ചന്ദ്രശേഖർ ആസാദിനെതിരായ വധശ്രമം: നാലുപേർ പിടിയിൽ
ഉത്തർപ്രദേശിൽ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് നേരെയുണ്ടായ വധശ്രമത്തിൽ നാലുപേർ കസ്റ്റഡിയിൽ. അക്രമികൾ ഉപയോഗിച്ച കാറും സഹാറൻപൂർ പോലീസ് പിടിച്ചെടുത്തു. ചികിത്സയിൽ കഴിയുന്ന ചന്ദ്രശേഖർ ആസാദിന്റേയും സഹായിയുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് സഹാറൻപൂർ എസ്ബിഡി ആശുപത്രി അറിയിച്ചു.
സഹാറന്‍പൂരിൽ ബുധനാഴ്ചയാണ് ചന്ദ്രശേഖർ ആസാദിന്റെ വാഹനവ്യൂഹത്തിന് നേരെ കാറിലെത്തിയ ആയുധധാരികളായ ഏതാനുംപേർ വെടിയുതിർത്തത്. നാല് തവണയാണ് അക്രമികൾ ചന്ദ്രശേഖർ ആസാദിനും സഹായികൾക്കും നേരെ വെടിയുതിർത്തത്. അരയിൽ വെടിയേറ്റ ആസാദിനേയും പരുക്കേറ്റ സഹായിയേയും ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റി.
ചന്ദ്രശേഖർ ആസാദിന്റെ സഹോദരനടക്കം അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്. ആദ്യ ബുള്ളറ്റ് കാറിന്റെ സീറ്റില്‍ തറച്ച് ആസാദിന്റെ അരഭാഗത്ത് ഉരഞ്ഞ് ഡോര്‍ തകര്‍ക്കുകയായിരുന്നു. തനിക്ക് അക്രമികളെ തിരിച്ചറിയാനാകില്ലെങ്കിലും കൂടെയുണ്ടായിരുന്നവർക്ക് മനസിലാകുമെന്നും ആസാദ് വ്യക്തമാക്കി. ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ചന്ദ്രശേഖർ ആസാദിന് നേരെ ആക്രമണമുണ്ടായത്. സഹായിയുടെ വീട്ടിൽ നടക്കുന്ന ആഘോഷത്തിൽ പങ്കെടുക്കാനായായിരുന്നു യാത്ര.