെ പട്ടികയിൽ 39 എണ്ണവും ഇന്ത്യയിൽ നിന്നുള്ളവയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പി എം 2.5 ന്റെ നിലവാരത്തെ അടിസ്ഥാനമാക്കിയാണ് റാങ്കിങ് തീരുമാനിച്ചിട്ടുള്ളത്. വായുവില്‍ തങ്ങിനില്‍ക്കുന്ന ഖര, ദ്രാവക കണങ്ങളുടെ മിശ്രിതമാണ് പി എം 2.5. 2021ൽ പുറത്തുവിട്ട പട്ടികയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്തായിരുന്നു.

ലോകാരോഗ്യ സംഘടനാ അനുശാസിക്കുന്ന സുരക്ഷിത പരിധിയിലേക്കാൾ അഞ്ച് മടങ്ങ് മലിനീകരണം ഉള്ള ചെന്നൈ ആണ് മെട്രോ നഗരങ്ങളിൽ ഏറ്റവും വൃത്തിയുള്ളത്

ഇന്ത്യക്ക് പുറമെ ചാഡ്, ഇറാഖ്, പാകിസ്താൻ, ബഹ്‌റൈൻ, ബംഗ്ലാദേശ്, കുവൈത്, ഈജിപ്ത്, ബുർകീനോ ഫാസോ, താജികിസ്താൻ എന്നീ രാജ്യങ്ങളാണ് ആദ്യ പത്തിലുള്ളത്. 131 രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയിട്ടുള്ളത്. ആകെ 73000 നഗരങ്ങളാണ് പട്ടികയിൽ ഉൾപ്പെടുന്നത്. ഏറ്റവും അധികം മലിനീകരണം സംഭവിക്കുന്ന നഗരം പാകിസ്താനിലെ ലാഹോർ ആണ്. മൂന്നാം സ്ഥാനത്തുള്ള രാജസ്ഥാനിലെ ഭിവാടി ആണ് ഇന്ത്യൻ നഗരങ്ങളിൽ ഒന്നാമത്. ഡൽഹി ആണ് രണ്ടാമത്. പട്ടികയിൽ ഇന്ത്യയിലെ 6 മെട്രോ നഗരങ്ങളും ഉൾപ്പെട്ടിട്ടുണ്ട്.

ഡൽഹിക്ക് ശേഷം ഏറ്റവും മലിനമായ മെട്രോ നഗരം കൊൽക്കത്തയാണ് (ആഗോള തലത്തിൽ 99 ആം സ്ഥാനം). ലോകാരോഗ്യ സംഘടനാ അനുശാസിക്കുന്ന സുരക്ഷിത പരിധിയിലേക്കാൾ അഞ്ച് മടങ്ങ് മലിനീകരണം ഉള്ള ചെന്നൈ ആണ് മെട്രോ നഗരങ്ങളിൽ ഏറ്റവും 'വൃത്തിയുള്ളത്'. അതേസമയം ഹൈദരാബാദിലും ബെംഗളൂരുവിലും 2017 ന് ശേഷം ശരാശരിക്ക് മുകളിലായി മലിനീകരണ തോത് വർധിച്ചിട്ടുണ്ട്.

"വായു മലിനീകരണം ലോകത്ത് വലിയ പരിസ്ഥിതി ആരോഗ്യ ഭീഷണിയായി തുടരുകയാണ്. മോശം വായുവിന്റെ ഗുണനിലവാരം ലോകമെമ്പാടും ഓരോ വർഷവും ആറ് ദശലക്ഷത്തിലധികം മരണങ്ങൾക്ക് കാരണമാകുന്നു. ആസ്ത്മ, കാൻസർ, ശ്വാസകോശ രോഗങ്ങൾ, ഹൃദ്രോഗം തുടങ്ങിയ ഉൾപ്പടെ നിരവധി ആരോഗ്യ പ്രശനങ്ങൾക്ക് ഈ സ്ഥിതി കാരണമാകുന്നുണ്ട്"-റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യയിൽ മാത്രം വായു മലിനീകരണം മൂലമുള്ള സാമ്പത്തിക ചിലവ് 150 ബില്യൺ ഡോളറാണെന്ന് റിപ്പോർട്ട് പറയുന്നു. പി എം 2.5 മലിനീകരണത്തിന്റെ 20-35 ശതമാനത്തിനും കാരണം ഗതാഗത മേഖലയാണ്. വ്യാവസായിക യൂണിറ്റുകൾ, കൽക്കരി ഉപയോഗിച്ച് പ്രവർത്തിക്കുന്ന പവർ പ്ലാന്റുകൾ, ബയോമാസ് കത്തിക്കൽ എന്നിവയാണ് മലിനീകരണത്തിന്റെ മറ്റ് ഉറവിടങ്ങൾ.

logo
The Fourth
www.thefourthnews.in