രാജ്യത്ത് 4,435 പുതിയ കോവിഡ് കേസുകള്‍; 163 ദിവസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്ക്
രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍ വര്‍ധന. 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 4,435 പുതിയ കേസുകള്‍. 163 ദിവസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. ഇതോടെ രാജ്യത്ത് സജീവ കോവിഡ് കേസുകളുടെ എണ്ണം 23,091 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 25 നാണ് ഇതിനു മുൻപ് ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗനിരക്ക് റിപ്പോർട്ട് ചെയ്തത്. അന്ന് 4,777 ആയിരുന്നു രോഗികളുടെ എണ്ണം.
രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 4.47 കോടിയായി ഉയര്‍ന്നു. പുതിയ 15 എണ്ണം രാജ്യത്തെ ആകെ കോവിഡ് മരണം 5,30,916 ആയി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ നാല് കോവിഡ് മരണമാണ് ഏറ്റവും ഒടുവിൽ റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ നാലും ഛത്തീസ്ഗഡ്, ഡല്‍ഹി, ഗുജറാത്ത്, ഹരിയാന, കര്‍ണാടക, പുതുച്ചേരി, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ഓരോ മരണവും റിപ്പോര്‍ട്ട് ചെയ്തു.
ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരം ദേശീയ കോവിഡ് രോഗമുക്തി നിരക്ക് 98.76 ശതമാനമാണ്. പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നവരുടെ നിരക്ക് 3.38 ശതമാനമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് 220.66 കോടി വാക്‌സിൻ ഡോസുകൾ നല്‍കിയിട്ടുണ്ട്.