ഇന്ത്യയിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ ചത്തത് 40 കടുവകൾ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പരിസ്ഥിതി മന്ത്രാലയം

ഇന്ത്യയിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ ചത്തത് 40 കടുവകൾ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പരിസ്ഥിതി മന്ത്രാലയം

നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ കണക്കനുസരിച്ച് 2020 നും 2022നും ഇടയിൽ 354 കടുവകളാണ് ചത്തത്
Updated on
1 min read

രാജ്യത്ത് ഈ വർഷം ആകെ 40 കടുവകൾ ചത്തതായി കേന്ദ്ര സർക്കാർ. പരിസ്ഥിതി വകുപ്പ് സഹമന്ത്രി അശ്വിനി കുമാർ ചൗബേ ലോക്സഭയിലാണ് ഇതുസംബന്ധിച്ച കണക്കുകൾ സമർപ്പിച്ചത്. ജനുവരി ഒന്ന് മുതൽ മാർച്ച് അഞ്ച് വരെയുള്ള കണക്കുകളാണിത്. കടുവകളുടെ മരണം സ്വാഭാവിക കാരണങ്ങളാലാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

2006 നും 2018 നും ഇടയിൽ ഇന്ത്യയിലെ കടുവകളുടെ എണ്ണം പ്രതിവർഷം ആറ് ശതമാനം എന്ന നിരക്കിലാണ് വർധിച്ചത്.

വാർദ്ധക്യം, രോഗങ്ങൾ, പരസ്പര കലഹങ്ങൾ, വൈദ്യുതാഘാതം, കെണി, മുങ്ങിമരണം, റോഡ്/റെയിൽ ഇടിക്കൽ തുടങ്ങിയ നിരവധി ഘടകങ്ങളാണ് ഭൂരിഭാഗവും കടുവകളുടെ മരണത്തിന് കാരണം. സർക്കാർ രേഖകൾ പ്രകാരം, ഓരോ വർഷവും നൂറിലധികം കടുവകളാണ് ഇന്ത്യയിൽ മരിക്കുന്നത്. അതേസമയം, 2022-2023ൽ കേന്ദ്രാവിഷ്‌കൃത 'പ്രോജക്ട് ടൈഗ'ർ പദ്ധതിക്ക് കീഴിൽ അനുവദിച്ച 188 ലക്ഷം രൂപയിൽ 78.7 ലക്ഷം രൂപ മാത്രമാണ് ഇതുവരെ വിനിയോഗിച്ചിരിക്കുന്നത്. സാധാരണഗതിയിൽ മുൻ വർഷങ്ങളിൽ ഈ ഫണ്ട് പൂർണമായി വിനിയോഗിക്കപ്പെട്ടിരുന്നു.

നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ കണക്കനുസരിച്ച് 2020 നും 2022നും ഇടയിൽ 354 കടുവകളാണ് ചത്തത്. ഇതിൽ 127 എണ്ണം 2021ലും 121 കടുവകൾ 2022ലുമാണ് ചത്തത്. അതോറിറ്റിയുടെ രേഖകൾ അനുസരിച്ച് കടുവ സംരക്ഷണ കേന്ദ്രങ്ങൾക്കുള്ളിൽ വച്ച് സ്വാഭാവിക കാരണങ്ങളാലാണ് 50 ശതമാനത്തിലധകവും കടുവകൾ ചാകുന്നത്. "കടുവകളുടെ മരണനിരക്ക് വർഷം തോറും വ്യത്യാസപ്പെടുന്നത് സാധാരണമാണ്. എന്നാൽ 40 എന്ന സംഖ്യ വളരെ കൂടുതലാണ്. പക്ഷേ കടുവകളുടെ സംഖ്യയും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് ” നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി ഉദ്യോഗസ്ഥൻ പറഞ്ഞു.

കഴിഞ്ഞ 10 വർഷത്തിനിടെ (2012-2022) ഏറ്റവും കൂടുതൽ കടുവകൾ ചത്തത് മധ്യപ്രദേശിലാണ്. 270 കടുവകളാണ് ഇവിടെ ചത്തത്. 184 കടുവകൾ ചത്ത മഹാരാഷ്ട്രയാണ് തൊട്ടുപിന്നിൽ.  2006 നും 2018 നും ഇടയിൽ ഇന്ത്യയിലെ കടുവകളുടെ എണ്ണം പ്രതിവർഷം ആറ് ശതമാനം എന്ന നിരക്കിലാണ് വർധിച്ചത്. അവസാനമായി നടന്ന 2018 ലെ കടുവ സെൻസസ് പ്രകാരം ഇന്ത്യയിലെ കടുവകളുടെ എണ്ണം 2,967 ആണ്. പുതിയ കടുവ സെൻസസ് ഈ വർഷം പുറത്തുവിടും.

logo
The Fourth
www.thefourthnews.in