എൻസിപി പിളർപ്പിലേക്ക്? അജിത്ത് പവാറിനൊപ്പം 40 എംഎൽഎമാർ

എൻസിപി പിളർപ്പിലേക്ക്? അജിത്ത് പവാറിനൊപ്പം 40 എംഎൽഎമാർ

2019 ലെ വിമത നീക്കത്തിനിടെ ശരദ് പവാർ എംഎൽഎമാരെ വ്യക്തിപരമായി വിളിച്ച് കൂടെ നിർത്തിയിരുന്നു. ഇത്തവണ ശരദ് പവാര്‍ മൗനം തുടരുന്നത് അഭ്യൂഹങ്ങള്‍ക്ക് വഴിവയ്ക്കുകയാണ്‌.
Updated on
1 min read

ബിജെപിയുമായി ചർച്ചകൾ നടന്നില്ലെന്ന് അജിത്ത് പവാർ ആവർത്തിക്കുമ്പോഴും മഹാരാഷ്ട്രയിൽ എൻസിപിയെ പിളർത്താനുള്ള നീക്കങ്ങൾ സജീവമെന്ന് റിപ്പോർട്ടുകൾ. 53 ൽ 40 എംഎൽഎമാരുടെ പിന്തുണ അജിത്ത് പവാറിന് ഉണ്ടെന്നാണ് സൂചന. ഔദ്യോഗിക നീക്കത്തിന് ഉചിതമായ സമയം നോക്കി കാത്തിരിക്കുകയാണ് അജിത്ത് പവാറെന്നാണ് വിവരം. അതേസമയം കോൺഗ്രസ് നേതാക്കൾ മുംബൈയിലെത്തി ഉദ്ധവ് താക്കറെയെ കണ്ടു.

ശിവസേനയെ പിളർത്തി ബിജെപിക്കൊപ്പം ചേർന്ന ഏക്നാഥ് ഷിൻഡെ പക്ഷത്തെ എംഎൽഎമാർ ആയോഗ്യരാക്കപ്പെട്ടേക്കുമെന്ന സാധ്യത മുന്നിൽ കണ്ടാണ് അജിത്ത് പവാറിനെ കൂടെകൂട്ടാനുള്ള നീക്കം. അമിത് ഷായുടെയും നരേന്ദ്ര മോദിയുടെയും അനുവാദത്തിന് കാത്തിരിക്കുകയാണ് തീരുമാനം. 53 എന്‍സിപി എംഎല്‍മാരിൽ 40 പേരും അജിത്ത് പവാറിനൊപ്പമെന്ന സമ്മതപത്രം ഒപ്പിട്ടതായാണ് വിവരം. സമയമാകുമ്പോള്‍ പട്ടിക ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കാനും തീരുമാനമായിട്ടുണ്ട്. കര്‍ണാടക തിരഞ്ഞെടുപ്പിന് മുന്‍പോ എംഎല്‍മാരുടെ യോഗ്യത സംബന്ധിച്ച സുപ്രീംകോടതി വിധി വരുന്നതിന് മുന്‍പോ നിര്‍ണായക നീക്കത്തിന് കേന്ദ്രനേതൃത്വം അനുമതി നല്‍കുമെന്നാണ് കരുതുന്നത്.

എൻസിപി പിളർപ്പിലേക്ക്? അജിത്ത് പവാറിനൊപ്പം 40 എംഎൽഎമാർ
എൻസിപിയെ പിളർത്താൻ ബിജെപി? വാർത്ത നിഷേധിച്ച് അജിത്ത് പവാറും ശരദ് പവാറും

വാർത്തകൾ സജീവമാകുമ്പോഴും സമവായനീക്കത്തിന് എൻസിപി അധ്യക്ഷൻ ശരദ് പവാർ നീക്കമാരംഭിച്ചിട്ടില്ലെന്നാണ് വിവരം. പവാറിന്റെ നിശബ്ദത ഏവരേയും അത്ഭുതപ്പെടുത്തുകയാണ്. ഗുരുതരമായ ആരോപണങ്ങളോട് ഇതുവരെ പരസ്യമായി പ്രതികരിക്കാനും അദ്ദേഹം തയ്യാറായിട്ടില്ല. ശരദ് പവാറുമായി അടുത്തബന്ധമുള്ള മുതിർന്ന നേതാക്കളടക്കം എതിർപാളത്തിലെന്നാണ് സൂചന. 2019 ലെ വിമത നീക്കത്തിനിടെ ശരദ് പവാർ എംഎൽഎമാരെ വ്യക്തിപരമായി വിളിച്ച് കൂടെ നിർത്തിയിരുന്നു. ഇത്തവണ ശരദ് പവാര്‍ മൗനം തുടരുന്നത് അഭ്യൂഹങ്ങള്‍ക്ക് വഴിവയ്ക്കുകയാണ്‌.

വിവാദങ്ങൾ പുകയുന്നതിനിടെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തി. പ്രതിപക്ഷ ഐക്യം ഊടട്ടിയിറപ്പിക്കുന്നതിന്റെ ഭാഗമായാണ് ചർച്ചകൾ. നരേന്ദ്ര മോദിയുടെ സേച്ഛാധിപത്യ നടപടികളെ കക്ഷിരാഷ്ട്രീയത്തിന് അതീതമായി ചേര്‍ന്ന് നിന്ന് എതിർക്കുകയാണ് ലക്ഷ്യമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. എല്ലാവര്‍ക്കും അവരുടേതായ പ്രത്യയശാസ്ത്രമുണ്ടെന്നും ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമത്തില്‍ പങ്കാളിയാകുമെന്ന് ഉദ്ധവ് താക്കറെയും അറിയിച്ചു. സവർക്കർ വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ പരാമർശം തള്ളിയ ഉദ്ധവ് താക്കറെ ഡൽഹിയിൽ നടന്ന പ്രതിപക്ഷ കൂട്ടായ്മയിൽ നിന്ന് വിട്ടുനിന്നിരുന്നു.

logo
The Fourth
www.thefourthnews.in